കോഴിക്കോട്: സ്കൂൾ കായികമേളയുടെ ട്രാക്കിൽ പുതുചരിത്രം കുറിച്ച് പ്രഥമ ഏഷ്യൻ സ്കൂൾ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിന് ഇന്ന് മലേഷ്യൻ മണ്ണിൽ ട്രാക്കുണരുന്നു. പോരാട്ടങ്ങളുടെ ട്രാക്കിൽ പിച്ചവെക്കുന്നവരുടെ രാജ്യാന്തര അങ്കത്തിൽ കരുത്തരായ ചൈനയോടും ജപ്പാനോടും കൊറിയയോടുമെല്ലാം മാറ്റുരക്കാൻ മലയാളിക്കരുത്തിൽ ഇന്ത്യയും കച്ചമുറുക്കി ഇറങ്ങും. രണ്ടാഴ്ചയിലേറെ പുണെ ബാലെവാഡി സ്റ്റേഡിയത്തിൽ നടന്ന കഠിന പരിശീലനവും കഴിഞ്ഞ് പുറപ്പെട്ട ഇന്ത്യയുടെ 28 അംഗ സംഘത്തിൽ 12 പേരും ദേശീയ തലത്തിൽ മിന്നുന്ന പ്രകടനവുമായി ശ്രദ്ധകവ൪ന്ന മലയാളി താരങ്ങളാണ്.
തിങ്കളാഴ്ച ന്യൂദൽഹിയിൽനിന്ന് പുറപ്പെട്ട ഇന്ത്യൻ ടീം ചൊവ്വാഴ്ച രാവിലെയോടെയാണ് ക്വാലാലംപൂരിൽ വിമാനമിറങ്ങിയത്. ആദ്യ വിമാനയാത്രയുടെ ആവേശവുമായാണ് ഇന്ത്യൻ സംഘം പോരാട്ടങ്ങളുടെ ട്രാക്കിലേക്കിറങ്ങുന്നത്.
മലേഷ്യൻ സ്കൂൾ സ്പോ൪ട്സ് കൗൺസിൽ ആതിഥേയത്വമൊരുക്കുന്ന പ്രഥമ ഏഷ്യൻ സ്കൂൾ കായികമേളയുടെ മുഖ്യവേദി ക്വാലാലംപൂരിൽനിന്ന് 100 കിലോമീറ്ററോളം അകലെയുള്ള പഹാങ്ങിലെ കുവാന്തനിലുള്ള സുക്പ സ്റ്റേഡിയമാണ്.
പ്രാദേശികസമയം ബുധനാഴ്ച രാത്രി 7.30ഓടെ നടന്ന വ൪ണാഭമായ ചടങ്ങിൽ മലേഷ്യൻ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ഖാലിദ് നൂറുദ്ദീൻ പ്രഥമ ഏഷ്യൻ സ്കൂൾ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൻെറ ഉദ്ഘാടനം നി൪വഹിച്ചു. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് (ഇന്ത്യൻ സമയം ഉച്ച 1.30) മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ജൂനിയ൪ വിഭാഗം ആൺകുട്ടികളിൽ മെഡൽ സ്വപ്നവുമായി മലയാളി താരം ശ്രീനിത് മോഹൻ ഇന്ത്യൻ കുപ്പായത്തിൽ ആദ്യമിറങ്ങും.
പെൺകുട്ടികളുടെ 3000 മീറ്ററിൽ മുണ്ടൂ൪ സ്കൂളിലെ പി.യു. ചിത്രയും ഇന്ന് ട്രാക്കിലിറങ്ങും. ജാവലിൻ, ഷോട്ട്പുട്ട്, 5000മീ., 3000മീ., ലോങ്ജംപ്, 10 കി.മീ. നടത്തം, 100 മീ. ഫൈനൽ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്്.
കേരളത്തിലെ കാലാവസ്ഥയുമായി സാമ്യതയുള്ള മലേഷ്യൻ മണ്ണിനോട് ഇന്ത്യൻ സംഘം പൊരുത്തപ്പെട്ടുകഴിഞ്ഞതായി ടീം മാനേജ൪ ഡോ. ജിമ്മി ജോസഫ് പറഞ്ഞു. ടീമിലെ ഏതാനും പേരുടെ പനി മാറ്റിനി൪ത്തിയാൻ ട്രാക്കിലെ പോരാട്ടത്തിന് ടീമും ഒരുങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.