കല്ലുമല കരിങ്കല്‍ ക്വാറി പൂട്ടണമെന്ന് ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം : വനഭൂമിക്ക് സമീപത്തെ കരിങ്കൽ ക്വാറി പൂട്ടണമെന്ന് സൗത് വയനാട് ഡി.എഫ്.ഒയുടെ റിപ്പോ൪ട്ട്. മേപ്പാടി റെയിഞ്ചിലെ കല്ലുമലഭാഗത്ത് പ്രവ൪ത്തിക്കുന്ന ക്വാറിക്കെതിരെയാണ് റിപ്പോ൪ട്ട് നൽകിയത്. സമീപത്തുള്ള ആദിവാസി ഗോത്ര ജനവിഭാഗങ്ങളുടെ ജീവിതത്തിനും വനത്തിനും വന്യജീവികൾക്കും നീരുറവകൾക്കും പരിസ്ഥിതിക്കും  അത്യന്തം ഭീഷണിയാണ് ക്വാറിയെന്ന് റിപ്പോ൪ട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും കോടതി നി൪ദേശങ്ങളും അട്ടിമറിച്ചാണ് ക്വാറി പ്രവ൪ത്തിക്കുന്നത്.

1967 ലെ മൈൻ മിനറൽ കൺസഷൻ റൂൾ, 1999ലെ ഗ്രാനൈറ്റ് കൺസ൪വേഷൻ ആൻഡ് ഡെവലപ്മെൻറ് റൂൾ എന്നിവയനുസരിച്ച് പ്രകൃതിദത്ത സ്രോതസ്സുകൾക്കോ ഭൂപ്രകൃതിക്കോ ജൈവസമ്പത്തുകൾക്കോ വനത്തിനോ കോട്ടം തട്ടാത്തവിധത്തിലായിരിക്കണം ഖനനം നടത്തേണ്ടത്. അതുപോലെ പാറമടയുടെ ആഴം പരമാവധി 20 അടിയാണ്. എന്നാൽ, കല്ലുമലയിലെ ക്വാറിയുടെ ആഴം 75 മീറ്ററാണ്. മലിനീകരണ നിയന്ത്രണ ബോ൪ഡ് പ്രവ൪ത്തനാനുമതി നൽകുമ്പോൾ ക്വാറിയുടെ സമീപപ്രദേശത്ത് വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് ഗ്രീൻ ബെൽറ്റ് സൃഷ്ടിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.എന്നാൽ മരങ്ങൾ വ്യാപകമായി പിഴുത്മാറ്റി ക്വാറി പ്രവ൪ത്തനം വ്യാപിപ്പിക്കുകയാണ് ചെയ്തത്. നിലവിൽ നാലഞ്ച് സ്ഥലത്തായി പാറപൊട്ടിക്കുന്നതും നിയമവിരുദ്ധമാണ്. 1993ൽ വനത്തിനുള്ളിലേക്ക് കയറി കരിങ്കൽ ഖനനം നടത്തിയതിന് കേസെടുക്കുകയും ക്വാറിപ്രവ൪ത്തനം നി൪ത്തിവെപ്പിച്ചതുമാണെന്ന് റിപ്പോ൪ട്ടിൽ സൂചിപ്പിച്ചു.  വനഭൂമി എങ്ങനെയാണ് ക്വാറി ഉടമക്ക് സ്വന്തമാക്കാൻ കഴിഞ്ഞതെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ഇതിനോട് ചേ൪ന്നുകിടക്കുന്ന വി.എഫ്.സി 20ൽ വരുന്ന കല്ലുമല വനഭാഗവും വി.എഫ്.സി 71ൽ പെടുന്ന തൃകൈപ്പറ്റ്-മണിക്കുന്നുമല ഭാഗവും ഏറെ പരിസ്ഥിതി പ്രാധാന്യമുള്ളതാണ്. കൽപ്പറ്റ നഗരത്തിൽ വെള്ളത്തിന് പൂ൪ണമായി ആശ്രയിക്കുന്നത് ഇതിനോട് ചേ൪ന്ന മണിക്കുന്ന് - നാലുകെട്ടുംചോല കുടിവെള്ള പദ്ധതിയെയാണ്. വേങ്ങച്ചോല ഭാഗത്ത് ആദിവാസികളടക്കമുള്ളവ൪ക്ക് കുടിവെള്ള സ്രോതസ്സായ വേങ്ങച്ചോല കുടിവെള്ള പദ്ധതിയും ഈ മലനിരകളിലാണ്. കാരപ്പുഴ ഡാമിൻെറ വൃഷ്ടിപ്രദേശമാണ് ഈ വനഭൂമി. ക്വാറിയിലെ നിരന്തര സ്ഫോടനങ്ങൾ ജലവിതാനത്തിൻെറ അളവ് ഗണ്യമായി കുറച്ചിരിക്കുന്നു. സ്വാഭാവിക ജലഉറവിടങ്ങളും അരുവികളും വറ്റിയിട്ടുണ്ട്.

നിലവിലുള്ള നിയമങ്ങളെല്ലാം അട്ടിമറിച്ച് കോടതി നി൪ദേശങ്ങൾക്ക്  വിരുദ്ധമായി അശാസ്ത്രീയ കരിങ്കൽ ഖനനമാണ് ഇവിടെ നടത്തുന്നതെന്ന് റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.