പ്രതീകാത്മക ചിത്രം

ജില്ലയിൽ കാപ്പി വിളവെടുപ്പ് പ്രതിസന്ധിയിൽ

കല്‍പറ്റ: വിളവെടുപ്പ് സീസണിലെ കാലാവസ്ഥ വ്യതിയാനം കാപ്പി കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മഴ വിട്ടുമാറാത്തതും വെയിലില്ലാത്തതുമാണ് വിനയാകുന്നത്. കാപ്പിക്കുരു ഉണക്കിയെടുക്കാൻ നല്ല വെയിൽ ആവശ്യമാണ്. കൃത്യസമയത്ത് ഉണക്കാനായില്ലെങ്കിൽ ഇത് നശിച്ചു പോകാനും ഗുണനിലവാരം കുറയാനും കാരണമാകും. ഹെക്ടർ കണക്കിന് കാപ്പിത്തോട്ടമുള്ളവർ വലിയ ഗ്രൗണ്ടിൽ നിരത്തിയാണ് കാപ്പിക്കുരു ഉണക്കുക.

മഴ പെയ്താൽ കാപ്പിക്കുരു നനയുകയും കേടാവാനും കാരണമാകും. പാകമായ കാപ്പി വിളവെടുക്കുന്നതിന് മുമ്പ് മഴ പെയ്താൽ പൂക്കൾ വരാനും ഇടയാക്കും. ഇത് വിളവെടുപ്പിനെ ബാധിക്കും. ജില്ലയില്‍ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായതിനാൽ കൃത്യ സമയത്ത് കാപ്പിക്കുരു ഉണക്കിയെടുക്കാൻ കർഷകർക്ക് കഴിയുന്നില്ല. കാലാവസ്ഥയിലെ വ്യതിയാനം കാപ്പിക്കൃഷിക്കാരെ ഏറെ പ്രതിസന്ധിയിലാക്കുകയാണ്. കോഫി ബോര്‍ഡിന്റെ കണക്കനുസരിച്ച് ജില്ലയില്‍ അറുപതിനായിരം കർഷകരുടെ 67,560 ഹെക്ടറിലാണ് കാപ്പിക്കൃഷി. ഇത് സംസ്ഥാനത്തെ ആകെ കാപ്പിക്കൃഷിയുടെ 80 ശതമാനം വരും. 75,000 ടണ്‍ ഉണ്ടക്കാപ്പിയാണ് ജില്ലയിലെ പ്രതിവര്‍ഷ ഉൽപാദനമെന്നാണ് കണക്ക്.

ഉയർന്ന വില കർഷകർക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. ഇപ്പോള്‍ കാപ്പിപ്പരിപ്പ് ക്വിന്റലിന് 35,500 രൂപ വിലയുണ്ട്. 2018ല്‍ 13,500ഉം രൂപയായിരുന്നു വില. 2023 തുടക്കത്തിലാണ് കാപ്പി വില ഉയരാന്‍ തുടങ്ങിയത്. കാപ്പിക്ക് ലഭിക്കുന്ന ഉയർന്ന ഡിമാന്റും മറ്റു രാജ്യങ്ങളിലെ കാപ്പി ഉത്പാദനത്തിലുണ്ടായ ഗണ്യമായ കുറവുമാണ് ആഭ്യന്തര വിപണിയില്‍ കാപ്പിവില ഉയരാൻ കാരണമെന്ന് പറയുന്നു.

Tags:    
News Summary - Coffee harvest in crisis in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.