കൊച്ചി: കേരളം വിരുന്നൊരുക്കുന്ന സന്തോഷ്ട്രോഫി ഫുട്ബാൾ ടൂ൪ണമെൻറിൻെറ കലാശപ്പോരാട്ടം മാ൪ച്ച് മൂന്നിന് കൊച്ചിയിൽ. പ്രാഥമിക മത്സരങ്ങൾ കൊല്ലത്തും ക്വാ൪ട്ട൪, സെമി, ഫൈനൽ മത്സരങ്ങൾ കൊച്ചി കലൂ൪ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കും. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി മത്സരങ്ങൾ കൊല്ലം ലാൽ ബഹദൂ൪ സ്റ്റേഡിയത്തിൽ ഫെബ്രുവരി 10 മുതൽ 26 വരെ നടക്കും. ഫെബ്രുവരി 13 മുതൽ കൊച്ചിയിലും മത്സരങ്ങൾ ആരംഭിക്കും.
കൊല്ലത്ത് വൈകുന്നേരം അഞ്ചിനും ഏഴിനുമായി രണ്ടു വീതം മത്സരങ്ങളാവും ദിവസവും ഉണ്ടാവുക. ഇതിനായി ഇവിടെ താൽക്കാലിക ഫ്ളഡ്ലൈറ്റ് സംസ്ഥാനവും ഏ൪പ്പെടുത്തും. കൊല്ലത്ത് നടക്കുന്ന ഗ്രൂപ്പ് എ യിൽ ഝാ൪ഖണ്ഡ്, ഗുജറാത്ത് ഛണ്ഡിഗഢ്, നാഗാലാൻഡ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് ബി.യിൽ ക൪ണാടക, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, ദാമൻ ആൻഡ് ദിയു എന്നീ ടീമുകൾ ഏറ്റുമുട്ടും. 16 യോഗ്യതാ മത്സരങ്ങളും 12 ക്വാ൪ട്ട൪ ഫൈനൽ മത്സരങ്ങളുമാണ് കൊല്ലത്ത് നടക്കുക.
കഴിഞ്ഞ തവണ സെമിഫൈനലിൽ കളിച്ച ആതിഥേയരായ കേരളം, തമിഴ്നാട്, മണിപ്പൂ൪, സ൪വീസസ് എന്നീ ടീമുകൾ നേരിട്ട് ക്വാ൪ട്ടറിലെത്തിയിട്ടുണ്ട്. കേരളമുൾപ്പെട്ട ക്വാ൪ട്ട൪ ഫൈനൽ മത്സരങ്ങൾ കൊച്ചിയിൽ നടക്കും. മൊത്തം 45 മത്സരങ്ങളാകും കേരളത്തിൽ നടക്കുക. ഉത്ത൪പ്രദേശ് ഉൾപ്പെട്ട ഗ്രൂപ്പിലെ മത്സരങ്ങൾ അവിടെയാവും നടക്കുക.
കേരള ടീമിൻെറ പരിശീലനക്യാമ്പിൽ നിന്ന് ആദ്യഘട്ടമായി 11 താരങ്ങളെ ഒഴിവാക്കി. ഇനി ക്യാമ്പിലുള്ള 32 താരങ്ങളിൽ നിന്നാകും അന്തിമഇലവനെ തെരഞ്ഞെടുക്കുകയെന്ന് കേരള ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.
പരിശീലന ക്യാമ്പ് തിരുവനന്തപുരം എൽ.എൻ.സി.പി.ഇ.യിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ സെമിഫൈനലിൽ വരെ എത്തിയ ടീം ഇക്കുറി കിരീടം ലക്ഷ്യമിട്ട് കടുത്ത പരിശീലനത്തിലാണ്. മത്സരത്തിന് വേദിയാവുന്ന കൊല്ലം ലാൽ ബഹദൂ൪ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കെ.എഫ്.എ അറിയിച്ചു. ഇവിടെ താൽക്കാലിക ഫ്ളഡ് ലൈറ്റ് സംവിധാനം ഏ൪പ്പെടുത്താൻ ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്.
ജനുവരി 15 ന് നടക്കുന്ന ഇന്ത്യ-ഇംഗ്ളണ്ട് ഏകദിന മത്സരത്തിന് ശേഷം കൊച്ചി സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.