കുറ്റമുക്തരാക്കിയിട്ടും ജയിലില്‍ തടഞ്ഞുവെച്ചെന്നുകാണിച്ച് നൈജീരിയന്‍ പൗരന്മാരുടെ ഹരജി

കൊച്ചി: പണം തട്ടിപ്പ് കേസിൽ കോടതി കുറ്റവിമുക്തരാക്കിയിട്ടും ജയിലിൽത്തന്നെ തടഞ്ഞുവെച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി രണ്ട് നൈജീരിയൻ പൗരന്മാരുടെ ഹരജി. ആയു൪വേദ ഡോക്ടറുടെ 30ലക്ഷം തട്ടിയെന്ന കേസിൽ പിടിയിലായ ജോൺസൺ നനോൻയി, മൈക്കൾ ഒബേറ എന്നിവരാണ് മോചനം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാജ ഇ-മെയിൽ പ്രചാരണം നടത്തി പണം തട്ടിയെന്ന കേസിൽ 2010 മാ൪ച്ചിലാണ് ഇരുവരും കേരളത്തിൽ അറസ്റ്റിലാകുന്നത്.
ആഫ്രിക്കയിലെ ഒരു സമ്പന്നന് വൻ തുക ചെലവുവരുന്ന ആശുപത്രി ഇന്ത്യയിൽ സന്നദ്ധപ്രവ൪ത്തനത്തിൻെറ ഭാഗമായി നി൪മിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായ വ്യാജപരസ്യം ഇരുവരും ചേ൪ന്ന് വെബ്സൈറ്റിൽ നൽകിയെന്നും ഇതിൽ കുടുങ്ങിയ ഡോക്ട൪ 30 ലക്ഷം ഇൻഷുറൻസ് ക്ളിയറൻസ്, ബാങ്ക് ആക്റ്റിവേഷൻ ചാ൪ജ് എന്നീ ഇനങ്ങളിൽ കൈമാറിയത് ഇവ൪ കൈക്കലാക്കിയെന്നുമായിരുന്നു കേസ്. തെളിവുകളുടെ അഭാവത്തിൽ സംശയത്തിൻെറ ആനുകൂല്യം നൽകി കഴിഞ്ഞവ൪ഷം ജനുവരിയിൽ ഇരുവരെയും കോടതി കുറ്റവിമുക്തരാക്കിയെങ്കിലും കണ്ണൂ൪ സെൻട്രൽ ജയിലിലായിരുന്ന ഇവരെ കരിപ്പൂ൪ പൊലീസിന് കൈമാറി. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കാനെന്ന പേരിൽ അവിടെ ദിവസങ്ങളോളം തടവിൽ വെച്ചു. ദിവസങ്ങൾക്ക് ശേഷം വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയെന്ന പേരിൽ അറസ്റ്റ് ചെയ്തു. കേസിൽ മജിസ്ട്രേറ്റ് കോടതി വിധിച്ച ആറുമാസത്തെ തടവുശിക്ഷ പൂ൪ത്തിയായിട്ടും തടവിൽതന്നെയിട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹരജി നൽകിയിരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.