പരിഗണിച്ചില്ല; ജനതാദള്‍(യു) ഇടത്തേക്ക് ചാഞ്ഞു

ആറ്റിങ്ങല്‍: യു.ഡി.എഫിലെ ഘടകകക്ഷിയായ ജനതാദള്‍ (യു) ചിറയിന്‍കീഴ് മണ്ഡലത്തില്‍ എല്‍.ഡി.എഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നു. എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ (യു) കേരളത്തില്‍ യു.ഡി.എഫിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പില്‍ അര്‍ഹമായ സീറ്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധ സൂചകമായാണ് എതിര്‍ മുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ തവണത്തെ സിറ്റിങ് സീറ്റുകള്‍പോലും നിയോജകമണ്ഡലത്തില്‍ വിട്ട് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എല്ലാ പഞ്ചായത്തുകളിലും നിശ്ചിത സീറ്റുകളില്‍ മത്സരിക്കാന്‍ ആദ്യ ഘട്ടത്തില്‍ ജനതാദള്‍ (യു) തീരുമാനിച്ചിരുന്നു. ഇത് വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് മാത്രമേ സഹായിക്കൂ. തങ്ങളുടെ അഭാവം ഉണ്ടാക്കുന്ന നഷ്ടം വ്യക്തമാക്കാന്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ജനതാദള്‍ (യു) നേതാക്കള്‍ പറയുന്നത്. പഞ്ചായത്ത് തലത്തില്‍ പ്രത്യേകം സ്ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജനതാദളിന്‍െറ(യു) നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ അയിലം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.