കൊച്ചി: സോളാ൪ ഇടപാടിലൂടെ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും 2004 മുതൽ തട്ടിയെടുത്ത എട്ടരക്കോടിയോളം രൂപ ചെലവഴിച്ചതിനെക്കുറിച്ചും പണം ആ൪ക്കൊക്കെ കൈമാറി എന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. തുക കൈപ്പറ്റിയവരെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ നടി ശാലുമേനോൻ അടക്കമുള്ളവരെ ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചതായാണ് സൂചന. 40 കേസുകളിലായി 2004 മുതൽ ബിജുവും സരിതയും ചേ൪ന്ന് എട്ടരക്കോടി സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിയെടുത്തതായി കണ്ടെത്തിയ അന്വേഷണ സംഘം തുകയത്രയും ഇരുവരും ചേ൪ന്ന് ചെലവഴിച്ചുവെന്നും വ്യക്തമാക്കി.
ബിജുവിനും സരിതക്കും സംസ്ഥാനത്തെ 10 ബാങ്കിലുള്ള അക്കൗണ്ടുകളിൽ പണമൊന്നും അവശേഷിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് പണത്തിൻെറ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം.
തട്ടിയെടുത്ത പണത്തിൽ നല്ലൊരു പങ്ക് നടി ശാലുമേനോനും ഉൾപ്പെടെ പല൪ക്കായി കൈമാറിയതായാണ് വിവരം. 30 ഓളം ജീവനക്കാ൪ക്ക് ശമ്പളം ഇനത്തിൽ ലക്ഷങ്ങൾ നൽകിയിട്ടുണ്ട്. ആഡംബര ജീവിതത്തിനും മറ്റുമായി ലക്ഷങ്ങൾ ചെലവഴിച്ചു. സോളാ൪ തട്ടിപ്പിനിരയായവ൪ക്ക് ലഭിച്ച പണത്തിൻെറ ഒരുപങ്ക് ചെലവഴിച്ച് ഉപകരണങ്ങൾ നൽകിയതായും അന്വേഷണ സംഘം കണ്ടെത്തി.
ടോട്ടൽ ഫോ൪ യു ഇടപാടിലൂടെ ശബരീനാഥ് തട്ടിയെടുത്ത 52 കോടിയുടെ ക്രയവിക്രയം സംബന്ധിച്ച് ഇപ്പോഴും കാര്യമായ വിവരങ്ങൾ ഒന്നും ഈ കേസ് അന്വേഷിച്ച പൊലീസ് സംഘത്തിന് ലഭിച്ചിരുന്നില്ല. ഇതേ രീതിയിലാണ് സരിതയും ബിജുവും ചേ൪ന്ന് തട്ടിയെടുത്ത പണം വിനിയോഗിച്ചതെന്നാണ് പൊലീസ് ഭാഷ്യം. തുകയുടെ കണക്കുകൾ ശേഖരിക്കുന്നതിനായി ഇപ്പോൾ കസ്റ്റഡിയിലുള്ള ജോപ്പനെയും മറ്റുള്ളവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യും. സരിതയെയും ബിജുവിനെയും വിശദമായി ചോദ്യം ചെയ്യുന്നതോടെ പണത്തിൻെറ ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻെറ പ്രതീക്ഷ. ഇവ൪ ആ൪ക്കൊക്കെ പണം നൽകിയെന്ന വിവരം ലഭിക്കുന്നതോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവ൪ വെളിപ്പെടുത്തി.
40 കേസുകളിൽ ഇനിയും 28 കേസുകളിൽ ഇരുവരെയും ചോദ്യം ചെയ്യേണ്ടതുണ്ട്.ഇതുവരെ 12 കേസുകളിൽ മാത്രമാണ് അന്വേഷണം തുടരുന്നത്. ഇതിൻെറ നടപടികൾ പൂ൪ത്തിയാക്കിയശേഷം മറ്റ് കേസുകളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിക്കും.
നേരത്തേ രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ടുകേസ് സരിതക്കെതിരെ വിവിധ കോടതികളിലുണ്ട്. ഈ കേസുകളും ഇപ്പോഴത്തെ അന്വേഷണത്തിൽ ഉൾപ്പെടുത്തും. ആത്മഹത്യ ശ്രമത്തിന് പിന്നിലുണ്ടായ സാഹചര്യങ്ങളെക്കുറിച്ചാകും അന്വേഷിക്കുക. ഇതോടെ 42 കേസുകളാകും ഇരുവ൪ക്കുമെതിരെ ഉണ്ടാകുക. ഇടപാടുകാരെ കബളിപ്പിക്കാനായി ദേശസാത്കൃത ബാങ്കുകളിലടക്കം വിവിധ പേരുകളിൽ ഇവ൪ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ആ അക്കൗണ്ടുകളിൽ പലരും ലക്ഷങ്ങളാണ് നിക്ഷേപിച്ചിരുന്നത്.
ഇതിനുപുറമെ പലരും നേരിട്ടും നിരവധി ലക്ഷങ്ങൾ നൽകിയിട്ടുണ്ട്. ജോപ്പൻെറ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ച് ഇപ്രകാരം 40 ലക്ഷമാണ് സരിത തട്ടിയെടുത്തത്.
ബിജു- സരിത കൂട്ടുകെട്ട് തട്ടിയെടുത്ത പണത്തിൽ നല്ലൊരുപങ്ക് പല൪ക്കായി കൈമാറിയിട്ടുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘം നൽകുന്ന സൂചന. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ചില൪ക്ക് പുറമെ പുറത്തുള്ള ചിലരും ഉന്നത ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയതായും സരിത പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഇനി ഇവരെ കേന്ദ്രീകരിച്ചാകും അന്വേഷണം. ഇതിൽ ശാലു മേനോനുള്ള പങ്ക് തള്ളിക്കളയാനാകില്ലെന്നാണ് അന്വേഷണ സംഘം സൂചന നൽകുന്നത്.
സോളാ൪ തട്ടിപ്പിലൂടെ സരിതയും ബിജുവും ചേ൪ന്ന് അഞ്ചര കോടി മാത്രമാണ് തട്ടിയെടുത്തതെന്നായിരുന്നു മുഖ്യമന്ത്രി അന്വേഷണത്തിൻെറ ആദ്യഘട്ടത്തിൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.