ക്ഷേമനിധി വിഹിതം അടക്കാന്‍ ‘അമ്മ’യുടെ കൈത്താങ്ങ്

കൊച്ചി: സ൪ക്കാറിൻെറ സാംസ്കാരിക ക്ഷേമനിധിയിലേക്ക് വിഹിതം അടക്കാൻ പ്രയാസപ്പെടുന്നവ൪ക്ക് ചലച്ചിത്രതാരസംഘടനയായ ‘അമ്മ’ കൈതാങ്ങാകും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 50 കലാകാരന്മാരുടെ ക്ഷേമനിധിയിലേക്കുള്ള വിഹിതം അടക്കാൻ കൊച്ചിയിൽ നടന്ന ‘അമ്മ’ വാ൪ഷിക പൊതുയോഗം തീരുമാനിച്ചു. സിനിമരംഗത്തുള്ളവ൪ക്ക് മാത്രമല്ല മറ്റ് കലാരംഗങ്ങളിൽ പ്രവ൪ത്തിക്കുന്നവ൪ക്കും ഈ സഹായം നൽകുമെന്ന് അമ്മ പ്രസിഡൻറ് ഇന്നസെൻറ് യോഗത്തിന് ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ വ്യക്തമാക്കി. കലാകാരന്മാരുടെ വിഹിതമായി 12,000 രൂപയാകും ‘അമ്മ’ ബോ൪ഡിലേക്ക് നൽകുക.
സാംസ്കാരിക ക്ഷേമനിധിയിൽ വിഹിതം നടക്കുന്നവ൪ക്ക് 60 വയസ്സ് കഴിഞ്ഞാൽ പെൻഷൻ ലഭിക്കും. 60 വയസ്സ് കഴിഞ്ഞവ൪ ഒറ്റത്തവണയായി 12,000 രൂപ അടച്ചാൽ മാസന്തോറും 1000 രൂപ പെൻഷൻ ലഭിക്കും. ഇത്രയും തുക ഒരുമിച്ച് നൽകാൻ കഴിയാത്ത കാലാകാരന്മാരെയാകും ‘അമ്മ’ സഹായിക്കുക.
അടുത്ത ഘട്ടത്തിൽ കൂടുതൽ പേ൪ക്ക് സഹായം ലഭ്യമാക്കുമെന്നും ഇന്നസെൻറ് പറഞ്ഞു. സാമ്പത്തികമായി പ്രയാസപ്പെടുന്ന താരങ്ങൾക്കായി ‘അമ്മ’ നടപ്പാക്കിയ പെൻഷൻ പദ്ധതിയായ ‘കൈനീട്ടം’ 25 പേ൪ക്ക് കൂടി നൽകും. ഇതോടെ 104 പേ൪ക്ക് കൈനീട്ടം ലഭിക്കും. പെൻഷൻ തുക നാലായിരത്തിൽ നിന്ന് 5000 രൂപയായി ഉയ൪ത്തുമെന്നും അദ്ദേഹം പറഞ്ഞു.
താരങ്ങൾക്ക് ടെലിവിഷൻ ഷോകൾ അവതരിപ്പിക്കുന്നതിൽ ഒരു വിലക്കുമില്ല. സാമ്പത്തികമായി ആവശ്യം വരുമ്പോൾ അമ്മ ‘താരനിശ’ സംഘടിപ്പിക്കുമെന്നും ഇന്നസെൻറ് പറഞ്ഞു.
കൊച്ചി അബാദ് പ്ളാസയിൽ നടന്ന പൊതുയോഗത്തിൽ  പത്മശ്രീ പുരസ്കാരം നേടിയ മധുവിനെ ആദരിച്ചു. ചടങ്ങിൽ ദേശീയ സംസ്ഥാന അവാ൪ഡുകൾ നേടിയ താരങ്ങളും ആദരം ഏറ്റുവാങ്ങി. ഞായറാഴ്ച രാവിലെ 10.30ന് ആരംഭിച്ച യോഗം ഉച്ചക്ക് രണ്ടിന് അവസാനിച്ചു.
ജനറൽ സെക്രട്ടറി മോഹൻലാൽ ഒഴികെ മറ്റ് ഭൂരിഭാഗം താരങ്ങളും യോഗത്തിൽ പങ്കെടുത്തു. വാ൪ത്താസമ്മേളനത്തിൽ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.