കോഴിക്കോട്: മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ് പരീക്ഷ തുടങ്ങിയതോടെ വിദ്യാ൪ഥികളെ വലയിലാക്കാൻ മോഹനവാഗ്ദാനങ്ങളുമായി വിദ്യാഭ്യാസ മാഫിയകൾ രംഗത്തിറങ്ങി. സംസ്ഥാനത്തും അന്യസംസ്ഥാനങ്ങളിലും വിവിധ പ്രഫഷനൽ കോഴ്സുകളിൽ കുറഞ്ഞ നിരക്കിൽ സീറ്റുകൾ വാഗ്ദാനം ചെയ്താണ് കച്ചവടക്കണ്ണുമായി വിദ്യാഭ്യാസ ദല്ലാളുമാ൪ സജീവമായത്. ‘ആകാശത്തിനു കീഴെയുള്ള’ ഏതു കോഴ്സിലേക്കും സീറ്റ് തരപ്പെടുത്തുമെന്നറിയിച്ച് തിങ്കളാഴ്ച എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങളിൽ ബഹുവ൪ണ നോട്ടീസുകൾ വിതരണം ചെയ്തു. കോഴ്സുകളുടെ ഡിമാൻറ് അനുസരിച്ച് പതിനായിരം മുതൽ ലക്ഷം രൂപവരെയാണ് കോളജ് മാനേജ്മെൻറ് ദല്ലാളന്മാ൪ക്ക് നൽകിവരുന്ന കമീഷൻ. തീരെ നിലവാരമില്ലാത്ത കോളജുകളെപ്പോലും രാജ്യത്തെ ഒന്നാംകിട കോളജുകളായാണ് നോട്ടീസിൽ അവതരിപ്പിച്ചിരിക്കുന്നത്.
‘പ്ളസ്ടു കഴിഞ്ഞു- ഇനിയെന്ത്’ എന്നാണ് ഒരു നോട്ടീസിലെ ചോദ്യം. കേരളം, ക൪ണാടക, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ ഏതു പ്രഫഷനൽ കോഴ്സിനും ചേരാൻ ഇടനില സ്ഥാപനത്തിൻെറ ഫോൺനമ്പറും വിലാസവുമടങ്ങുന്ന വിസിറ്റിങ് കാ൪ഡുകൾ ഇന്നലെ എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങൾക്കു മുന്നിൽ വിതരണം ചെയ്തു. മംഗലാപുരം ആസ്ഥാനമായ സ്ഥാപനത്തിന് കേരളത്തിൽ ഉടനീളം ശാഖകളുണ്ടെന്ന് നോട്ടീസിൽ പറയുന്നു. എം.ബി.ബി.എസ് കോഴ്സിന് മൊത്തം 12 ലക്ഷം രൂപ മതിയെന്നും നോട്ടീസിലുണ്ട്.
എൻജിനീയറിങ്, മെഡിക്കൽ, ദന്തൽ, ആയു൪വേദ, ഹോമിയോ, ഫാ൪മസി, നഴ്സിങ് തുടങ്ങി എല്ലാത്തരം പ്രഫഷനൽ കോഴ്സുകളിലും പ്രവേശം വാഗ്ദാനം ചെയ്യുന്നതാണ് കോഴിക്കോട് മാവൂ൪ റോഡിലെ ഒരു സ്ഥാപനമിറക്കിയ ബ്രോഷ൪. നൂറു ശതമാനം ഉന്നത വിജയവും നൂറു ശതമാനം പ്ളേസ്മെൻറുമുള്ള കോളജുകളിൽ മാത്രം അഡ്മിഷൻ ലഭ്യമാക്കുന്നുവെന്നാണ് ഇവരുടെ വാഗ്ദാനം. വിവിധ യൂനിവേഴ്സിറ്റികൾക്കു കീഴിൽ വിജയശതമാനം ഏറ്റവും കുറഞ്ഞ കോളജുകൾ പോലും നൂറു ശതമാനം വിജയമാണ് നോട്ടീസിൽ അവകാശപ്പെടുന്നത്. നിലവിൽ വിദ്യാ൪ഥികൾ കുറവുള്ള സ്വാശ്രയ എൻജിനീയറിങ് കോളജുകൾ അവരുടെ നോട്ടീസിൽ നൽകിയ വിവരങ്ങൾ വായിച്ചാൽ ആരും ഞെട്ടും. ഗുണനിലവാരക്കുറവുമൂലം ഇതുവരെ മുഴുവൻ സീറ്റിലും പ്രവേശം നൽകാൻ കഴിയാത്തവയാണ് ഈ സ്ഥാപനങ്ങൾ.
മംഗലാപുരം, മൂഡബിദ്രി, ബംഗുളുരു, ബെൽഗാം, ഹാസൻ, മൈസൂ൪, സേലം, പോണ്ടിച്ചേരി, ചെന്നൈ, കോയമ്പത്തൂ൪, തിരുച്ചിറപ്പള്ളി, കന്യാകുമാരി തുടങ്ങിയ അയൽ സംസ്ഥാന പ്രദേശങ്ങളിൽ ഗുണനിലവാരമില്ലാത്ത നൂറുകണക്കിന് സ്വാശ്രയ കോളജുകൾ നിലവിലുണ്ട്. ബ്രോഷ൪ നോക്കി ഇവിടെ മുൻവ൪ഷങ്ങളിൽ അഡ്മിഷൻ തരപ്പെടുത്തിയ നിരവധി വിദ്യാ൪ഥികൾ കോഴ്സ് പൂ൪ത്തിയാക്കാനാവാതെ കുടുങ്ങിക്കിടക്കയാണ്. ‘വൈ ഫൈ’ എന്നവകാശപ്പെടുന്ന അയൽ സംസ്ഥാനങ്ങളിലെ മിക്ക കോളജുകളിലും മികച്ച അധ്യാപകരില്ളെന്നതാണ് വിദ്യാ൪ഥികൾ കുഴപ്പത്തിലാവാൻ കാരണം. ഡിഗ്രി കഴിഞ്ഞിറങ്ങുന്നവരെയാണ് കുറഞ്ഞ ശമ്പളം നൽകി ഇവിടെ അധ്യാപകരായി നിയമിക്കുക. ഇത്തരം അധ്യാപകരുടെ വിവരങ്ങൾ യൂനിവേഴ്സിറ്റി രേഖകളിൽ ഉണ്ടാവില്ല.
പ്രഫഷനൽ കോളജുകൾ തെരഞ്ഞെടുക്കുംമുമ്പ് ബന്ധപ്പെട്ട യൂനിവേഴ്സിറ്റികളുടെ സൈറ്റ് പരിശോധിച്ച് പഠനനിലവാരം ഉറപ്പാക്കിയാൽ ചതിക്കുഴിയിൽ പെടാതിരിക്കാമെന്ന് ഈ രംഗത്തെ വിദഗ്ധ൪ പറയുന്നു. കമീഷൻ മോഹികളായ വിദ്യാഭ്യാസ ദല്ലാളുമാരെ ഒഴിവാക്കി, വിശദമായ അന്വേഷണം നടത്തിയതിനുശേഷം നേരിട്ട് കോളജുകളിൽ പോയി അഡ്മിഷൻ നേടുകയാണ് ചതി ഒഴിവാക്കുന്നതിനുള്ള ഏക പോംവഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.