ചേ൪ത്തല: സോളാ൪ കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമീഷന് നൽകേണ്ട മറുപടികൾക്കും തെളിവുകൾക്കും സാവകാശം തേടി കമീഷനെ സമീപിക്കാൻ സോളാ൪ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് ചേ൪ത്തല ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) അനുമതി നൽകി. സോളാ൪ ഇടപാട് സംബന്ധിച്ച ചെക്കുകേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരായതായിരുന്നു ബിജു. ജുഡീഷ്യൽ കമീഷൻ നി൪ദേശിച്ച ചോദ്യങ്ങൾക്ക് ജൂണിന് മുമ്പ് മറുപടി നൽകണമെന്ന് കമീഷൻ ബിജു രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആറുദിവസം സുഖമില്ലാതെ ചികിത്സയിലായിരുന്നതിനാലും മറ്റ് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ കോടതികളിൽ ഹാജരാകേണ്ടി വന്നതിനാലും നിശ്ചിത സമയത്ത് മറുപടി നൽകാൻ കഴിയാതെവന്നിരിക്കുകയാണെന്ന് ബിജു കോടതിയെ അറിയിച്ചു. അതിനാൽ കമീഷന് മുന്നിൽ ഹാജരാകുന്നതിന് സാവകാശം നൽകണമെന്ന അപേക്ഷ സമ൪പ്പിക്കുന്നതായും ബിജു കോടതിയോട് പറഞ്ഞു.
ജൂൺ ഒമ്പതിന് ഹാജരാകാൻ ഉത്തരവ് നൽകണമെന്നും അതുസംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് കമീഷൻ നി൪ദേശം നൽകണമെന്നുമാണ് അപേക്ഷയിൽ പറയുന്നത്. അപേക്ഷ പരിഗണിച്ച കോടതി ജുഡീഷ്യൽ കമീഷന് അപേക്ഷ എത്തിക്കാൻ ബിജുവിൻെറ അഭിഭാഷകനെ ചുമതലപ്പെടുത്തി. കേസിലെ രാഷ്ട്രീയ ഇടപെടലുകളും പ്രമുഖരുടെ പങ്കും സംബന്ധിച്ച കാര്യങ്ങൾ ചോദ്യാവലിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് സരിത നൽകിയ വെളിപ്പെടുത്തലുകളെകുറിച്ച് ബുധനാഴ്ച അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.