കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ട 2012 മേയ് നാലിന് വണ്ടിയിൽ കയറുമ്പോൾ വേറൊരാളുടെ വാൾ തട്ടിയാണ് കൈക്ക് മുറിവേറ്റതെന്ന് ആറാം പ്രതി അണ്ണൻ സിജിത്ത് വൈദ്യപരിശോധനാ സമയത്ത് പറഞ്ഞതായി 105ാം സാക്ഷി മെഡിക്കൽ കോളജ് അസോ. പ്രഫസ൪ ഡോ. സിറിയക് ജോബിൻെറ മൊഴി. സിറിയക് ജോബടക്കം നാല് ഡോക്ട൪മാരെയും 109ാം സാക്ഷിയും പ്രതി അണ്ണൻ സിജിത്തിൻെറ അമ്മയുമായ പന്തക്കൽ അത്തോളിക്കാട്ടിൽ കെ. വസന്തയെയുമാണ് ഇന്നലെ മാറാട് പ്രത്യേക കോടതി ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ വിസ്തരിച്ചത്. ഇതിൽ വസന്ത പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകിയതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 49 ആയി.
2012 ജൂൺ ഒന്നിന് വൈകുന്നേരം അഞ്ചിന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആവശ്യപ്പെട്ട പ്രകാരമാണ് സിജിത്തിനെ പരിശോധിച്ചതെന്ന് ഡോ. സിറിയക് ജോബ് മൊഴി നൽകി. പരിശോധനാ മുറിയിൽവെച്ചുതന്നെയാണ് പരിക്ക് എങ്ങനെ പറ്റിയെന്ന് പറഞ്ഞത്.
വലത് ഉള്ളംകൈയിൽ ഇംഗ്ളീഷിലെ ‘വി’ അക്ഷരത്തിൻെറ ആകൃതിയിൽ രണ്ട് സെൻറീമീറ്റ൪ വലിപ്പമുള്ള മുറിവും അതേ ഭാഗത്തുതന്നെ മറ്റൊരു മുറിവുമാണ് ഉണ്ടായിരുന്നത്. കൈക്കുള്ളിൽ ആയുധം വെച്ച് കൈവലിക്കുകയോ പെട്ടെന്ന് പിൻവലിക്കുകയോ ചെയ്താലുണ്ടാകുന്ന മുറിവാണിതെന്ന് സ്പെഷൽ പ്രോസിക്യൂട്ട൪ അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. പി. കുമാരൻകുട്ടി എന്നിവരുടെ വിസ്താരത്തിൽ മൊഴി നൽകി. മൊബൈൽ ഫോണിൽ മുറിവിൻെറ ചിത്രം പ്രതിഭാഗം കാണിച്ച് ഡോക്ടറുടെ മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും കോടതി അക്കാര്യം രേഖപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി. ഡോക്ട൪ പരിശോധിച്ച് നൽകിയ സ൪ട്ടിഫിക്കറ്റ് കോടതി പ്രോസിക്യൂഷൻ തെളിവിലേക്കുള്ള രേഖയായി അടയാളപ്പെടുത്തി.
എങ്ങനെയാണ് പരിക്കേറ്റതെന്ന കാര്യം ഡിവൈ.എസ്.പി പറഞ്ഞുകൊടുത്തതാണെന്ന പ്രതിഭാഗം അഭിഭാഷകൻ അഡ്വ. പി.വി. ഹരിയുടെ വാദം ഡോക്ട൪ നിഷേധിച്ചു. മുറിവിൻെറ പഴക്കം കണ്ടെത്താൻ അത്യാധുനിക സൗകര്യമുണ്ടെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിൽ അക്കാലത്ത് അത്തരം പരിശോധന നടത്താറില്ല. രണ്ടാമത്തെ ചെറിയ പരിക്കും ആദ്യമുണ്ടായ പരിക്കിനൊപ്പം സംഭവിച്ചതാകാനാണ് സാധ്യത. രണ്ടും മൂന്നും പ്രതികളായ കി൪മാണി മനോജ്, കൊടി സുനി, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി എന്നിവരെ പരിശോധിക്കുകയും ഇവരുടെ രക്തം, മുടി എന്നിവ പരിശോധനക്കയക്കാൻ ശേഖരിക്കുകയും ചെയ്തതായി 106ാം സാക്ഷി വടകര ഗവ. ആശുപത്രിയിലെ ഡോ. കെ. സാവിത്രി മൊഴി നൽകി.
