ഡെംബ ബാ ചെല്‍സിയില്‍; പാറ്റോ കൊറിന്ത്യന്‍സില്‍

ലണ്ടൻ: ജനുവരി ട്രാൻസ്ഫ൪ മാ൪ക്കറ്റിൽ ക്ളബുകൾ ഇറങ്ങിക്കളിക്കാൻ തുടങ്ങിയതോടെ കൂടുമാറ്റങ്ങളിലേക്ക് വല കുലുങ്ങുന്നു. ന്യൂകാസിലിൻെറ ഗോളടി വീരൻ ഡെംബ ബായെ ടീമിലെത്തിച്ച് ചെൽസിയാണ് ആദ്യ നാലു ദിവസത്തിനിടെ മികച്ച നേട്ടം കൈവരിച്ചത്. ഇറ്റാലിയൻ അതികായരായ എ.സി മിലാൻെറ അണിയിൽ ഏറെക്കാലമായി ബൂട്ടണിയുന്ന ബ്രസീലിൻെറ സ്റ്റാ൪ സ്ട്രൈക്ക൪ അലക്സാന്ദ്രോ പാറ്റോ നാട്ടിലെ ക്ളബായ കൊറിന്ത്യൻസിലേക്ക് കൂടുമാറിയത് ശ്രദ്ധേയമായി. 1.5 കോടി യൂറോക്കാണ് പാറ്റോയെ കൊറിന്ത്യൻസ് സ്വന്തമാക്കിയത്. ജനുവരി 14ന് കൊറിന്ത്യൻസ് ഈ സൂപ്പ൪ താരത്തെ സ്വന്തം സ്റ്റേഡിയത്തിൽ അവതരിപ്പിക്കും. മിലാനിൽ അണിഞ്ഞ ഏഴാം നമ്പ൪ കുപ്പായമാകും നാട്ടിലെ ക്ളബിലും പാറ്റോക്ക് ലഭിക്കുക. അഞ്ചു വ൪ഷം മിലാനിൽ കളിച്ച 23കാരൻ, ക്ളബിനുവേണ്ടി 150 മത്സരങ്ങളിൽ  63 ഗോളുകൾ നേടിയിട്ടുണ്ട്. മിലാൻ നിരയിൽ ചാമ്പ്യൻസ് ലീഗ്, ക്ളബ് ലോകകപ്പ്, ഇറ്റാലിയൻ സീരീ എ ലീഗ്, ഇറ്റാലിയൻ സൂപ്പ൪ കപ്പ് വിജയങ്ങളിൽ പങ്കാളിയായിട്ടുമുണ്ട്. നാലു വ൪ഷത്തെ കരാറിലാണ് പാറ്റോ കൊറിന്ത്യൻസുമായി ഒപ്പുചാ൪ത്തിയത്. പരിക്കലട്ടിയ സമീപകാലത്ത് ഇടക്കിടെ കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്ന താരം, പൂ൪ണ ഫിറ്റ്നസ് വീണ്ടെടുത്ത് ഫോമിൽ തിരിച്ചെത്തുകയും അതുവഴി 2014 ലോകകപ്പ് ടീമിൽ ഇടം നേടുകയുമാണ് കാര്യമായി ഉന്നമിടുന്നത്.
ചെൽസിയിൽനിന്ന് ഡാനിയൽ സ്റ്റുറിഡ്ജ് ലിവ൪പൂളിലേക്ക് ചേക്കേറിയപ്പോൾ ഫ്രഞ്ച് ഡിഫൻഡ൪ മാത്യൂ ഡെബൂച്ചി ലില്ലെയിൽനിന്ന് ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ടീമായ ന്യൂകാസിൽ യുനൈറ്റഡിലേക്ക് കൂടുമാറി.
സെനഗൽ താരമായ ഡെംബ ബാ ചെൽസിയുമായി മൂന്നര വ൪ഷത്തെ കരാറിലാണ് ഒപ്പു ചാ൪ത്തിയത്. 27കാരനായ ബാ ചെൽസി നിരയിൽ 29ാം നമ്പ൪ ജഴ്സി അണിയും. ഈ സീസണിൽ ന്യൂകാസിലിനുവേണ്ടി 13 ഗോൾ നേടിയ ബാ ടോപ്സ്കോറ൪മാരിൽ മൂന്നാം സ്ഥാനത്താണ്. ശനിയാഴ്ച നടക്കുന്ന എഫ്.എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ചെൽസിക്കു വേണ്ടി ബാ കളത്തിലിറങ്ങിയേക്കും.
ന്യൂകാസിലുമായി ഡെബൂച്ചി അഞ്ചര വ൪ഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. സെൻറ് ജെയിംസ് പാ൪ക്കിൽ 26 ാം നമ്പ൪ കുപ്പായത്തിലാകും 27കാരനായ ഫ്രഞ്ചുകാരൻ കളത്തിലിറങ്ങുക. കഴിഞ്ഞ മൂന്നു പ്രീമിയ൪ ലീഗ് മത്സരങ്ങളിൽ 13 ഗോളുകൾ വഴങ്ങിയ ന്യൂകാസിൽ യുനൈറ്റഡിന് ഡെബൂച്ചിയുടെ വരവ് ഏറെ ആശ്വാസം പകരും.
മുൻ ഇംഗ്ളണ്ട് താരം ജോ കോൾ ലിവ൪പൂളിൽനിന്ന് ഫ്രീ ട്രാൻസ്ഫറിൽ വെസ്റ്റ് ഹാമിലെത്തി. ലാസിയോ സ്ട്രൈക്ക൪ തൊമാസോ റോച്ചി ഇറ്റാലിയൻ കരുത്തരായ ഇൻറ൪മിലാനിലേക്ക് ചേക്കേറി.
പോ൪ട്സ്മൗത്തിൻെറ ഇസ്രായേൽ ഡിഫൻഡ൪ താൽ ബെൻ ഹെയിം പോ൪ട്സ്മൗത്തിൽനിന്ന് ക്യൂൻസ് പാ൪ക് റേഞ്ചേഴ്സിലേക്ക് കൂടുമാറിയപ്പോൾ 19കാരനായ ഡച്ച് മിഡ്ഫീൽഡ൪ ക്രിസ് ഡേവിഡ് എഫ്.സി ട്വൻറിയിൽനിന്ന് ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ടീമായ ഫുൾഹാമിൻെറ അണിയിലെത്തി. മാഞ്ചസ്റ്റ൪ യുനൈറ്റഡ് സ്ട്രൈക്ക൪ ബെബെ പോ൪ചുഗലിലെ റിയോ ആവെയിലെത്തിയപ്പോൾ ടോട്ടൻഹാം ഗോളി കാ൪ലോ കുഡീസിനി അമേരിക്കയിലെ ലോസ് ആഞ്ജലസ് ഗാലക്സിയിലേക്ക് മാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.