തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വയനാട് ജില്ല ശുചിത്വ മിഷൻ തയാറാക്കിയ ദുരന്ത മാലിന്യ സംസ്കരണ മാനദണ്ഡങ്ങള്‍ മന്ത്രി എം. ബി രാജേഷ് പ്രകാശനം ചെയ്യുന്നു
കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തവുമായി ബന്ധപ്പെട്ട വയനാടിന്റെ മാലിന്യ സംസ്കരണ മാതൃകക്ക് അംഗീകാരം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രകൃതി ദുരന്തങ്ങളില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ ശാസ്ത്രീമായി സംസ്കരിക്കുന്നതിന് സംസ്ഥാന സർക്കാർ മാര്‍ഗരേഖ പുറത്തിറക്കി.
വയനാട് ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ദുരന്ത മാലിന്യ സംസ്കരണ മാനദണ്ഡങ്ങള്‍ തദ്ദേശ മന്ത്രി എം.ബി. രാജേഷ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. സാധാരണ സാഹചര്യങ്ങളിലുള്ള മാലിന്യ സംസ്കരണ ചട്ടങ്ങള്‍ ദുരന്തമുഖത്ത് അപര്യാപ്തമാണെന്നും മുണ്ടക്കൈ- ചൂരല്‍മല ദുരന്തഅനുഭവത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ ലോകത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടലിന് ശേഷം പ്രദേശത്ത് ടണ്‍ കണക്കിന് മാലിന്യമാണ് അടിഞ്ഞുകൂടിയത്. തകര്‍ന്ന വീടുകള്‍, കെട്ടിടാവശിഷ്ടങ്ങള്‍, മണ്ണ്, കൂറ്റന്‍ പാറകള്‍, പ്ലാസ്റ്റിക്-ഇലക്ട്രോണിക് വസ്തുക്കള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവ കൂടിക്കലര്‍ന്ന നിലയിലായിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിലവിലുള്ള മാലിന്യ സംസ്കരണ രീതികള്‍ പര്യാപ്തമല്ലെന്ന് കണ്ടതയതിനെ തുടര്‍ന്നാണ് പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയത്.
മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടലിന് ശേഷം ദുരന്ത മേഖലയില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുമായി 81.64 ടണ്‍ ഖരമാലിന്യവും 106 കിലോ ലിറ്റര്‍ ശൗചാലയ മാലിന്യവും നീക്കം ചെയ്തു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 2,850-ഓളം ഹരിതകർമ സേനാംഗങ്ങളും വളന്റിയര്‍മാരും ദൗത്യത്തില്‍ പങ്കാളികളായി.
ദുരന്തമേഖലയിലെ മാലിന്യത്തിന്റെ അളവ് കണക്കാക്കാന്‍ ഡ്രോണ്‍, ജി.ഐ.എസ് സാങ്കേതിക വിദ്യ ഉപയോഗിക്കും. ശുചിത്വ മിഷന്റെ ക്ലൂ ആപ് മുഖേന മാലിന്യ ശേഖരണം, ഗതാഗതം തത്സമയം നിരീക്ഷിക്കും.
ദുരന്തമുഖത്ത് വെല്ലുവിളിയായി മാറുന്ന പഴയ വസ്ത്രങ്ങളും ചെരിപ്പുകളും സംസ്കരിക്കുന്നതിന് പ്രത്യേക ശേഖരണ കേന്ദ്രങ്ങള്‍ തുറക്കും. കെട്ടിടാവശിഷ്ടങ്ങള്‍ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതും ഹരിത ചട്ടങ്ങള്‍ പാലിച്ച് ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും പ്രോട്ടോക്കോളിന്റെ പ്രധാന സവിശേഷതകളാണ്. വരും കാലങ്ങളില്‍ ഓരോ തദ്ദേശ സ്ഥാപനവും പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കി ദുരന്ത മാലിന്യ സംസ്കരണ പ്ലാനുകള്‍ തയാറാക്കും.
1. അടിയന്തര ഘട്ടം (ആദ്യത്തെ 72 മണിക്കൂർ): രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്ന മാലിന്യങ്ങൾ അടിയന്തരമായി മാറ്റുക, ദുരിതാശ്വാസ ക്യാമ്പുകളിൽ ശുചിത്വ സൗകര്യങ്ങൾ (ബയോ-ടോയ്ലറ്റുകൾ) ഉറപ്പാക്കുക, ജൈവമാലിന്യങ്ങളും മൃഗാവശിഷ്ടങ്ങളും രോഗപകർച്ച ഒഴിവാക്കാൻ ഉടൻ സംസ്കരിക്കുക.
2. ക്രമീകരണ ഘട്ടം (72 മണിക്കൂറിന് ശേഷം): മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുക, കെട്ടിടാവശിഷ്ടങ്ങൾ ക്രഷർ യൂണിറ്റുകൾ വഴി പൊടിച്ച് പുനരുപയോഗിക്കുക.
3. പുനരുദ്ധാരണ ഘട്ടം: ശേഖരിച്ച അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റുക, ദുരന്തമേഖലയിലെ മണ്ണും വെള്ളവും മലിനമായിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.