അഞ്ച് ജില്ലകളില്‍ ഭൂമി ഏറ്റെടുത്തെന്ന ‘ഗെയ്ല്‍’ വാദം പൊള്ള

തൃശൂ൪: കൊച്ചി -മംഗലാപുരം -ബംഗളൂരു പ്രകൃതിവാതക പൈപ് ലൈൻ പദ്ധതിക്ക് കേരളത്തിൽ അഞ്ച് ജില്ലകളിൽ ഭൂമി ഏറ്റെടുത്തെന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) അവകാശവാദം പൊള്ള. ഏഴ് ജില്ലകളിൽ 70 കിലോമീറ്ററിൽ താഴെ ഭൂമി മാത്രമാണ് 2010ത്തിൽ ആരംഭിച്ച പദ്ധതിക്ക് ലഭിച്ചത്. എറണാകുളത്ത് എൽ ആൻഡ് ജി ടെ൪മിനലിനുമായി ബന്ധപ്പെട്ട് ലഭിച്ച 45 കിലോമീറ്ററും ബാക്കി വിവിധ ജില്ലകളിൽ ലഭിച്ച കുറച്ച് സ്ഥലവും അടക്കമാണിത്. നഷ്ടപരിഹാരമായി ന്യായവിലയുടെ 50 ശതമാനം നൽകി ‘ഗെയ്ൽ’ നിയോഗിച്ച  പ്രത്യേക ക൪മസേന ഭൂമി ഏറ്റെടുത്തതായാണ് പുതിയ അവകാശവാദം. എന്നാൽ, 1962ലെ പെട്രോളിയം ആൻഡ് മിനറൽസ് പൈപ് ലൈൻ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാൻ 10 ശതമാനത്തിലധികം തുക നൽകാൻ നിയമം അനുശാസിക്കുന്നില്ല. മാത്രമല്ല ക൪മസേനക്ക് ഭൂമി ഏറ്റെടുക്കാനും നിയമപരമായി അവകാശമില്ല. ഇത്തരം കാര്യങ്ങൾ നിലനിൽക്കെ ജനത്തെ കബളിപ്പിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം ശക്തമായി പ്രതിരോധിക്കുമെന്ന് ഗ്യാസ്പൈപ് ലൈൻ വിക്റ്റിംസ് ഫോറം സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു.
പദ്ധതിക്ക് 3,340 എക്ക൪ അഥവാ 550 കിലോമീറ്റ൪ സ്ഥലമാണ് ലഭിക്കേണ്ടത്. നാലുവ൪ഷമായി പദ്ധതി കടലാസിൽ ഒതുങ്ങുന്നതിനാൽ പ്രതിവ൪ഷം പലിശയിനത്തിൽ 700 കോടിയുടെ നഷ്ടമാണുള്ളത്. പദ്ധതി കടന്നുപോകുന്ന ജില്ലകളിലെ കലക്ട൪മാരെയും രാഷ്ട്രീയപാ൪ട്ടി നേതാക്കളെയും കൈപ്പിടിയിലാക്കി ജനത്തെ വരുതിയിലാക്കാനാണ് ‘ഗെയ്ൽ’ ശ്രമിക്കുന്നത്. സുതാര്യമായ പ്രവ൪ത്തനങ്ങൾക്ക് പകരം ഭരണ -ഉദ്യോഗസ്ഥ വ൪ഗത്തെ കൂട്ടുപിടിച്ച് ഭൂമി വിട്ടുകിട്ടുന്നതിനാണ് ക൪മസേന ശ്രമിക്കുന്നത്. കേരളത്തിലെ സാഹചര്യത്തിൽ വിപണിവില ഒഴിവാക്കി ന്യായവിലയുടെ പത്ത് ശതമാനത്തിന് ഭൂമി വിട്ടുകിട്ടുകൊടുക്കാൻ ജനവും തയാറല്ല. അഡീഷനൽ ചീഫ് സെക്രട്ടറി വി.ജെ. കുര്യൻ അടക്കം ഉന്നത ഉദ്യോഗസ്ഥ൪ വിപണിവിലയുടെ 50 ശതമാനം നൽകണമെന്നാവശ്യപ്പെട്ടിട്ടും ‘ഗെയ്ൽ’ ഇത് നിരാകരിച്ചിരുന്നു. ഇപ്പോൾ പ്രത്യേക ക൪മസേനയുമായി രംഗത്തുവന്ന് ന്യായവിലയുടെ 50 ശതമാനം നൽകുമെന്നാണ് പറയുന്നത്.
1962ലെ നിയമത്തിന് പുറത്ത് ഏത് ഫണ്ടിൽ നിന്ന് തുക നൽകുമെന്ന് ഇതുവരെ ക൪മസേന വ്യക്തമാക്കിയിട്ടുമില്ല. 10 സെൻറിൽ താഴെ സ്ഥലമുള്ളവ൪ക്ക് മറ്റൊരു സ്ഥലവും വീടിന് മാന്യമായ വിലയും നൽകാമെന്നും സേന വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇതിന് എവിടെനിന്ന് പണം ലഭിക്കുമെന്ന കാര്യവും പറയുന്നില്ല.  
എറണാകുളം, പാലക്കാട്, തൃശൂ൪, കണ്ണൂ൪, കാസ൪കോട് ജില്ലകളിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ച൪ച്ച അനുകൂലമായതാണ് അഞ്ച് ജില്ലകളിൽ സ്ഥലം വിട്ടുകിട്ടിയെന്ന അവകാശവാദത്തിന് പിന്നിൽ. കണ്ണൂ൪, തൃശൂ൪, കാഞ്ഞങ്ങാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ‘ഗെയ്ലി’ൻെറ പൂട്ടിയ ഓഫിസുകൾ പോലും തുറന്നിട്ടില്ല. പൈപ് വിന്യസിക്കുന്നതിനായുള്ള കമ്പനിയുടെ കരാ൪ കാലാവധിയും കഴിഞ്ഞിരിക്കുകയാണ്. പുതിയ കരാ൪ സംബന്ധിച്ച കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിലും പൂ൪ത്തിയായിട്ടുമില്ല. ‘ഗെയ്ലി’ൻെറ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് സമരം നടത്തുമെന്ന് വിക്റ്റിംസ് ഫോറം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.