കൊച്ചി: വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഒന്നാം ക്ളാസ് പ്രവേശത്തിനുള്ള പ്രായം ആറുവയസ്സായി ഉയ൪ത്തണമെന്ന കേന്ദ്ര നി൪ദേശം നടപ്പാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ഒന്നാം ക്ളാസ് പ്രവേശത്തിനുള്ള പ്രായപരിധി അഞ്ച് വയസ്സായി തുടരും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം പുതിയ അധ്യയനവ൪ഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ, ഒന്നാം ക്ളാസിൽ ചേരാനുള്ള പ്രായം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. അവകാശ നിയമത്തിൽ ആറുവയസ്സാണ് ഒന്നാം ക്ളാസിൽ ചേരാനുള്ള പ്രായം. എന്നാൽ, കഴിഞ്ഞ ദിവസം ചേ൪ന്ന വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം കേരളത്തിൻെറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു. പ്രത്യേക സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താനും യോഗത്തിൽ ധാരണയായി. ഇതിന് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.
കേരളത്തിലെ സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നും ആറുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നത് അഞ്ചുമുതലെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നെന്നും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യത്തിൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അധ്യയന വ൪ഷം വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രചാരണ- ബോധവത്കരണ കാമ്പയിനിനും വിദ്യാഭ്യാസവകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിലെ കുട്ടികളെ തോൽപ്പിക്കരുതെന്ന് നി൪ദേശിച്ച് നേരത്തേ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.