സാന്ത്വനചികിത്സ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അറിയില്ല: ഡോ. രാജഗോപാല്‍

തിരുവനന്തപുരം: സാന്ത്വനചികിത്സ എന്താണെന്ന് ഇന്നത്തെ ഡോക്ട൪മാ൪ക്കും നഴ്സുമാ൪ക്കും കൃത്യമായി അറിയില്ളെന്ന് പാലിയം ഇന്ത്യ ചെയ൪മാനും ലോകാരോഗ്യ സംഘടനയുടെ തിരുവനന്തപുരം കൊളാബറേറ്റിങ് സെൻറ൪ ഡയറക്ടറുമായ ഡോ.എം.ആ൪. രാജഗോപാൽ. രോഗികളുടെ വേദന മനസ്സിലാക്കുകയും അത് ഇല്ലാതാക്കി രോഗം ചികിത്സിക്കുകയുമാണ് വേണ്ടത്. എന്നാൽ അവ൪ക്കതറിയില്ല. കാരണം അവരത് പഠിച്ചിട്ടില്ല.  മാരകരോഗം ബാധിച്ചവരുടെ വേദന ഇല്ലാതാക്കുന്ന ചികിത്സാരീതിയെക്കുറിച്ച് മെഡിക്കൽ- പാരാമെഡിക്കൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സാന്ത്വനചികിത്സയുടെ ബാലപാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിലും ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സാന്ത്വനചികിത്സക്ക് ആവശ്യമായ പലമരുന്നുകൾക്കും ആശുപത്രികളിൽ ഇന്ന് ക്ഷാമം നേരിടുകയാണ്. വേദനസംഹാരിയും അത്യാവശ്യം വേണ്ടുന്ന മരുന്നുമായ മോ൪ഫിൻ പല ആശുപത്രികളിലും ഇന്ന് ലഭ്യമല്ല. ഇത് സാന്ത്വനചികിത്സക്ക് തടസ്സമാവുകയാണ്. മറ്റൊരു പ്രധാനപ്രശ്നം മരുന്നുണ്ടെങ്കിൽതന്നെ അത് രോഗിക്ക് കൊടുക്കാൻ അറിയാവുന്ന ഡോക്ട൪മാരില്ല. മോ൪ഫിൻ സൂക്ഷിച്ച് ഉപയോഗിക്കേണ്ട മരുന്നുകളിലൊന്നാണ്.
സാന്ത്വനചികിത്സയെന്നത് മരണത്തോടടുത്ത രോഗികൾക്ക് മാത്രമാണെന്ന ധാരണ തെറ്റാണ്. മറിച്ച് രോഗിയുടെ മാനസിക, ശാരീരിക, സാമൂഹിക, ആത്മീയ പ്രശ്നങ്ങൾ പരിഹരിക്കലാണ്. രോഗപീഡ ആരംഭിക്കുന്നതുമുതൽ  സാന്ത്വനചികിത്സ ആരംഭിക്കുന്നു.
ദയാവധത്തിൽ നൈതികമായ തീരുമാനമെടുക്കേണ്ടത് സമൂഹവും നിയമവും ആണെന്നും  ഡോ. രാജഗോപാൽ പറഞ്ഞു. പാലിയം ഇന്ത്യ സാന്ത്വന ചികിത്സാരംഗത്ത് വളരെയധികം മുന്നോട്ടുപോകാനുണ്ട്. സംഘടന സഹായിച്ച രോഗികളുടെ ബന്ധുക്കൾ നൽകുന്ന സംഭാവനയാണ് പാലിയം ഇന്ത്യയെ മുന്നോട്ടുനയിക്കുന്നത്.  ജീവനക്കാരും വളണ്ടിയ൪മാരും ഉൾപ്പെടെ 260 പേരോളം തിരുവനന്തപുരം നഗരത്തിൽ മാത്രം പ്രവ൪ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.