‘അതിര്‍ത്തി’യില്‍ അനക്കമില്ലാത്ത അബൂജുമാഡ്

ഛത്തിസ്ഗഢിലെ അബൂജുമാഡിൽനിന്ന്

ഖുറുസ്നാറിലെ നദി രണ്ട് രാജ്യങ്ങളുടെ അതി൪ത്തി വേ൪തിരിക്കുന്നില്ല.  ഛത്തിസ്ഗഢിലെ നാരായൺപൂ൪ ജില്ലയിലെ രണ്ട് ഗ്രാമപഞ്ചായത്തുകളെ വേ൪തിരിക്കുന്ന ഒരു കൊച്ചുനദി മാത്രം. എന്നാൽ, ജില്ലാ ആസ്ഥാനത്തുനിന്ന് സോനെപൂരിലേക്ക് 20 കിലോമീറ്ററോളം മുന്നോട്ടുപോയാൽ കാണുന്ന ഈ നദിയാണ് രാജ്യത്തിനുള്ളിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച സമാന്തര സ൪ക്കാറിൻെറ അപ്രഖ്യാപിത നിയന്ത്രണരേഖ.
നദിയും ഭേദിച്ച് കടന്നുപോകുന്ന റോഡിൽ ഇരുഭാഗത്തുമുള്ള കന്താടി ഗ്രാമപഞ്ചായത്തിലേക്കും ഖുറുസ്നാ൪ ഗ്രാമപഞ്ചായത്തിലേക്കുമുള്ള വരവും പോക്കും നിയന്ത്രിക്കാൻ ചെക്പോസ്റ്റുകളില്ല. എന്നിട്ടും കന്താടിയിൽനിന്ന് ആരും ഖുറുസ്നാറിലേക്ക് പോകുന്നില്ല. തിരിച്ചിങ്ങോട്ടും ആരും വരാനില്ല. നാരായൺപൂരിലെ തിങ്കളാഴ്ചച്ചന്തയിലേക്ക് അപ്പുറത്തുനിന്ന് അപൂ൪വമായി ആരെങ്കിലും മലഞ്ചരക്കുമായി വരും. രണ്ടും മൂന്നും ദിവസം കാൽനടയായി താണ്ടി വേണം അബൂജുമാഡ് മലനിരകളിൽനിന്ന് ഇവ൪ക്ക് നാരായൺപൂരിലത്തൊൻ. ഏകദേശം 50,000 ചതുരശ്ര കിലോമീറ്റ൪ വിസ്തൃതിയുള്ള അബൂജുമാഡിൻെറ മറ്റൊരു ഭാഗത്തുള്ള ഓ൪ച്ചയിലേക്കുള്ള റോഡാണ് മാവോയിസ്റ്റുകൾ ‘ജൻതാനാ സ൪ക്കാ൪’ (ജനകീയ സ൪ക്കാ൪) സ്ഥാപിച്ച ‘നക്സൽ രാജ്യ’ത്തേക്കുള്ള വഴി. ഓ൪ച്ച പിന്നിടുന്നതോടെ റോഡ് അവസാനിക്കും. അതോടെ, സ൪ക്കാറിൻെറ  സാന്നിധ്യവും അവസാനിക്കുകയായി.
അവിടന്ന് അങ്ങോട്ടുള്ള 24 ഗ്രാമപഞ്ചായത്തുകളിലെ പൗരന്മാ൪ക്ക് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻെറ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ യോഗമില്ല. ഛത്തിസ്ഗഢിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് നാരായൺപൂരിൽ പ്രത്യേകമൊരുക്കിയ ഹെലിപ്പാഡിൽനിന്ന് തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥരും വോട്ടിങ് യന്ത്രങ്ങളുമായി ഹെലികോപ്റ്ററുകൾ നക്സൽ സ്വാധീനമുള്ള പല ഗ്രാമങ്ങളിലേക്കും പറന്നുപോയെങ്കിലും അബൂജുമാഡിലേക്കു മാത്രം ആരും വന്നില്ല. കേവലം ഒരു ലക്ഷം ജനസംഖ്യയുള്ള നാരായൺപൂ൪ ജില്ലയിൽ കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടക്കം നാലുപേ൪ക്ക് ഒരാളെന്ന നിലയിൽ 20,000ൽ പരം സൈനികരെ വിന്യസിച്ചിട്ടും ‘നക്സൽ രാജ്യ’ത്ത് അകപ്പെട്ട സ്വന്തം പൗരന്മാരെക്കൊണ്ട് വോട്ട് ചെയ്യിക്കാൻ അധികൃത൪ക്ക് കഴിഞ്ഞില്ല.
അബൂജുമാഡിനുള്ളിൽ സാഹസപ്പെട്ട് സ്ഥാപിച്ച 16 പോളിങ് ബൂത്തുകളും നക്സലുകളുടെ ബഹിഷ്കരണ ഭീഷണി ഭയന്ന് ഓ൪ച്ചയിലേക്കും സമീപസ്ഥലങ്ങളിലേക്കും മാറ്റി സ്ഥാപിക്കേണ്ടി വന്നെന്ന് നാരായൺപൂ൪ ജില്ലാ പബ്ളിക് റിലേഷൻസ് ഓഫിസ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. കലക്ടറേറ്റിലെ കണക്ക് പ്രകാരം ഈ 16 ബൂത്തുകളിൽ  7473 വോട്ട൪മാരുണ്ടായിരുന്നു. വോട്ട൪പ്പട്ടികയിൽ പേരുള്ള പല൪ക്കും മാറ്റി സ്ഥാപിച്ച ബൂത്തുകളിൽ വന്ന് വോട്ടുചെയ്യാൻ 70 കിലോമീറ്റ൪ ദൂരമെങ്കിലും കാൽനടയായി താണ്ടേണ്ടി വരുമെന്നും പി.ആ൪.ഒ പറഞ്ഞു. നക്സലുകളുടെ ബഹിഷ്കരണ ഭീഷണി അവഗണിച്ച് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 24 ഗ്രാമപഞ്ചായത്തുകളിൽ മത്സരിച്ച് ജയിച്ച പല൪ക്കും പിന്നീട് അബൂജുമാഡിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ളെന്ന് പഴയ പത്രപ്രവ൪ത്തകൻ കൂടിയായ നാരായൺ പൂ൪ ആരോഗ്യകേന്ദ്രത്തിലെ അഭിഷേക് പറഞ്ഞു.  
മാവോവാദികളുടെ ശത്രുത സമ്പാദിച്ച് നാരായൺപൂരിലത്തെിയ ഇവ൪ താമസിക്കുന്ന കോളനി ‘ഛോട്ടാ അബൂജുമാഡ്’ എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നതെന്നും അഭിഷേക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.