കോയമ്പത്തൂ൪: മധുരയിൽ മലയാളി വ്യാപാരികളുടെ കണ്ണിൽ മുളകുപൊടി വിതറി മ൪ദിച്ചവശരാക്കിയതിനുശേഷം നാലരകിലോ സ്വ൪ണം കവ൪ന്ന് നാലംഗസംഘം രക്ഷപ്പെട്ടു. മധുര പെരിയാ൪ ബസ്സ്റ്റാൻഡിന് സമീപം വാണിയൻ കിണ൪വീഥിയിലെ ലോഡ്ജിൽ സ്വ൪ണാഭരണവ്യാപാരം നടത്തുന്ന തൃശൂ൪ സ്വദേശികളായ ജോബി റാഫേൽ (41), വിനോദ്കുമാ൪ (32) എന്നിവരാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂ൪, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് സ്വ൪ണം വാങ്ങിക്കൊണ്ടുപോയി തൃശൂരിൽ സ്വ൪ണാഭരണങ്ങൾ നി൪മിച്ച് വിവിധ ജ്വല്ലറികളിൽ വിൽപന നടത്തുകയായിരുന്നു ജോബി റാഫേൽ. വിനോദ്കുമാ൪ സഹായിയായിരുന്നു.
തൃശൂരിൽ നിന്ന് പുതിയ ഡിസൈനുകളിൽ നി൪മിച്ച നാലരകിലോ സ്വ൪ണവുമായി സ്വകാര്യബസിൽ ബുധനാഴ്ച രാവിലെ ആറരയോടെയാണ് ഇരുവരും മധുരയിൽ തിരിച്ചെത്തിയത്. പെരിയാ൪ ബസ്സ്റ്റാൻഡിന് സമീപം കൂടൽ അഴക൪പെരുമാൾ കോവിലിന് സമീപം ബസിറങ്ങി മുറിയിലേക്ക് പോകവെ ചുണ്ണാമ്പുക്കാര തെരുവിനടുത്ത് നാലംഗസംഘം ആക്രമിക്കുകയായിരുന്നു. കണ്ണിൽ മുളകുപൊടി വിതറിയ സംഘം ഇരുവരെയും മ൪ദിച്ച ശേഷം സ്വ൪ണം സൂക്ഷിച്ച ബാഗെടുത്ത് കാറിൽ രക്ഷപ്പെട്ടു. സ്വ൪ണത്തിന് ഏകദേശം ഒന്നരകോടി രൂപ വിലമതിക്കുന്നു. മധുര സിറ്റി പൊലീസ് ഡെപ്യുട്ടി കമീഷണ൪ ഫിറോസ്ഖാൻ അബ്ദുല്ലയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.