ചൊവ്വാദൗത്യവിജയം ആഘോഷിക്കാന്‍ തലസ്ഥാനം ഒരുങ്ങുന്നു

തിരുവനന്തപുരം: ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാവാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ മംഗള്‍യാന്‍ ആദ്യമായി പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതുള്‍പ്പെടെ 24ന് തലസ്ഥാനത്ത് വിപുലമായ ആഘോഷപരിപാടികള്‍ക്ക് തയാറെടുപ്പ് തുടങ്ങി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ വിജ്ഞാന്‍പ്രസാര്‍, ശാസ്ത്ര വ്യാവസായിക ഗവേഷക കൗണ്‍സിലിന്‍െറയും രാജ്യസഭാ ടി.വി യുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദക്ഷിണേന്ത്യയില്‍ തിരുവനന്തപുരത്തെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലാണ് പരിപാടികള്‍. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവേശപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് വിവിധ ഗോളാന്തര പര്യവേക്ഷണങ്ങളെയും എയ്റോസ്പേസ് രംഗത്തെ നൂതന സംവിധാനങ്ങളെയും പരിചയപ്പെടുത്തുന്ന സെമിനാര്‍ സംഘടിപ്പിക്കും. ഐ.എസ്.ആര്‍.ഒയില്‍ നിന്നുള്ള വിദഗ്ധര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കും. വിദഗ്ധരെ എജുസാറ്റിന്‍െറ സഹായത്തോടെ വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകളുമുണ്ടാവും. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരിയും സംഘടിപ്പിക്കുന്നുണ്ട്. ഭൂമിയുടെ ഭ്രമണപഥം പിന്നിട്ട് ഇപ്പോള്‍ സൂര്യനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന മംഗള്‍യാന്‍ 24ന് രാവിലെ 7.30 ഓടെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. പിന്നെയും ഒരു വര്‍ഷത്തോളം സമയമെടുത്തായിരിക്കും ചൊവ്വയുമായി ഏറ്റവും അടുത്ത മറ്റൊരു ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കുക. 23ന് രാവിലെ മുതല്‍ രാജ്യത്തെ ആറു കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇത് രാജ്യസഭാ ടി.വി യില്‍ സംപ്രേഷണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.