കോഴിക്കോട്: താളം പിഴച്ച മനസ്സുകളിൽനിന്ന് ചിതറിത്തെറിച്ച അക്ഷരങ്ങൾ കോ൪ത്തുവെച്ചപ്പോൾ അവ കഥകളായി, കവിതകളായി. ഇവ ചേ൪ന്ന ‘മനസ്സ്’ എന്ന കൈയെഴുത്തു മാസികയുടെ താളുകളിൽ നിറയുന്നത് കരളലിയിക്കുന്ന അനുഭവങ്ങളാണ്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൻെറ 141-ാം വാ൪ഷികാഘോഷത്തോടനുബന്ധിച്ചാണ് ആശുപത്രി അന്തേവാസികളുടെ രചനകൾ ഉൾക്കൊള്ളിച്ച മാസിക പുറത്തിറക്കിയത്. വ൪ഷങ്ങളായി ആശുപത്രിയിൽ കഴിയുന്ന സരളയെന്ന അന്തേവാസി ബന്ധുക്കൾക്ക് എഴുതിയ കത്താണ് മാസികയിലെ ആദ്യ കൃതി -‘കാതോ൪ത്തിരുന്ന പൂവ്’. ആശുപത്രിയിലാക്കിയതിനുശേഷം തിരിഞ്ഞുനോക്കാതിരുന്ന വീട്ടുകാരെ പ്രതീക്ഷിക്കുന്ന സരള, അവ൪ വരാത്തതിൽ വിഷമമില്ളെന്ന് പറയുമ്പോഴും വീടിനേയും വീട്ടുകാരേയും കാണാനുള്ള അവരുടെ ആഗ്രഹം ആ വരികളിൽ വായിക്കാം.
ഇത് സരളയുടെ മാത്രം ആഗ്രഹമല്ല; മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഓരോരുത്തരുടേയും നൊമ്പരമാണ്. രോഗം മാറിയിട്ടും വീട്ടുകാ൪ക്ക് വേണ്ടാത്തവ൪ നിരവധിയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ. സാധാരണക്കാ൪ മാത്രമല്ല, വിദ്യാസമ്പന്നരായ അധ്യാപക൪പോലും മാനസിക വെല്ലുവിളി നേരിടുന്നവരെ ഏറ്റെടുക്കാൻ തയാറല്ളെന്ന് ഗുജറാത്തുകാരി സറാഫുവിൻെറ കഥ നമ്മോട് പറയുന്നു. കുടുംബത്തോടൊപ്പം സഞ്ചരിക്കവേ തീവണ്ടി മാറിക്കയറി കോഴിക്കോട്ടത്തെിയതാണ് മനോനില തെറ്റിയ സറാഫു.
ഒരു വ൪ഷത്തിനുശേഷം ഇവരുടെ ഭ൪ത്താവിനെ കണ്ടത്തെിയെങ്കിലും സറാഫുവിനെ സ്വീകരിക്കാൻ അധ്യാപകനായ ഭ൪ത്താവ് തയാറായില്ല. വ൪ഷങ്ങളായി സറാഫു കുതിരവട്ടത്താണ്. എന്നെങ്കിലും തന്നെത്തേടി വീട്ടുകാ൪ വരുമെന്ന പ്രതീക്ഷയിൽ. മരുന്നും ചികിത്സയുമെല്ലാം ലഭിക്കുന്നുവെങ്കിലും ഇരുമ്പു കമ്പികൾക്കുള്ളിലാണ് അന്തേവാസികൾ സമയമേറെയും ചെലവിടുന്നത്. ആശുപത്രി വാ൪ഷികാഘോഷ പരിപാടിയിലും കുറച്ചുപേ൪ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. പങ്കെടുക്കാനാവാത്തവ൪ സെല്ലുകളിൽ കിടന്ന് ബഹളം കൂട്ടി. തങ്ങൾക്കും പങ്കെടുക്കണമെന്ന ആവശ്യവുമായി. 2005 മുതൽ പുനരധിവാസ പരിപാടികൾ ഇവിടെ നടക്കുന്നുണ്ട്.
പുരുഷന്മാരിൽ ചില൪ ബുക്ക് ബൈൻഡിങ് ചെയ്യുന്നു. സ്ത്രീകൾ ചവിട്ടികൾ, മേശവിരികളിലെ ചിത്രപ്പണികൾ, ഉടപ്പുതുന്നൽ എന്നിവയെല്ലാം നടത്തുന്നു.
ഫെബ്രുവരി മുതലാണ് ഇത് തുടങ്ങിയത്. ച൪ക്കയിൽ നൂലുൽപാദവും ഇവിടെയുണ്ട്. ഇത് ഖാദി ബോ൪ഡാണ് നടത്തുന്നത്. മറ്റുള്ളവക്ക് ആശുപത്രി വികസന സമിതിയിൽ നിന്നുള്ള ഫണ്ടാണ് ഉപയോഗിക്കുന്നത്. പക്ഷേ, പത്തു പേരിൽ കൂടുതലൊന്നും ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ളെന്ന് ടൈല൪ ടി. ഗീത പറഞ്ഞു.
പലരും നല്ല ചിത്രം വരക്കാരാണ്, എഴുത്തുകാരാണ്. ‘മനസ്സ്’ കൈയെഴുത്ത് മാസിക അതിൻെറ തെളിവായി അവശേഷിക്കുന്നു. കുറെ മനസ്സുകളുടെ നീറുന്നവേദനയുടെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.