യുവഡോക്ടര്‍മാര്‍ക്ക് യാത്രാമൊഴി

 

മുണ്ടക്കയം: വിനോദ സഞ്ചാരകേന്ദ്രമായ വാഗമൺ കോലാഹലമേട് തങ്ങൾപാറക്ക് സമീപം കാ൪ 2000 അടിതാഴ്ചയിലേക്ക് മറിഞ്ഞ് മരിച്ച യുവഡോക്ട൪മാ൪ക്ക് കണ്ണീരോടെ യാത്രാമൊഴി.
കോട്ടയം മെഡിക്കൽ കോളജിലെ ഹൗസ് സ൪ജൻ ഡോക്ട൪മാരായ തൊടുപുഴ ഉടുമ്പന്നൂ൪ ചില്ലിപ്ളാക്കൽ ആൻേറാ സി. ജെയിംസ് (24), അഞ്ചൽ കോട്ടുക്കൽ ഐശ്വര്യാ ഭവനിൽ രതീഷ് (24), ചങ്ങനാശേരി തൃക്കൊടിത്താനം കുറ്റിക്കാട്ട് കടുന്താനത്ത് ജോസഫ് ജോ൪ജ് (24), ഏറ്റുമാനൂ൪ പേരൂ൪ കുന്നുംപുറത്ത് കെ.സി. അനീഷ്കുമാ൪ (24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശി വിഷ്ണു ദയാൽ (24), പാലാ സ്വദേശി അൽഫോൻസ് എന്നിവ൪ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 8.30നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. 
കോട്ടയം മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പൂ൪ത്തിയാക്കി ഹൗസ് സ൪ജൻസി ചെയ്യുന്ന ആറംഗസംഘം അവധി ദിനം ആഘോഷിക്കാനാണ് വാഗമണ്ണിൽ എത്തിയത്. വാഗമൺ, കോലാഹലമേട് തുടങ്ങിയ സ്ഥലങ്ങൾ സന്ദ൪ശിച്ച ശേഷം തങ്ങൾപാറ കാണാനുള്ള യാത്രയാണ് വഴിതെറ്റി ദുരന്തമായത്. തങ്ങൾപാറ കാണാൻ പോയ സംഘം വഴിതെറ്റി കോലാഹലമേട്-വല്യേന്ത ഇളംകാട് റോഡിലേക്ക് കടന്നുവെന്ന് പറയുന്നു. നി൪മാണം നടക്കുന്ന റോഡിലൂടെ മുന്നോട്ടു നീങ്ങിയപ്പോൾ മൂടൽമഞ്ഞും റോഡിൻെറ തകരാറും യാത്രക്ക് തടസ്സമായി.  കാറ് തിരിക്കുന്നതിനിടെ റോഡിൻെറ മുനമ്പിൽ തട്ടി അഗാധമായ കൊക്കയിലേക്ക് പതിച്ചു.
ശബ്ദം കേട്ട് സമീപവാസിയായ പുളിക്കൽ സാബു കോലാഹലമേടിന് മുകളിലുള്ള റിസോ൪ട്ടിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. നാട്ടുകാ൪ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടിലേക്ക് തിരിച്ച സാബു വല്യേന്ത റോഡിലെ വളവിൽ വാഹനം തട്ടിയതിൻെറ പാട് ശ്രദ്ധയിൽപെട്ടതോടെ വീണ്ടും റിസോ൪ട്ടിലെത്തി വിവരം പറഞ്ഞു. തുട൪ന്ന് നടത്തിയ പരിശോധനയിലാണ് അപകടവിവരമറിയുന്നത്. കുത്തിറക്കത്തിലെ കൊക്കയിൽ കനത്ത മൂടൽമഞ്ഞുമൂലം രക്ഷാപ്രവ൪ത്തനത്തിന് തടസ്സം നേരിട്ടു. ടോ൪ച്ചിൻെറയും മൊബൈൽ ഫോണിൻെറയും വെളിച്ചത്തിൽ താഴെ ഇറങ്ങിയ നാട്ടുകാ൪ രാത്രി പതിനൊന്നരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാലുപേ൪ സംഭവസ്ഥലത്തുതന്നെ മരിച്ചു.  ചാക്കുകളും ട൪ക്കികളും മറ്റും കമ്പിൽകെട്ടി തീപിടിപ്പിച്ചും മറ്റുമാണ് രക്ഷാ പ്രവ൪ത്തനത്തിന് വെളിച്ചം കണ്ടെത്തിയത്. ഇവിടെ നടക്കുന്ന സിനിമാ ഷൂട്ടിങ് യൂനിറ്റിൻെറ ലൈറ്റുകൾ രക്ഷാപ്രവ൪ത്തനത്തിന് പ്രയോജനകരമായി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി,  പീരുമേട് സി.ഐമാ൪ മുണ്ടക്കയം, പീരുമേട്, ഈരാറ്റുപേട്ട എസ്.ഐമാ൪ കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ അഗ്നിശമനാ സേനകൾ എന്നിവ൪ നാട്ടുകാരോടൊപ്പം രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകി.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.