കൊടി സുനി, പൊലീസ് മ൪ദനമേറ്റതായി പറഞ്ഞിരുന്നുവെങ്കിലും പുറമെ പരിക്കൊന്നും കണ്ടില്ല. ഷാഫിക്ക് വലത് കൈക്ക് ചെറിയ പരിക്ക് ശ്രദ്ധയിൽപ്പെട്ടിരുന്നു. 2012 ജൂൺ 14നാണ് പരിശോധിച്ചത്. പ്രതി അണ്ണൻ സിജിത്തിൻെറ മുടിയും രക്തവും പരിശോധനക്കെടുത്തത് താനാണെന്ന് 107ാം സാക്ഷിയും വടകര ഗവ. ആശുപത്രി കൺസൾട്ടൻറുമായ ഡോ. ഷാലിനയും നാലാം പ്രതി ടി.കെ. രജീഷിനെ പരിശോധിച്ച് രക്തവും മുടിയുമെടുത്തതായി 108ാം സാക്ഷിയും വടകര ഗവ. ആശുപത്രി കൺസൾട്ടൻറുമായ ഡോ. ചിൻമോയിയും മൊഴി നൽകി. രക്തവും മുടിയും എത്രയെടുത്തുവെന്ന് കൃത്യമായി രേഖകളിലില്ലാത്തതും സാധനങ്ങൾ പൊലീസിന് കൈമാറിയതിന് രേഖകൾ കൈപ്പറ്റാത്തതിനെപ്പറ്റിയും ഡോക്ട൪മാരോട് പ്രതിഭാഗം അഭിഭാഷക൪ ചോദ്യമുന്നയിച്ചു. ഡോ. ഷാലിനയുടെ പേര് പലവിധത്തിൽ സ൪ട്ടിഫിക്കറ്റടക്കമുള്ള രേഖകളിൽ കാണുന്നതിനെപ്പറ്റിയും പ്രതിഭാഗം ചോദിച്ചു.
മകൻ സിജിത്ത് ഉപയോഗിച്ച മൊബൈൽ ഫോൺ തൻെറ തിരിച്ചറിയൽ കാ൪ഡും ഫോട്ടോയും മറ്റുമുപയോഗിച്ച് എടുത്തതാണെന്ന് പൊലിസ് രേഖപ്പെടുത്തിയ മൊഴിയാണ് വസന്ത നിഷേധിച്ചത്. ഫോട്ടോ തൻെറതാണെന്നും മൊബൈൽ ഫോണിന് പന്തക്കലെ കടയിൽ അപേക്ഷ കൊടുത്തെങ്കിലും പിന്നെ അതേപ്പറ്റി വിവരമൊന്നുമില്ലെന്നും വസന്ത മൊഴി നൽകി.
രണ്ട് മക്കളിൽ ഇളയവനാണ് സിജിത്ത്. മൈസൂരിൽ തൻെറ സഹോദരൻ ബേക്കറി നടത്തിയിരുന്നുവെന്ന മൊഴിയും നിഷേധിച്ച വസന്ത ഡിവൈ.എസ്.പി തൻെറ മൊഴിയെടുത്തിട്ടില്ലെന്നും പറഞ്ഞു. പ്രതിഭാഗം അഭിഭാഷകരായ അഡ്വ. എം. അശോകൻ, അഡ്വ. കെ. ഗോപാലകൃഷ്ണകുറുപ്പ്, അഡ്വ. സി. ശ്രീധരൻ നായ൪ എന്നിവരും സാക്ഷികളെ വിസ്തരിച്ചു. ഇന്നലെ വിസ്തരിക്കേണ്ട 209ാം സാക്ഷി ഡോ. പി.സി. അനിൽകുമാറിന് അസുഖമായതിനാലും 213ാം സാക്ഷി ഡോ. അജേഷിൻെറ കൂടുതൽ രേഖകൾ എത്തിക്കേണ്ടതിനാലും ഇവരെ വിസ്തരിക്കുന്നത് പ്രോസിക്യൂഷൻ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.