മനോജ് വധം: ക്രൈംബ്രാഞ്ച് കൈമാറിയത് 2000 പേജ് റിപ്പോര്‍ട്ട്

കണ്ണൂ൪: കതിരൂരിൽ ആ൪.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട  കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐക്ക്  കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് കൈമാറിയത് രണ്ടായിരത്തോളം പേജ് വരുന്ന വിശദമായ റിപ്പോ൪ട്ട്. ഇതിനകം അറസ്റ്റിലായ ഏഴു പ്രതികളുടെ മൊഴികൾ, സംഭവത്തിൽ പരിക്കേറ്റ കൊഴുപ്രത്ത് പ്രമോദ് ഉൾപ്പെടെ സാക്ഷികൾ നൽകിയ വിവരങ്ങൾ, തിരിച്ചറിഞ്ഞ പ്രതികളുടെ വിവരങ്ങൾ, ഇതുവരെയുള്ള അന്വേഷണ പുരോഗതി, തെളിവിനാധാരമായ വിവരങ്ങൾ, വാഹനങ്ങളടക്കം തൊണ്ടി സാധനങ്ങളുടെ  ചിത്രങ്ങൾ,  വസ്തുതാ റിപ്പോ൪ട്ട്, ഫോറൻസിക് റിപ്പോ൪ട്ട്  എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. ഈ റിപ്പോ൪ട്ട് സി.ബി.ഐ വിലയിരുത്തിവരുകയാണ്.  കേസിലെ മുഖ്യപ്രതി വിക്രമൻ അടക്കമുള്ളവരെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
കൊല നടന്ന സ്ഥലം സി.ബി.ഐ സംഘം ഇന്നലെ സന്ദ൪ശിച്ചു. ഡിവൈ.എസ്.പി ഹരിഓം പ്രകാശ്, ഇൻസ്പെക്ട൪മാരായ  സലീം സാഹേബ്, അനിൽ ജോയി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തലശ്ശേരിയിൽ എൻ.ഡി.എഫ് പ്രവ൪ത്തകൻ ഫസൽ കൊല്ലപ്പെട്ട കേസ് അന്വേഷിച്ച സി.ബി.ഐ സംഘത്തിൽ  സലീം സാഹേബ് ഉണ്ടായിരുന്നു. സി.ബി.ഐക്കുവേണ്ടി തലശ്ശേരി റസ്റ്റ് ഹൗസിൽ സംസ്ഥാന സ൪ക്കാ൪ രണ്ട് മുറികൾ അനുവദിച്ചിട്ടുണ്ട്.  ഇതിനിടെ, സി.ബി.ഐ ഉദ്യോഗസ്ഥ൪ ജില്ലാ പൊലീസ് ചീഫ് പി.എൻ. ഉണ്ണിരാജയുമായി ച൪ച്ച നടത്തി. ലോക്കൽ പൊലീസ് സി.ബി.ഐക്ക് ആവശ്യമായ സഹായം നൽകും. എറണാകുളം സി.ബി.ഐ  കോടതിയിലേക്ക് കേസിൻെറ ഫയലുകൾ മാറ്റുന്നതോടെ പ്രതികളുടെ റിമാൻഡ് നീട്ടുന്നത് അടക്കമുള്ള നടപടികൾ അവിടെയാണ് നടക്കുക.    സെപ്റ്റംബ൪ ഒന്നിനാണ് ഓമ്നി വാൻ ഓടിച്ചുവരവേ മനോജിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.