തിരുവനന്തപുരം: സോളാ൪ തട്ടിപ്പ് കേസിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനും ജില്ലാ കലക്ടറേറ്റുകൾക്കും മുന്നിൽ നടത്തിവന്ന രാപകൽ സമരം സമാപിച്ചു.
ജൂലൈ 24 നാണ് സമരം ആരംഭിച്ചത്. സംസ്ഥാന അടിസ്ഥാനത്തിൽ സമരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജൂലൈ 22 ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻെറയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറയും നേതൃത്വത്തിൽ രാപകൽ സമരം നടത്തിയതോടെ സമരം ശക്തമാവുകയായിരുന്നു. രണ്ടായിരത്തിലധികം പ്രവ൪ത്തകരാണ് കഴിഞ്ഞ 13 ദിവസവും ജില്ലാ കേന്ദ്രങ്ങൾക്ക് മുന്നിൽ രാപകൽ സമരം നടത്തിയത്.
സമരം ഇന്നലെ സമാപിച്ചതോടെ അടുത്ത ഘട്ടമായി 12 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിക്കാനും എൽ.ഡി.എഫ് സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി തിരുവനന്തപുരം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെ പ്രചാരണജാഥ ഇന്നലെ ആരംഭിച്ചു. കൊല്ലത്ത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ആലപ്പുഴയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എറണാകുളത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും ജാഥകളുടെ ഉദ്ഘാടനം നി൪വഹിച്ചു. തിരുവനന്തപുരത്ത് ഏഴിനും പത്തനംതിട്ടയിൽ തിങ്കളാഴ്ചയുമാണ് പ്രചാരണജാഥ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.