തിരുനെല്ലി: ഗോത്രജനതക്ക് വരുമാനം ലക്ഷ്യമിട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബേഗൂരിൽ തേൻ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു. പട്ടികജാതി-വര്‍ഗ- പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്‍. കേളു പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ ജനതയുടെ ജീവനോപാധി ലക്ഷ്യമിട്ടാണ് പ്ലാന്റ്. സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്പ്മെന്റാണ് (സി.എം.ഡി) രൂപരേഖ തയാറാക്കി പ്ലാന്റ് യാഥാര്‍ഥ്യമാക്കിയത്.
പരമ്പരാഗതമായി തേൻ ശേഖരണം നടത്തുന്ന തിരുനെല്ലി പഞ്ചായത്തിലെ കാട്ടുനായ്ക്ക വിഭാഗത്തിലെ 90 കുടുംബങ്ങളെ സംഘടിപ്പിച്ച് പി.വി.ടി.ജി, എസ്.ടി സ്വാശ്രയ സംഘം രൂപവത്കരിച്ചിരുന്നു. തേൻ ശേഖരണ ഘട്ടത്തിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളിൽ പരിശീലനവും നൽകി. വനത്തില്‍നിന്നും തേന്‍ ശേഖരിക്കുന്നതിനും അടിയന്തരഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതിനും ആരോഗ്യവകുപ്പ്, അഗ്നിരക്ഷാസേന എന്നിവയുടെ സഹകരണത്തോടെ ശാസ്ത്രീയ പരിശീലനമാണ് നൽകുന്നത്. തുടർന്ന് തേൻശേഖരണത്തിന് ആവശ്യമായ തൊഴിൽ-സുരക്ഷാ ഉപാധികൾ വിതരണം ചെയ്തു. ശാസ്ത്രീയമായി തേന്‍ തരംതിരിച്ച് സംസ്‌കരിക്കൽ, ജലാംശം പരിമിതപ്പെടുത്തി ശുദ്ധത ഉറപ്പാക്കാനുള്ള ഉപകരണങ്ങൾ സംസ്‌കരണശാലയാണ് സ്ഥാപിച്ചിട്ടുണ്ട്.
ശാസ്ത്രീയമായി സംസ്‌കരിച്ച തേന്‍ സഹ്യ ഡ്യു-ഡിലൈറ്റ്ഫുള്‍ എസന്‍സ് ഫ്രം വൈല്‍ഡ് എന്ന പേരില്‍ വിപണിയിലെത്തിക്കും. പ്രോസസിങ് യൂനിറ്റ്, ഓഫിസ് ഏരിയ, സ്റ്റോര്‍ റൂം, ഫില്ലിങ് റൂം സൗകര്യങ്ങൾ സംസ്‌കരണ പ്ലാന്റിൽ സജ്ജമാണ്. ആധുനിക പ്ലാന്റിൽ സംസ്കരിച്ച തേൻ വിപണിയിലെത്തുമ്പോൾ പ്രതിസന്ധികളും അപകടസാഹചര്യങ്ങളും നേരിട്ട് ശേഖരിക്കുന്ന തേനിന് തുച്ഛമായ വിലലഭിക്കുന്ന സാഹചര്യത്തിന് പരിഹാരമാവും.
ഒരു കിലോഗ്രാം തേനിന് 1200 രൂപയാണ് വില. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ അധ്യക്ഷയായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗോപിനാഥൻ, പദ്ധതി സംസ്ഥാന കോഓഡിനേറ്റർ പി.ജി. അനിൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ടി. നജ്മുദ്ധീൻ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷിബു കുട്ടൻ, വാർഡ് അംഗം രാജൻ, ഊരു മൂപ്പൻ പുട്ടൻ, സാശ്രയസംഘം പ്രസിഡന്റ് കെ. സജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.