മുംബൈ: ഗൗതം ഗംഭീറിനെയും യുവരാജ് സിങ്ങിനെയും ഒഴിവാക്കി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ ആറ് മുതൽ ഇംഗ്ളണ്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ യുവതാരങ്ങൾക്ക് മുൻഗണന നൽകിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. കണക്കു കൂട്ടൽ ശരിവെച്ച് ശിഖ൪ ധവാനൊപ്പം ഉമേഷ് യാദവ്, ദിനേഷ് കാ൪ത്തിക്, ഓൾ റൗണ്ട൪ ഇ൪ഫാൻ പത്താൻ, മുരളി വിജയ്, വിനയ് കുമാ൪ എന്നിവ൪ ടീമിൽ ഇടം കണ്ടെത്തിയപ്പോൾ അശോക് ദിൻഡ, ഷമി അഹ്മദ്, ചേതേശ്വ൪ പുജാര, അജൻക്യ രഹാനെ എന്നിവരെ ഒഴിവാക്കി.
30 അംഗ സാധ്യതാ ടീമിൽനിന്നാണ് സന്ദീപ് പാട്ടീലിൻെറ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി 15 അംഗ ടീമിനെ തെരഞ്ഞെടുത്തത്. ഏകദിന ക്രിക്കറ്റിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് തിരിച്ചെത്താൻ കഴിയാതെ പോയതാണ് ഗംഭീറിൻെറയും യുവരാജിൻെറയും തൊപ്പിതെറിപ്പിക്കാൻ വഴിയൊരുക്കിയത്. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റത്തിലെ അതിവേഗ സെഞ്ച്വറിയോടെ ശ്രദ്ധ നേടിയ ശിഖ൪ ധവാൻ രണ്ടു വ൪ഷത്തിനു ശേഷമാണ് ഇന്ത്യയുടെ ഏകദിന ടീമിൽ തിരിച്ചെത്തുന്നത്.
ഓസീസിനെതിരായ മത്സരത്തിനിടെ കൈക്കേറ്റ പരിക്കിൽനിന്നും മോചിതനായി ഐ.പി.എല്ലിലും മികച്ച ഫോം തുടരുന്നത് സെലക്ട൪മാരുടെ വിശ്വാസം നേടാൻ എളുപ്പവഴിയായി. ധവാനൊപ്പം വിരാട് കോഹ്ലി, മുരളി വിജയ്, സുരേഷ് റെയ്ന, രോഹിത് ശ൪മ എന്നിവരാണ് ടീമിലെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാ൪. മൂന്ന് വ൪ഷത്തിനു ശേഷം ടീമിൽ തിരിച്ചെത്തുന്ന ദിനേഷ് കാ൪ത്തിക് വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായി പ്ളെയിങ് ഇലവനിലും ഇടം നേടിയേക്കും.
ധവാനൊപ്പം ഓപണറുടെ റോളാവും കാ൪ത്തികിനെ കാത്തിരിക്കുന്നത്. ആഭ്യന്തര-ഐ.പി.എൽ മത്സരങ്ങളിലെ മിന്നുന്ന ഫോമാണ് കാ൪ത്തികിന് ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. ആ൪. അശ്വിനും അമിത് മിശ്രയുമാണ് ടീമിലെ സ്പെഷലിസ്റ്റ് സ്പിന്ന൪മാ൪.
പേസ് ബൗളിങ് ഡിപാ൪ട്മെൻറിൽ ഉമേഷ് യാദവ്, വിനയ് കുമാ൪, ഭുവനേശ്വ൪ കുമാ൪, ഇശാന്ത് ശ൪മ എന്നിവ൪ക്കൊപ്പം ഇരട്ട റോളുമായി ഇ൪ഫാൻ പത്താനുമുണ്ടാവും. രവീന്ദ്ര ജദേജയാണ് മറ്റൊരു ഓൾ റൗണ്ട൪.
ചാമ്പ്യൻസ് ട്രോഫി ടീമിൽനിന്ന് പുറത്തായെങ്കിലും വെസ്റ്റിൻഡീസിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള 21 അംഗ ടീമിൽ ഗംഭീറിന് ഇടമുണ്ട്. ചാമ്പ്യൻസ് ട്രോഫി ടീമിനുപുറമെ ഗംഭീ൪, മനോജ് തിവാരി, പ്രവീൺ കുമാ൪, ഷമി അഹ്മദ്, അമ്പാട്ടി രായുഡു, രാഹുൽ ശ൪മ എന്നിവരെ ഉൾപ്പെടുത്തിയാണ് 21 അംഗ സാധ്യതാ ടീമിനെ തെരഞ്ഞെടുത്തത്. അതേസമയം, വീരേന്ദ൪ സെവാഗ്, ഹ൪ഭജൻ സിങ് എന്നിവരുടെ തിരിച്ചുവരവ് സാധ്യത പരിഗണിച്ചില്ല.
ഏറെക്കാലത്തെ ഇടവേളക്കുശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ശ്രീലങ്കയിൽ നടന്ന ട്വൻറി20 ലോകകപ്പിലാണ് ഇ൪ഫാൻ പത്താൻ തിരിച്ചെത്തിയത്. അതേസമയം, രഹാനെ, പുജാര എന്നിവ൪ക്ക് പരിക്ക് തിരിച്ചടിയായി.
ജൂൺ ആറിന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ് ‘ബി’യിൽ ദക്ഷിണാഫ്രിക്ക, പാകിസ്താൻ, വെസ്റ്റിൻഡീസ് എന്നിവ൪ക്കൊപ്പമാണ് ഇന്ത്യ. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഏറ്റുമുട്ടും.
ഇന്ത്യൻ ടീം
എം.എസ്. ധോണി (ക്യാപ്റ്റൻ), ശിഖ൪ ധവാൻ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, ദിനേഷ് കാ൪ത്തിക്, മുരളി വിജയ്, രോഹിത് ശ൪മ, രവീന്ദ്ര ജദേജ, ആ൪. അശ്വിൻ, ഇ൪ഫാൻ പത്താൻ, ഉമേഷ് യാദവ്, ഭുവനേശ്വ൪ കുമാ൪, ഇശാന്ത് ശ൪മ, അമിത് മിശ്ര, വിനയ് കുമാ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.