പുനരധിവാസ ടൗണ്‍ഷിപ്പില്‍ 237 വീടുകളുടെ വാർപ്പ് പൂര്‍ത്തിയായി

മേപ്പാടി: മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന ടൗണ്‍ഷിപ്പില്‍ 237 സ്വപ്ന ഭവനങ്ങളുടെ വാർപ്പ് പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 350 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി.

332 വീടുകളുടെ അടിത്തറയൊരുക്കലും 331 വീടുകളുടെ എര്‍ത്ത് വര്‍ക്ക്, 310 വീടുകള്‍ക്കായുള്ള പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തിയായി. 306 വീടുകളുടെ അടിത്തറ നിർമാണവും പൂർത്തിയായി. 1500 തൊഴിലാളികളാണ് ടൗണ്‍ഷിപ്പില്‍ രാപകല്‍ പ്രവര്‍ത്തിക്കുന്നത്.

ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ വിതരണ ലൈന്‍ മാറ്റി സ്ഥാപിക്കുകയും 110 കെ.വി ലൈനിനായി നാല് പ്രധാന ടവറുകൾ എല്‍സ്റ്റണില്‍ സ്ഥാപിക്കുകയും ചെയ്തു. ടൗണ്‍ഷിപ്പിലേക്കുള്ള റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായാണ് റോഡ് നിർമാണം പുരോഗമിക്കുന്നത്. 12.65 മീറ്റര്‍ വീതിയിലുള്ള പ്രധാന പാതയ്ക്ക് 1100 മീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. 9.5 മീറ്റര്‍ വീതിയില്‍ നിർമിക്കുന്ന റോഡ് 2.770 കിലോമീറ്ററാണുണ്ടാവുക. ടൗണ്‍ഷിപ്പിലെ വിവിധ സോണുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണിത്. ഇട റോഡുകള്‍ക്ക് 5.8 മീറ്ററാണ് വീതി. 7.553 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഇട റോഡുകള്‍ നിര്‍മ്മിക്കുക. താമസ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡിലൂടെയായിരിക്കും.

പ്രധാന പാതയുടെ 490 മീറ്ററും രണ്ടാംഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിലവില്‍ നിർമിച്ചു. ആകെ 11.423 കിലോമീറ്റര്‍ റോഡുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്നത്. ഒമ്പത് ലക്ഷം ലിറ്റര്‍ ശേഷിയില്‍ നിർമിക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഡ്രെയ്‌നേജ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും എല്‍സറ്റണില്‍ പുരോഗമിക്കുകയാണ്.

Tags:    
News Summary - Construction of 237 houses completed in rehabilitation township

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.