ലണ്ടൻ: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കവെ അദ്ദേഹത്തിൻെറ കുടുംബാംഗങ്ങൾ രണ്ടു തട്ടിൽ. അലി ഏതാനും ദിവസങ്ങൾക്കകം മരിക്കുമെന്ന് അനുജൻ റഹ്മാൻ അലി ബ്രിട്ടീഷ് പത്രമായ ‘ദ സണ്ണി’നോട് പറഞ്ഞു. എന്നാൽ, പിതാവ് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അദ്ദേഹത്തിൻെറ പെൺമക്കൾ അറിയിച്ചു.
‘സഹോദരന് സംസാരിക്കാനോ എന്നെ തിരിച്ചറിയാനോ സാധിക്കുന്നില്ല. മോശം അവസ്ഥയിലാണ് അദ്ദേഹം. ഏറെ രോഗബാധിതനാണ്. മാസങ്ങൾക്കകമോ ദിവസങ്ങൾക്കകമോ അത് സംഭവിക്കാം. ഈ വേനൽ മുഴുമിക്കുമോ എന്നറിയില്ല. അദ്ദേഹത്തിന് സുഖമരണം പ്രതീക്ഷിക്കുകയാണ് ഞങ്ങൾ’-റഹ്മാൻെറ വാക്കുകൾ. എല്ലാം നേടിയെന്നും ജീവിതത്തിൽ ഇനിയൊന്നും ബാക്കിയില്ലെന്നും മുമ്പ് അലി പറഞ്ഞതായി സഹോദരൻ തുട൪ന്നു. വേദനയില്ലെന്നും തന്നെ ഓ൪ത്തുകരയരുതെന്നും കൈകൾ ചേ൪ത്തുപിടിച്ച് അദ്ദേഹം മന്ത്രിച്ചു. രോഗത്താൽ ദുരിതമനുഭവിക്കുന്ന അലി എത്ര നേരത്തെ പോവുന്നോ അത്രയും നല്ലതാണെന്ന് റഹ്മാൻ വ്യക്തമാക്കി.
അമേരിക്കയിലെ അരിസോണയിൽ ഇപ്പോഴത്തെ ഭാര്യ ലോനിക്കൊപ്പമാണ് 71കാരനായ അലിയുടെ താമസം. ആദ്യ ബന്ധങ്ങളിലാണ് അദ്ദേഹത്തിന് മക്കൾ ജനിച്ചത്. ലോനിക്കെതിരെ റഹ്മാൻ അലി രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. രോഗത്തേക്കാൾ അദ്ദേഹത്തെ ദുരിതത്തിലാക്കുന്നത് ഭാര്യയാണെന്ന് റഹ്മാൻ പറയുന്നു. മക്കൾക്കോ തനിക്കോ അലിയെ കാണാൻ അനുവാദമില്ല. മകനായ മുഹമ്മദ് അലി ജൂനിയ൪ ഈയിടെ തന്നെ വിളിച്ച് പിതാവിൻെറ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കയോടെ സംസാരിച്ചു. ബോധാവസ്ഥയിലാണെങ്കിൽ അലിക്ക് ഇപ്പോൾ ഭ്രാന്ത് പിടിച്ചേനേയെന്ന് സഹോദരൻ കൂട്ടിച്ചേ൪ത്തു.
പിതാവിൻെറ ആരോഗ്യവുമായി ബന്ധപ്പെട്ട് പരക്കുന്ന അഭ്യൂഹങ്ങൾ പെൺമക്കളായ മേ മേ അലിയും ലൈല അലിയും നിഷേധിച്ചു. അലി വീട്ടിലിരുന്ന് ടി.വിയിൽ സൂപ്പ൪ ബൗൾ പരിപാടി ആസ്വദിക്കുന്ന ചിത്രം ലൈല ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ പിതാവുമായി താൻ ഫോണിൽ സംസാരിക്കുമ്പോൾ അദ്ദേഹം ടി.വി കാണുകയായിരുന്നുവെന്ന് മേ മേ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.