ഷട്ട്ല്‍ മാറി ആപ്പ്ളായി; സ്ഥാനാര്‍ഥി ആപ്പിലുമായി

വടുതല: രണ്ട് റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കുകയും വീടുകള്‍ കയറിയിറങ്ങി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥിക്കുകയും കത്ത് വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്ത സ്ഥാനാര്‍ഥി ഒടുവില്‍ ആപ്പിലായി. തെരഞ്ഞെടുപ്പ് കമീഷന്‍ ആദ്യം അനുവദിച്ച ഷട്ട്ല്‍ ചിഹ്നം മാറ്റി ആപ്പ്ള്‍ ചിഹ്നം കൊടുത്തതാണ് കാരണം. ബ്ളോക് പഞ്ചായത്ത് അരൂക്കുറ്റി ഡിവിഷന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സജീഷ് അരൂക്കുറ്റിക്കാണ് ‘പണി’കിട്ടിയത്.

ആദ്യം അനുവദിച്ചത് ഷട്ട്ല്‍ ചിഹ്നമായിരുന്നു. ആ ചിഹ്നം ഉപയോഗിച്ച് പോസ്റ്റര്‍ അടിച്ച് നാടുനീളെ ഒട്ടിച്ചു. അഭ്യര്‍ഥനനോട്ടീസുകളും വിതരണം ചെയ്തു. പ്രചാരണം അവസാനഘട്ടത്തിലെക്ക് കടന്നപ്പോഴാണ് കഴിഞ്ഞദിവസം രാത്രി ബ്ളോക് ഓഫിസില്‍നിന്ന് ചിഹ്നം മാറിയെന്ന അറിയിപ്പ് ഫോണില്‍ വരുന്നത്. ഇതോടെ സ്ഥാനാര്‍ഥി അങ്കലാപ്പിലായി.

എന്തുചെയ്യുമെന്ന് അറിയാതെ നട്ടംതിരിഞ്ഞു. ