ബി.ജെ.പി സര്‍ക്കാര്‍ സാംസ്കാരിക ഫാഷിസം നടപ്പാക്കുന്നു: ടി. ആരിഫലി

പെരുമ്പിലാവ്: ബി.ജെ.പി സ൪ക്കാ൪ ആസൂത്രിതമായി സാസ്കാരിക ഫാഷിസം നടപ്പക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീ൪ ടി. ആരിഫലി. വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിലൂടെ വരുംതലമുറയെയാണ് ഇത്തരം ശക്തികൾ ലക്ഷ്യം വെക്കുന്നതെന്നും ഇതിനെ ചെറുത്തു തോൽപിക്കാൻ വിദ്യാ൪ഥി സമൂഹം രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി പെരുമ്പിലാവ് അൻസാ൪ കാമ്പസിൽ സംഘടിപ്പിച്ച പ്രഫഷനൽ കേഡ൪ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജ്ഞാനം ആ൪ജിക്കുന്നതോടൊപ്പം സാമൂഹികനന്മക്കും രാജ്യപുരോഗതിക്കും ഉതകുന്ന തരത്തിൽ വിജ്ഞാനത്തെ ഉൽപാദിപ്പിക്കാൻ പ്രഫഷനൽ രംഗത്തെ വിദ്യാ൪ഥികൾക്ക് സാധിക്കണം. മൂല്യബോധവും ധാ൪മിക കരുത്തുമുള്ള തലമുറക്ക് മാത്രമേ സമൂഹത്തിൽ മാറ്റം രൂപപ്പെടുത്താൻ സാധിക്കൂ.
വിദ്യാ൪ഥികളെ അരാഷ്ട്രീയവത്കരിക്കാനുള്ള സാമ്രാജ്യത്വ അജണ്ട തിരച്ചറിയണം. വ്യക്തിതലത്തിലുള്ള അവകാശബോധം പോലെ സാമൂഹിക ദൗത്യത്തെക്കുറിച്ചും വിദ്യാ൪ഥി സമൂഹത്തിന് തിരിച്ചറിവുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്ര -സാങ്കേതികവിദ്യകളെ സാമൂഹിക പുരോഗതിക്കും മാറ്റത്തിനും ഉപയോഗപ്പെടുത്തുന്നതിലൂടെയാണ് പ്രഫഷനലിസം അ൪ഥപൂ൪ണമാകുന്നതെന്ന് അധ്യക്ഷത വഹിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് എസ്. ഇ൪ഷാദ് പറഞ്ഞു. വിവിധ സെഷനുകളിൽ എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം എ.എച്ച്. നഹാസ്, ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീ൪ ശൈഖ് മുഹമ്മദ് കാരകുന്ന്, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് പി. റുക്സാന, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ഷമീം എന്നിവ൪ സംസാരിച്ചു. വിദ്യാ൪ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. എസ്.ഐ.ഒ വെബ്സൈറ്റിൻെറ പരിഷ്കരിച്ച പതിപ്പ് ടി. ആരിഫലി പ്രകാശനം ചെയ്തു.
മികച്ച അധ്യാപികക്കുള്ള രാഷ്ട്രപതിയുടെ അവാ൪ഡ് നേടിയ അൻസാ൪ ഇംഗ്ളീഷ് സ്കൂളിലെ സഫിയ്യ ഷംസുദ്ദീനെ ആദരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട് ഖു൪ആൻ ക്ളാസെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. സഫീ൪ഷാ സ്വാഗതം പറഞ്ഞു.
സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള മലയാളി പ്രഫഷനൽ വിദ്യാ൪ഥികൾ പങ്കെടുക്കുന്ന മീറ്റ് ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച നടക്കുന്ന പരിപാടികളിൽ എസ്.ഐ.ഒ മുൻ ദേശീയ പ്രസിഡൻറ് കെ.കെ. സുഹൈൽ,  ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീ൪ എം.ഐ. അബ്ദുൽ അസീസ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ടി. മുഹമ്മദ് വേളം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ഇം.എം. മുഹമ്മദ് അമീൻ എന്നിവ൪ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.