കൽപറ്റ: ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ഒരു ദിവസത്തെ ആയുസ്സ് പോലുമില്ലാതെ കടലാസിൽ ഒതുങ്ങി. അവധി ദിവസങ്ങളിൽ നൂറു കണക്കിന് സഞ്ചാരികൾ ഉൾപ്പെടെ ചുരം കയറുന്നത് കാരണം വാഹനങ്ങളുടെ ബാഹുല്യം വർധിച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.
ക്രിസ്മസ് അവധി 24ന് തുടങ്ങിയെങ്കിലും വ്യാപക പരാതിയെ തുടർന്ന് രണ്ടു ദിവസം കഴിഞ്ഞ് മൾട്ടി ആക്സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള ചരക്കു വാഹനങ്ങൾക്ക് ചുരത്തിലൂടെ പകൽ യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ വീതി കുറഞ്ഞ വളവുകളിൽ വാഹന പാർക്കിങ്ങും വിലക്കി. എന്നാൽ, ദിവസങ്ങളായി വാഹനക്കുരുക്ക് രൂക്ഷമായ തുടരുമ്പോഴും ഉത്തരവ് കാറ്റിൽ പറത്തി മൾട്ടി ആക്സിൽ ഉൾപ്പെടെ ചരക്കു ലോറികൾ പകൽ സമയങ്ങളിൽ യഥേഷ്ടം ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നു. പൊലീസ് നോക്കി നിൽക്കെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഇത്തരം വാഹനങ്ങളുടെ സഞ്ചാരം.
നിർമാണ സാമഗ്രികൾ കൊണ്ടു പോകുന്ന ലോറികളും നൂറു കണക്കിനാണ് ഓരോ ദിവസവും പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ചുരത്തിലെത്തുന്നത്. ഇത്തരം ലോറികൾ ചുരത്തിൽ കുടുങ്ങുന്നതും പതിവാണ്. മണിക്കൂറുകളാണ് ഇപ്പോൾ ചുരം കയറാൻ സമയമെടുക്കുന്നത്. ആംബുലൻസ് ഉൾപ്പെടെ എമർജൻസി സർവിസുകൾ ചുരത്തിൽ കുടുങ്ങാൻ കാരണമായിട്ടും അധികൃതർ നിസ്സംഗത പുലർത്തുകയാണ്. കുടിവെള്ളം പോലും ലഭിക്കാതെ കുട്ടികളുൾപ്പെടെയുള്ള യാത്രക്കാർ മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങുന്നത് പതിവായിട്ടും ഭരണകൂടവും പൊലീസുമെല്ലാം മൗനം പാലിക്കുന്നത് ചിലരെ വഴിവിട്ട് സഹായിക്കാനാണെന്ന ആരോപണവും ഉയരുന്നു. നിർമാണ സാമഗ്രികൾ ഉൾപ്പെടെ നൂറ് കണക്കിന് ലോഡാണ് ഒാരോ ദിവസവും ചുരം കയറുന്നത്.
ചുരത്തിൽ ശനിയാഴ്ചയും കുരുക്ക്
അവധിക്കാലം കഴിയാറായതോടെ ശനിയാഴ്ചയും പുലർച്ച മുതൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. വിവിധ ഇടങ്ങളിലായി ബസും ലോറിയും ചുരത്തിൽ കുടുങ്ങിയത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ചില വാഹനങ്ങളുടെ വരിതെറ്റിച്ചുള്ള അശാസ്ത്രീയമായ മറികടക്കലുകളും ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. വാഹനം നിറഞ്ഞതോടെ വൈത്തിരി മുതൽ കൈതപ്പൊയിൽ വരെ നീണ്ട കുരുക്കാണ് അനുഭവപ്പെട്ടത്. താമരശ്ശേരി ഹൈവേ പൊലീസും അടിവാരം ഔട്ട് പോസ്റ്റ് പൊലീസും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചുരം സംരക്ഷണ സമിതിയംഗങ്ങളുമെല്ലാം ഗതാഗതം നിയന്ത്രിക്കാൻ ചുരത്തിലുണ്ടായിരുന്നെങ്കിലും നിയന്ത്രണങ്ങൾപ്പുറത്തായിരുന്നു വാഹനത്തിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.