മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി

കുമളി: മുല്ലപ്പെരിയാ൪ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. പുല൪ച്ചെ രണ്ടു മണിയോടെയാണ് ജലനിരപ്പ് 142 അടിയിലേക്ക് ഉയ൪ന്നത്. അടുത്ത 24 മണിക്കൂ൪ ജലനിരപ്പ് നിലനി൪ത്താനാണ് തമിഴ്നാട് ഉദ്യോഗസ്ഥരുടെ നീക്കം. എന്നാൽ, മാത്രമെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമുള്ള ജലനിരപ്പിലേക്ക് മുല്ലപ്പെരിയാ൪ അണക്കെട്ട് എത്തിയതായി തമിഴ്നാടിന് അവകാശപ്പെടാൻ സാധിക്കൂ.

അതേസമയം, ജാഗ്രതാ നി൪ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ൪ക്കാ൪ കേരളത്തിന് കത്ത് നൽകി. അണക്കെട്ടിന് സമീപത്തെ ജനങ്ങൾ ജാഗ്രത പുല൪ത്തണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടിരിക്കുന്നത്.

അണക്കെട്ടിൻറെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. അണക്കെട്ടിൽ നിന്ന് രാവിലെ സെക്കൻഡിൽ 1400 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോയിരുന്നത്. ഇത് ഒമ്പതുമണിയോടെ 1916 ഘനയടിയായി ഉയ൪ത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ സെക്കൻഡിൽ 147 ഘനയടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുകിയിരുന്നത്. എന്നാൽ, ഉച്ചയോടെ ജലമെടുക്കുന്നത് തമിഴ്നാട് പൂ൪ണമായി നി൪ത്തുകയായിരുന്നു.  

ജലനിരപ്പ് 142 അടിയിൽ എത്തിയാൽ സ്പിൽവേയിലൂടെ അധിക ജലം പെരിയാ൪ നദിയിലേക്ക് ഒഴുകുവാൻ തുടങ്ങും. 24 മണിക്കൂ൪ ജലനിരപ്പ് നിലനി൪ത്തിയ ശേഷം ജലം വൈഗ ഡാമിലേക്ക് തുറന്നുവിട്ട് ജലനിരപ്പ് കുറക്കാനാണ് തമിഴ്നാടിൻറെ തീരുമാനം. ഏതുവിധേനയും സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള 142 അടിയിലേക്ക് ജലനിരപ്പ് എത്തിക്കുന്നതിനുള്ള നീക്കമാണ് കുറച്ചു ദിവസമായി തമിഴ്നാട് ഉദ്യോഗസ്ഥ൪ നടത്തിവന്നിരുന്നത്.

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ജലനിരപ്പ് 142ലേക്ക് ഉയരുന്നത്. 1992 നവംബ൪ 15ന് അണക്കെട്ടിലെ ജലനിരപ്പ് 141.80 അടിയായി ഉയ൪ന്നിരുന്നു. 136 അടിയായിരുന്നു ആ ഘട്ടത്തിൽ അണക്കെട്ടിൽ നിശ്ചയിച്ചിരുന്ന ജലനിരപ്പ്. ഇതേതുട൪ന്ന് അധികമായെത്തിയ ജലം സ്പിൽവേയിലെ 13 ഷട്ടറുകൾ വഴി ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുക്കി. 6393.19 ദശലക്ഷം ഘനയടി ജലമാണ് 1992ൽ മുല്ലപ്പെരിയാറിൽ നിന്ന് കേരളത്തിന് ലഭിച്ചത്.

എന്നാൽ, ഇപ്രാവശ്യം അധികമായെത്തുന്ന ജലം മുഴുവൻ തമിഴ്നാട്ടിലേക്കാണ് ഒഴുകുക. ജലനിരപ്പ് 142 അടിയിലേക്ക് എത്തിയാൽ കൂടുതലായി വരുന്ന ജലം മാത്രം തമിഴ്നാട്ടിലേക്ക് തുറന്നുവിടാനാണ് തമിഴ്നാട് സ൪ക്കാ൪ നൽകിയ നി൪ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.