പുരാതന മണ്‍പാത്ര ചീളുകളില്‍ മുസ്‌രിസിന്റെ പുന:സൃഷ്ടി

കൊച്ചി: ആ൪ട്ടിസ്റ്റ് വിവാൻ സുന്ദരത്തിന് തലസ്ഥാനനഗരങ്ങളോട് എന്നും അടക്കാനാകാത്ത ആസക്തിയുണ്ടായിരുന്നു. ആ താൽപ്പര്യത്തിൻെറ പുറത്താണ് വ൪ഷങ്ങൾക്കു മുമ്പ് അദ്ദേഹം ദൽഹിയിൽ മാലിന്യങ്ങൾ കൊണ്ടൊരു നഗരം സൃഷ്ടിച്ചത്.
ആദ്യ ഇന്ത്യൻ ബിനാലെയിൽ വിവാൻ സുന്ദരമെത്തുന്നത് ഇല്ലാതായ ഒരു നഗരത്തെ അവിടത്തെ അസംസ്കൃതവസ്തുക്കൾകൊണ്ട് പുനഃസൃഷ്ടിച്ചാണ്. മുസ്രിസിൽനിന്ന് ഖനനം ചെയ്തെടുത്ത, നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ഇൻസ്റ്റലേഷന് ഉപയോഗിച്ചിരിക്കുന്നത്.  
നഗരങ്ങളെ കണ്ടെടുക്കാനുള്ള  അന്വേഷണത്തിൻെറ തുട൪ച്ചയാണ്  ‘റാക്ക് ഗോൾഡ്’ എന്ന ഇൻസ്റ്റലേഷനെന്ന് വിവാൻ പറയുന്നു. മുസ്രിസിൻെറ ഭാഗമായിരുന്ന പട്ടണം മേഖലയിൽ ഖനനപര്യവേഷണങ്ങൾക്കു നേതൃത്വം നൽകുന്ന  കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ട൪ ഡോ. പി.ജെ. ചെറിയാനുമായി സെപ്റ്റംബറിൽ നടന്ന കൂടിക്കാഴ്ചയാണ് വിവാൻെറ  ഇൻസ്റ്റലേഷന് നിമിത്തമായത്. മുസ്രിസിനെപ്പറ്റി വിശദീകരിക്കുന്നതിനിടയിലാണ് ലക്ഷക്കണക്കിനുള്ള മൺപാത്രാവശിഷ്ടങ്ങളെപ്പറ്റി ഡോ.ചെറിയാൻ പറഞ്ഞത്. പിന്നെ, പഠനത്തിൻെറ കാലമായിരുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടിൽ പണത്തിൻെറ വിനിയോഗം തുടങ്ങും മുമ്പ് ബാ൪ട്ട൪ സിസ്റ്റം നിലനിന്ന വലിയൊരു തുറമുഖ വ്യാപാരകേന്ദ്രമായിരുന്ന മുസ്രിസ് 14ാം നൂറ്റാണ്ടിൽ തക൪ന്നടിഞ്ഞതിനെപ്പറ്റി ചരിത്രാന്വേഷിയുടെ കൗതുകത്തോടെ വിവാൻ വായിച്ചറിഞ്ഞു. മുസ്രിസിൽ മണ്ണിനടിയിൽ നൂറ്റാണ്ടുകളോളം കിടന്ന മൺകല കഷണങ്ങൾ ശേഖരിച്ചു. ആ ചെറു കഷണങ്ങൾ പലവിധത്തിൽ കൂട്ടിച്ചേ൪ത്തും നിരത്തിവെച്ചും കെട്ടിയുയ൪ത്തിയും ഒരു നഗരരൂപത്തിൻെറ അദ്ഭുതകരമായ  പുനഃസൃഷ്ടിയാണ് വിവാൻ സുന്ദരം നടത്തിയിരിക്കുന്നത്.
മുസ്രിസിൻെറ ശക്തമായ വാണിജ്യബന്ധങ്ങൾ സൂചിപ്പിക്കാൻ കുരുമുളകും ഉപയോഗിച്ചിരിക്കുന്നു. ഈ സൃഷ്ടിയുടെ വിവിധ ഘട്ടങ്ങളത്രയും ചിത്രീകരിച്ച് ഒരു വീഡിയോ ഇൻസ്റ്റലേഷനും ബിനാലെയിൽ തയാറാക്കിയിട്ടുണ്ട്. വിവാൻ സുന്ദരത്തിൻെറ ഭാര്യയും പ്രമുഖ കലാനിരൂപകയുമായ ഗീത കപൂറും ബിനാലെയിൽ പങ്കെടുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.