തൊടുപുഴ: വനംവകുപ്പിന് സ്വന്തമായി മന്ത്രിയില്ലാതായതോടെ വനംവികസന കോ൪പറേഷൻെറ പ്രവ൪ത്തനം താളംതെറ്റി. ജീവനക്കാരുടെ ശമ്പള പരിഷ്കരണം മുതൽ കമ്പനി സെക്രട്ടറിയുടെ നിയമനം വരെ അനിശ്ചിതത്വത്തിലായി. സ൪ക്കാറിൻെറ അനുമതി യഥാസമയം നേടാനാകാത്തതിനാൽ ഇക്കോടൂറിസം അടക്കം വിവിധ പദ്ധതികളും പ്രതിസന്ധിയിലാണ്.
കേന്ദ്രസ൪ക്കാറിൻെറ 35 ശതമാനം ഓഹരി പങ്കാളിത്തത്തോടെ പ്രവ൪ത്തിക്കുന്ന കോ൪പറേഷനെ നിയന്ത്രിക്കുന്നത് വനംവകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ വരുന്ന ഉന്നത ഉദ്യോഗസ്ഥരാണ്. പൊതുമേഖലാ സ്ഥാപനമാണെങ്കിലും റിസ൪വ് വനത്തിനുള്ളിൽ വനംവകുപ്പിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ ഇക്കോ ടൂറിസം പദ്ധതികളും തോട്ടങ്ങളും നടത്തുന്ന കോ൪പറേഷന് വനംവകുപ്പിൻെറ ക൪ശന നിയന്ത്രണത്തിൽ മാത്രമേ പ്രവ൪ത്തിക്കാനാവൂ. കെ.ബി. ഗണേഷ്കുമാ൪ വനംമന്ത്രി സ്ഥാനം രാജിവെച്ചശേഷം മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതോടെ കോ൪പറേഷൻെറ പ്രവ൪ത്തനം നി൪ജീവമാകുകയായിരുന്നു.
ഇടുക്കി ജില്ലയിലെ വാഗമൺ, മൂന്നാ൪, പത്തനംതിട്ട ജില്ലയിലെ ഗവി എന്നിവ കൂടാതെ മാനന്തവാടി, കുറുവ ദ്വീപ് തുടങ്ങി സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇക്കോ ടൂറിസം പദ്ധതികൾ നടത്തുന്നത് വനംവികസന കോ൪പറേഷനാണ്. മറയൂരിലെ ചന്ദന ഫാക്ടറി, നെല്ലിയാമ്പതിയിലെയും വയനാട്ടിലെയും കാപ്പി, ഏലത്തോട്ടങ്ങൾ, പുനലൂരിലെ യൂക്കാലിത്തോട്ടം എന്നിവയും ഇതിന് കീഴിൽ വരും.
അസി.ജനറൽ മാനേജ൪ മുതൽ പ്യൂൺ വരെ 102 ജീവനക്കാരാണ് കോ൪പറേഷനിലുള്ളത്. 2009ൽ സംസ്ഥാന സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വ൪ധിപ്പിച്ചപ്പോൾ ഇവരുടെയും ശമ്പളം കൂട്ടേണ്ടതായിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
ഡയറക്ട൪ ബോ൪ഡ് പാസാക്കി സ൪ക്കാറിലേക്ക് അയച്ച ശമ്പള പരിഷ്കരണ ഫയൽ ഇപ്പോൾ ആസൂത്രണ വകുപ്പിന് കീഴിലെ ബ്യൂറോ ഓഫ് പബ്ളിക് എൻറ൪പ്രൈസസിൽ കുടുങ്ങിക്കിടക്കുകയാണ്. 2010’11 സാമ്പത്തിക വ൪ഷം 35 ലക്ഷം രൂപ സ൪ക്കാറിന് ലാഭവിഹിതം നൽകിയ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാ൪ക്കാണ് ഈ ദുര്യോഗം. സ്റ്റാഫ് പാറ്റേണിലെ അപാകത പരിഹരിക്കാത്തതിനാലാണ് ശമ്പള പരിഷ്കരണം വൈകുന്നതെന്നാണ് സ൪ക്കാ൪ ഭാഷ്യം.
എന്നാൽ,കോ൪പറേഷൻെറ ദൈനംദിന പ്രവ൪ത്തനങ്ങളിൽ നി൪ണായക പങ്ക് വഹിക്കേണ്ട കമ്പനി സെക്രട്ടറി പദവിയിൽ നിയമനം നടത്താൻ പോലും സ൪ക്കാ൪ തയാറായിട്ടില്ല. എം.ഡിയെ അടക്കം തെറ്റിദ്ധരിപ്പിച്ചതിന് കോ൪പറേഷനിലെ കമ്പനി സെക്രട്ടറിയെ കഴിഞ്ഞ ഡിസംബറിൽ പുറത്താക്കിയിരുന്നു. 10 മാസമായി ഒഴിഞ്ഞുകിടക്കുന്ന ഈ തസ്തികയിലേക്ക് കരാ൪ അടിസ്ഥാനത്തിൽ ആളെ നിയോഗിക്കാനുള്ള നടപടി പാതിവഴിയിലാണ്. ഈ ആശയക്കുഴപ്പങ്ങൾക്കിടെ മറയൂ൪ ചന്ദന ഫാക്ടറിയിൽ നാലുകോടി വിലമതിക്കുന്ന ചന്ദനത്തൈലം കെട്ടിക്കിടന്ന് നശിക്കുകയാണ്. പ്രതിവ൪ഷം മൂന്നുകോടി വരുമാനം കിട്ടുന്ന ഗവി ടൂറിസം പദ്ധതി അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്.വനംവകുപ്പിൻെറ നിസ്സഹകരണമാണ് ഇവിടെ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ‘ശബരീജലം’ പദ്ധതിയും മൃതാവസ്ഥയിലായി. മാനേജിങ് ഡയറക്ട൪ പ്രത്യേക താൽപര്യമെടുക്കുന്നതിനാൽ ഇത്തവണ ശബരിമലയിലേക്കുള്ള പരമ്പരാഗത പാതയിൽ ശബരീജലം വിതരണം ചെയ്യുമെന്ന് മാത്രം.
ക്രമക്കേടുകളുടെ പേരിൽ പുറത്താക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥനും സംഘവും കോ൪പറേഷനെ തക൪ക്കാൻ ശ്രമിക്കുകയാണെന്നാണ് ജീവനക്കാ൪ ആരോപിക്കുന്നത്. വനംവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഘടകകക്ഷിയിലെ ചില നേതാക്കൾ ഇതിന് പിന്നിലുണ്ടെന്നും ആരോപണമുയ൪ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.