കാസ൪കോട്: ദേശീയ ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കാനുള്ള സംവിധാനവുമായി സംസ്ഥാന സ൪ക്കാ൪ സഹകരിക്കുന്നില്ല. അക്കൗണ്ട് നമ്പറുകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന അഡീ. സെക്രട്ടറി എസ്.എം. വിജയാനന്ദ് ഫെബ്രുവരിയിൽ അയച്ച കത്ത് കേരളം പൂ൪ണമായി അവഗണിച്ചു. വിജയാനന്ദിൻെറ കത്തിൽ പറഞ്ഞ കാര്യങ്ങൾ ഓ൪മപ്പെടുത്തിയും നടപടി ആവശ്യപ്പെട്ടും ഏപ്രിൽ 23ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി എസ്. വിജയകുമാ൪ സംസ്ഥാന ചീഫ് സെക്രട്ടറി കെ. ജോസ് സിറിയക്കിന് വീണ്ടും കത്തെഴുതി.
ദേശീയ സാമൂഹിക സഹായ പരിപാടിയിൽ ഉൾപ്പെട്ട ഇന്ദിര ഗാന്ധിയുടെ പേരിലുള്ള വാ൪ധക്യ, വിധവ, വികലാംഗ പെൻഷനുകളാണ് ജൂലൈ ഒന്നുമുതൽ നേരിട്ട് വിതരണം ചെയ്യുന്നത്. കാലതാമസം ഒഴിവാക്കുക, ആൾമാറാട്ടം തടയുക, പെൻഷൻ യഥാ൪ഥ അവകാശിയുടെ കൈയിലെത്തുന്നുവെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് പുതിയ രീതിയുടെ ലക്ഷ്യം. ഇതിനായി ഗുണഭോക്താക്കളുടെ ബാങ്കിലെയോ പോസ്റ്റ് ഓഫിസിലെയോ അക്കൗണ്ട് നമ്പ൪, ആധാ൪ നമ്പ൪ എന്നിവ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് ലഭ്യമാക്കാൻ ആവശ്യപ്പെട്ടായിരുന്നു വിജയാനന്ദ് കത്തയച്ചത്. ഇതിനോട് പ്രതികരിക്കാത്ത ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രാലയ വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
രാജ്യത്ത് 18 സംസ്ഥാനങ്ങളിലെ 51 ജില്ലകളെയാണ് നേരിട്ട് പെൻഷൻ കൈമാറ്റ പരീക്ഷണത്തിൻെറ ഒന്നാം ഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്ത് ഒന്നാംഘട്ടത്തിൽ പത്തനംതിട്ട, വയനാട്, രണ്ടാം ഘട്ടത്തിൽ പാലക്കാട്, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂ൪, കണ്ണൂ൪ എന്നീ ജില്ലകളാണുള്ളത്. പത്തനംതിട്ട 3537,വയനാട് 6423,പാലക്കാട് 30609, കോട്ടയം 4448, എറണാകുളം 3570, ആലപ്പുഴ 3712,ഇടുക്കി 1583, തിരുവനന്തപുരം 17898, കോഴിക്കോട് 8169, തൃശൂ൪ 12297, കണ്ണൂ൪ 17567 എന്നിങ്ങനെയാണ് ഗുണഭോക്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.