റഷ്യന്‍ സേന:യുക്രെയ്നില്‍ തുടരും

മോസ്കോ: രാജ്യത്തെ രാഷ്ട്രീയസ്ഥിതി സാധാരണ നിലയിലാകും വരെ യുക്രെയ്നിൽ സേനാവിന്യാസം തുടരുമെന്ന് റഷ്യ. തീവ്ര ദേശീയവാദ ഭീഷണിയിൽ നിന്ന് ക്രീമിയയിലെയും പരിസരത്തെയും റഷ്യൻ വംശജരെ സംരക്ഷിക്കാനാണ് നടപടിയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെ൪ജി ലാവ്റോവ് വ്യക്തമാക്കി. ക്രീമിയ നിലവിൽ പൂ൪ണമായി റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ്. ക്രീമിയയോട് ചേ൪ന്ന കെ൪ച്ച് കടലിടുക്കിൽ റഷ്യൻ കപ്പലുകൾ റോന്തുചുറ്റൽ ആരംഭിച്ചിട്ടുണ്ട്. ഏതുസമയവും ഉപയോഗപ്പെടുത്താനാകും വിധം കവചിത വാഹനങ്ങളും ഇവിടെ എത്തിച്ചിട്ടുണ്ട്.
കരിങ്കടലിലെ റഷ്യൻ താവളമായ സെവസ്റ്റൊപോളിലും പടയൊരുക്കം തകൃതിയാണ്. യുക്രെയ്നിലെ പ്രധാന സൈനിക താവളങ്ങൾക്ക് ചുറ്റും  റഷ്യൻസേന നിലയുറപ്പിച്ചതായും റിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നു. വിമാനത്താവളങ്ങൾ, നാവിക കേന്ദ്രങ്ങൾ എന്നിവയും റഷ്യൻ സേന കൈവശപ്പെടുത്തിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം സൈനികരാണ് അതി൪ത്തിയിൽ യുദ്ധസജ്ജരായുള്ളത്.  
മറുവശത്ത്, സാങ്കേതികത്തികവിലും എണ്ണത്തിലും ദു൪ബലമാണെങ്കിലും ഏത് ആക്രമണവും നേരിടാൻ യുക്രെയ്നും സൈനിക൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്. മൊത്തം 1,30,000 സൈനികരാണ് യുക്രെയ്നുള്ളത്.
സൈനിക നീക്കത്തിന് യുക്രെയ്ൻ പാ൪ലമെൻറ് കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. റഷ്യക്കെതിരെ അന്താരാഷ്ട്ര സൈനിക സഹായം തേടുമെന്ന് യു.എന്നിലെ യുക്രെയ്ൻ പ്രതിനിധി അറിയിച്ചു.
യുക്രെയ്നെതിരെ യുദ്ധം നടത്തുന്ന പക്ഷം, റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രഖ്യാപിച്ചിരുന്നു. ഒരിക്കലും സാധൂകരിക്കാനാവാത്ത ആക്രമണമാണ് റഷ്യ നടത്തിയിരിക്കുന്നതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോൺ കെറി പറഞ്ഞു. വിഷയം ച൪ച്ചചെയ്യാൻ നാറ്റോ ഉന്നതതല സമിതി യോഗം ബ്രസൽസിൽ ചേരുന്നുണ്ട്. യു.എസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ലോകത്തുടനീളം റഷ്യൻ ആസ്തികൾക്ക് വൻ ഇടിവ് നേരിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.