കോട്ടയം: എ.ടി.എം കൗണ്ടറിൽനിന്ന് വ്യാപാരിയുടെ പണംതട്ടിയ കേസിൽ മറ്റൊരുവ്യാപാരി പിടിയിൽ. തിരുവാതുക്കൽ കവലയിൽ പലചരക്ക്കൂൾബാ൪ നടത്തുന്ന വ്യാപാരി കുമ്മനം കുളപ്പുരകടവ് പുളിമൂട്ടിൽ സുലൈമാനാണ് (49) കോട്ടയം വെസ്റ്റ് പൊലീസ് പിടിയിലായത്.
കോട്ടയം പുളിമൂട് ജങ്ഷനിലെ ഫെഡറൽബാങ്ക് എ.ടി.എമ്മിൽനിന്ന് പണംതട്ടിയാളുടെ കാമറദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടത് മാധ്യമങ്ങളിലൂടെ വന്നതോടെയാണ് പ്രതി വലയിലായത്. പത്രങ്ങളിലെ ചിത്രം കണ്ട് പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാരായ നിരവധിപേ൪ പൊലീസിന് സന്ദേശം നൽകി.
ഇതേതുട൪ന്ന് കോട്ടയം വെസ്റ്റ് സി.ഐ എ.ജെ. തോമസിൻെറ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയതോടെ സുലൈമാൻ മുങ്ങി. പിന്നീട് ഇയാളുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ തിരച്ചിലിൽ കോട്ടയം റെയിൽവേസ്റ്റേഷൻെറ പരിസരത്തുനിന്ന് കണ്ടെത്തുകയായിരുന്നു. കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ നഗരത്തിലെത്തിയ ഇയാൾ പണമെടുക്കാൻ എ.ടി.എമ്മിൽ എത്തിയപ്പോഴാണ് 10,000 രൂപ മോഷ്ടിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചു. അപഹരിച്ച പണവും കണ്ടെത്തി. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സി.ഐ എ.ജെ. തോമസ്, എസ്.ഐമാരായ അനൂപ് ജോസ്,ജേക്കബ് സ്കറിയ, പൊലീസുകാരായ പി.എൻ . മനോജ്,സജികുമാ൪ ,മധുസൂദനൻനായ൪ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കോട്ടയം ടി.ബിറോഡിൽ ത്രിവേണി ക്ളോംപ്ളക്സിലെ മാഹി കഫേ ഉടമ വി.ആ൪. ജമാലിൻെറ പണമാണ് അപഹരിച്ചത്.
ഈമാസം 19ന് രാവിലെ എട്ടിന് കോട്ടയം പുളിമൂട് ജങ്ഷനിലെ ഫെഡറൽബാങ്ക് എ.ടി.എമ്മിലായിരുന്നു സംഭവം. കടയിലെ ജീവനക്കാരനെ കാ൪ഡും പിൻനമ്പറും നൽകി 500 രൂപ പിൻവലിക്കാനായി ജമാൽ വിട്ടു. ഇതനുസരിച്ച് എ.ടി.എമ്മിൽ എത്തിയ ജീവനക്കാരൻ കൗണ്ടറിന് സമീപം നിന്നിരുന്നയാളോട് സഹായം ചോദിക്കുകയും 500 രൂപ പിൻവലിച്ച് കടയിൽ തിരിച്ചെത്തി രസീതും നൽകി. ഇതിനിടെ,രണ്ടുതവണയായി 10,500 രൂപ പിൻവലിച്ചുവെന്ന് കാണിച്ച് ജമാലിൻെറ മൊബൈലിലേക്ക് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ബാങ്ക് അധികൃതരെ സമീപിച്ചപ്പോൾ പിന്നാലെയെത്തിയ മറ്റൊരാൾ 10,000രൂപ പിൻവലിച്ചതായി ണ്ടെത്തി.ഇതേതുട൪ന്ന് ജീവനക്കാരനെ കബളിപ്പിച്ച് പണംതട്ടിയയാൾക്കെതിരെ ജമാൽ കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.