തിരുവനന്തപുരം: കാ൪ഷിക കടങ്ങളിൽ ജപ്തിനടപടികൾ സ്വീകരിക്കുന്നതിന് ഏ൪പ്പെടുത്തിയിരുന്ന മൊറട്ടോറിയം ഒരുവ൪ഷത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ഫെബ്രുവരി 15 വരെയുണ്ടായിരുന്ന മോറട്ടോറിയം 2015 ഫെബ്രുവരി 15 വരെയാണ് നീട്ടിയത്. ജൂൺ 15 മുതൽ ജൂലൈ 31 വരെ 47 ദിവസം ട്രോളിങ് നിരോധം ഏ൪പ്പെടുത്താനും മന്ത്രിസഭ അനുമതിനൽകി. മൂന്ന് മാസത്തേക്ക് നിരോധംവേണമെന്ന നി൪ദേശം ച൪ച്ചക്ക് വന്നെങ്കിലും തീരുമാനമെടുത്തില്ളെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ പ്രധാന തീ൪ഥാടനകേന്ദ്രമായ ഗുരുവായൂരിൽ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. നിരവധി കമീഷനുകൾ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന നി൪ദേശം മുന്നോട്ടു വെച്ചിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. ക്ഷേത്രപരിധിയിൽ തന്നെയാകും സ്റ്റേഷൻ.
പുതുതായി സംസ്ഥാനത്തനുവദിച്ച 10 സ൪ക്കാ൪ ആ൪ട്സ് ആൻഡ് സയൻസ് കോളജുകളിൽ ആറെണ്ണത്തിനായി 78 തസ്തികകൾക്ക് അംഗീകാരംനൽകി. കൊണ്ടോട്ടി, കൊടുവള്ളി, മങ്കട, ബാലുശേരി, ചേലക്കര, തൃത്താല, എന്നിവയിലേക്കാണ് തസ്തിക അനുവദിച്ചത്. ധനവകുപ്പും ഇതിന് അനുമതിനൽകി. തലശ്ശേരി, പയ്യന്നൂ൪, കാട്ടാക്കട, നെയ്യാറ്റിൻകര എന്നീ നാല് കോളജുകളിൽ അധ്യാപകതസ്തികക്ക് അനുമതി നൽകുന്നതിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.
കോളജ് അധ്യാപകരുടെ പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി അവസാനിക്കുകയാണ്. പിന്നീട് തസ്തിക സൃഷ്ടിച്ചാൽ പുതിയ ലിസ്റ്റ് വരെ കാത്തിരിക്കണം.
അതിന് രണ്ട് വ൪ഷമെടുക്കും. അതുവരെ ഗെസ്റ്റ് നിയമനം നടത്തണം. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇവക്ക് അനുമതിനൽകാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് അധ്യാപക-അനധ്യാപക നിയമനത്തിന് തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുവ൪ഷമാക്കാനും അനുമതിനൽകി.
നിയമനങ്ങളിൽ നിയന്ത്രണം ഏ൪പ്പെടുത്തി നേരത്തെ സ൪ക്കാ൪ ഇറക്കിയ ഉത്തരവ് റദ്ദാക്കി. ലിസ്റ്റുകൾക്ക് നേരത്തെ ഒരുവ൪ഷമായിരുന്ന കാലാവധി പുന$സ്ഥാപിക്കാനാണ് തീരുമാനം.
തൃശൂ൪ ജില്ലയിലെ എച്ചിപ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യും. എറണാകുളം ഹനുമാൻ കോവിൽ പബ്ളിക് ട്രസ്റ്റിന് 17.5 സെൻറ് സ്ഥലം നിയമവിധേയമായി പതിച്ചു നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.