പുഷ്പമേള കാർഷിക വികസന- കർഷകക്ഷേമ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
അമ്പലവയൽ: വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം പ്രാദേശിക സമ്പദ്വ്യവസ്ഥക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുഷ്പമേള ജനുവരി 15 വരെ നീണ്ടുനിൽക്കും. അമ്പലവയൽ കാർഷിക കോളജിലെ അവസാന വർഷ വിദ്യാർഥികളുടെ ഗ്രാമീണ അവബോധന പ്രവൃത്തി പരിചയ പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പോഷക ഗുണമുള്ള സാലഡ് ബോക്സ് എന്ന പുതിയ ഉൽപന്നവും മന്ത്രി ഔദ്യോഗികമായി പുറത്തിറക്കി.
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ടി സിദ്ദീഖ് എം.എൽ.എ, പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറും കാർഷികോത്പാദന കമ്മീഷണറും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി. അശോക്, കേരള കാർഷിക സർവ്വകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ബിനു പി. ബോണി, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. സി. കെ. യാമിനി വർമ്മ തുടങ്ങിയവർ പങ്കെടുത്തു.
കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണിയും ന്യായമായ വിലയും ഉറപ്പാക്കാൻ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന-കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്.
സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ചക്ക് നിരവധി പദ്ധതികളാണ് നടപ്പാക്കിയതെന്നും 40 വർഷത്തിനിടയിൽ സംസ്ഥാനത്ത് കൃഷി വകുപ്പ് നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് കേരയെന്നും മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിൽ കാപ്പി കൃഷിക്കായി പ്രത്യേക പദ്ധതികളും കേര പദ്ധതിയിൽ ഉൾപ്പെടുത്തും. 25 സെന്റ് മുതൽ 10 ഹെക്ടർ വരെ സ്ഥലത്ത് കൃഷി ചെയ്യുന്ന കർഷകർക്കാണ് കേര പദ്ധതി മുഖേന സഹായം ലഭിക്കുക. 32000 കർഷകർക്ക് നാല് വർഷം കൊണ്ട് കാലാവസ്ഥ അനുയോജ്യമായ കൃഷി രീതികളിൽ പരിശീലനം നൽകും.
വിപണനം, വള പരിചരണം, ജലസേചനം, ജല സംഭരണ സംവിധാനം, സാമ്പത്തിക സഹായം, ഗുണമേന്മയുള്ള തൈകൾ ഉൽപാദിപ്പിക്കാൻ നഴ്സറികൾക്ക് സഹായം തുടങ്ങിവ പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
കാർഷിക മേഖലയിൽ കാലാവസ്ഥ അധിഷ്ഠിത ഇൻഷുറൻസ് പദ്ധതി 14 ജില്ലകളിലും നടപ്പിലാക്കി. ജനുവരി 15 വരെ ഇൻഷുറൻസ് പദ്ധതിയിൽ ചേരാം. നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ റാപ്പിഡ് റെസ്പോൺസ് ടീം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കുരുമുളക് കർഷകർ നേരിടുന്ന മഞ്ഞളിപ്പ് രോഗത്തിന് പരിഹാരം കാണാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് റിസർച്ച് സെന്ററും കാർഷിക വകുപ്പും സംയുക്തമായി പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.