ആലപ്പുഴ: ചാക്കോ വധ കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻെറ തിരോധാനത്തിന് മൂന്ന് പതിറ്റാണ്ട്. 1984 ജനുവരി 22ന് പുല൪ച്ചെ ചെറിയനാടുള്ള സുകുമാരക്കുറുപ്പിൻെറ വീടിനടുത്തെ പാടത്ത് കുറുപ്പിൻെറ കാ൪ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത് മുതലുള്ള സംഭവങ്ങളാണ് ചാക്കോ കൊലക്കേസിൽ വരെ എത്തിയത്.
കരുവാറ്റ ഹരി തിയറ്ററിലെ ഫിലിം റെപ്രസൻേററ്റീവായിരുന്ന ചാക്കോ സെക്കൻഡ് ഷോ കഴിഞ്ഞ് ആലപ്പുഴക്ക് വരാൻ റോഡരുകിൽ വാഹനം നോക്കിനിൽക്കുമ്പോഴാണ് കുറുപ്പിൻെറയും കൂട്ടാളികളുടെയും വരവ്. കാറിലുണ്ടായിരുന്നവരുടെ സ്നേഹപൂ൪വമായ ക്ഷണം കേട്ട് ചാക്കോ അതിൽ കയറി. അധികദൂരം പോകുന്നതിനുമുമ്പ് കാറിൽവെച്ച് ചാക്കോയെ കൊലപ്പെടുത്തുകയും മൃതദേഹം ഉൾപ്പടെ കാ൪ കത്തിക്കുകയുമായിരുന്നു. സംഭവശേഷം കുറുപ്പ് കാ൪ കത്തി മരിച്ചെന്ന് പ്രചരണം അഴിച്ചുവിട്ടു. ഇതുവഴി താൻ ഗൾഫിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്ന് വൻതുക ഇൻഷുറൻസ് ഇനത്തിൽ കുടുംബത്തിന് ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ഉണ്ടായത്.
കുറുപ്പിൻെറ ‘മരണ’വും ചാക്കോയെ കാണാതാകലും ഒരുപോലെ പൊലീസിന് അന്വേഷിക്കേണ്ടി വന്നു. അവസാനമാണ് മരിച്ച കുറുപ്പ് ജീവിച്ചിരിക്കുന്നതായും ചാക്കോയെ കൊലപ്പെടുത്തിയത് കുറുപ്പും കൂട്ടാളികളുമാണെന്നും മനസ്സിലായത്.
രാജ്യം മുഴുവനും അരിച്ചുപെറുക്കിയിട്ടും കുറുപ്പിനെ കണ്ടത്തെിയിട്ടില്ല. പല വേഷങ്ങളിൽ അയാൾ പൊലീസിൻെറ കണ്ണുവെട്ടിച്ച് നാട്ടിൽ വരുന്നുണ്ടെന്ന് സംശയിച്ച് പൊലീസും വേഷംമാറി അന്വേഷിച്ചു. വിദേശങ്ങളിലും കുറുപ്പിൻെറ ബന്ധുക്കൾക്കിടയിലുമൊക്കെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഇന്നുവരെ ഒരറിവും ലഭിച്ചിട്ടില്ല. 1990 ഡിസംബറിൽ ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി സുകുമാരക്കുറുപ്പിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
മാവേലിക്കര കോടതിയിലാണ് കേസിൻെറ വിചാരണ നടന്നത്. കുറുപ്പിനെ ഒഴിച്ച് മറ്റ് പ്രതികളെയെല്ലാം ശിക്ഷിച്ചു. കുറുപ്പിൻെറ ഭാര്യാ സഹോദരി ഭ൪ത്താവ് ഭാസ്കരൻപിള്ള 12 വ൪ഷത്തെ ശിക്ഷ അനുഭവിച്ചശേഷം മരിച്ചു. കുറുപ്പിൻെറ ഡ്രൈവറായിരുന്ന പൊന്നപ്പൻ ജീവനൊടുക്കി. മറ്റൊരു പ്രതിയായിരുന്ന സഹായി ഷാബുവിനെ മാപ്പുസാക്ഷിയാക്കുകയായിരുന്നു. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന കുറുപ്പിൻെറ ഭാര്യ സരസമ്മയെയും സഹോദരി തങ്കമണിയെയും കോടതി വെറുതെവിട്ടു.
കുറുപ്പും കൂട്ടാളികളും കൊലപ്പെടുത്തിയ ചാക്കോയുടെ കുടുംബം ഏറെക്കാലം ദാരിദ്ര്യത്തിൻെറ നെല്ലിപ്പലകയിലായിരുന്നു. ശാന്തമ്മ ആറുമാസം ഗ൪ഭിണിയായിരിക്കെയാണ് ചാക്കോ കൊല്ലപ്പെട്ടത്. ശാന്തമ്മക്ക് സ൪ക്കാ൪ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ ലാസ്റ്റ്ഗ്രേഡ് ജീവനക്കാരിയായി ജോലി നൽകിയത് പിന്നീട് ആശ്വാസമായി. മകൻ ജിതിൻ വിവാഹം കഴിച്ച് ഒരു കുട്ടിയുടെ പിതാവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.