ന്യൂദൽഹി: പാചകവാതക സബ്സിഡിക്ക് ആധാ൪ കാ൪ഡ് നി൪ബന്ധമല്ലെന്ന് രാജ്യസഭയിൽ ഉറപ്പുനൽകിയ കേന്ദ്രസ൪ക്കാ൪ മലക്കംമറിഞ്ഞു. സബ്സിഡി ലഭിക്കണമെങ്കിൽ ആധാ൪ കാ൪ഡ് നി൪ബന്ധമാണെന്നും മൂന്നു മാസത്തിനകം ആധാ൪ നമ്പ൪ ഗ്യാസ് ഏജൻസിക്ക് നൽകണമെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇതനുസരിച്ച് കേരളത്തിലെ ഗ്യാസ് ഉപഭോക്താക്കൾ ഡിസംബ൪ ഒന്നിനകം ആധാ൪ കാ൪ഡ് ഹാജരാക്കിയില്ലെങ്കിൽ സബ്സിഡി ലഭിക്കില്ല.
ഗ്യാസ് സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി കേരളത്തിൽ വയനാട്, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടെ രാജ്യത്തെ 20 ജില്ലകളിലാണ് ആദ്യം നടപ്പാക്കിയത്. സെപ്റ്റംബ൪ ഒന്നുമുതൽ ഇത് കേരളത്തിലെ അവശേഷിക്കുന്ന 12 ജില്ലകൾ ഉൾപ്പെടെ രാജ്യത്തെ 34 ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്. ഇതിൻെറ മുന്നോടിയായി കേരളത്തിലെ ഉപഭോക്താക്കളോട് ഗ്യാസ് ഏജൻസികൾ ആധാ൪ നമ്പ൪ നി൪ബന്ധമായും നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആഗസ്റ്റ് 23ന് എം.പി. അച്യുതൻ എം.പി രാജ്യസഭയിൽ ഉന്നയിച്ചു. ഒരു വ൪ഷം മുമ്പ് അപേക്ഷിച്ചവ൪ക്കു പോലും ഇതുവരെ കാ൪ഡ് ലഭിച്ചിട്ടില്ലെന്നിരിക്കെ, ആധാ൪ ഇല്ലാത്തതിൻെറ പേരിൽ സബ്സിഡി നിഷേധിക്കുന്നതിലുള്ള പ്രതിഷേധം മറ്റ് എം.പിമാരും പ്രകടിപ്പിച്ചു. ഇതേതുട൪ന്ന് സ൪ക്കാറിനുവേണ്ടി മറുപടി പറഞ്ഞ പാ൪ലമെൻററികാര്യ സഹമന്ത്രി രാജീവ് ശുക്ള പാചകവാതകത്തിൻേറത് ഉൾപ്പെടെയുള്ള സബ്സിഡി ലഭിക്കാൻ ആധാ൪ നി൪ബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നു.
ആധാ൪ കാ൪ഡുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്ക് മാത്രം സബ്സിഡി കൊടുത്താൽ മതിയെന്ന് എണ്ണക്കമ്പനികൾക്ക് നി൪ദേശം നൽകിയിട്ടില്ലെന്നും അതിനാൽ ഗ്യാസ് ഏജൻസികൾ ആധാ൪ നമ്പ൪ ആവശ്യപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രി പറഞ്ഞതിന് വിപരീതമാണ് പെട്രോളിയം മന്ത്രാലയം ചൊവ്വാഴ്ച ഇറക്കിയ വാ൪ത്താക്കുറിപ്പ്. സബ്സിഡിക്ക് ആധാ൪ കാ൪ഡ് നി൪ബന്ധമാണെന്നും ആധാ൪ നമ്പ൪ നൽകുന്നതിന് മൂന്നു മാസത്തെ സമയം അനുവദിച്ചെന്നും അതിനുശേഷവും ആധാ൪ നമ്പ൪ നൽകാത്തവ൪ക്ക് സബ്സിഡി കിട്ടില്ലെന്നും വാ൪ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
അപേക്ഷിച്ച പതിനായിരങ്ങൾക്ക് കാ൪ഡ് ലഭിച്ചില്ല എന്നതിന് പുറമെ, കാ൪ഡിനായി എൻറോൾ ചെയ്യുന്നതിനുള്ള സൗകര്യവും പരിമിതമാണെന്നതാണ് കേരളത്തിലെ പ്രശ്നം. അക്ഷയകേന്ദ്രങ്ങളിൽ ആധാറിനായി എത്തുന്നവ൪ക്ക് എൻറോൾ ചെയ്യാൻ മാസങ്ങൾ കഴിഞ്ഞ് വരാനുള്ള മറുപടിയാണ് ലഭിക്കുന്നത്. ഗ്യാസ് സബ്സിഡിക്ക് ആധാ൪ നി൪ബന്ധമാണെന്ന് കേന്ദ്രം ആവ൪ത്തിച്ച് ഉറപ്പാക്കിയതോടെ പ്രശ്നം കൂടുതൽ സങ്കീ൪ണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.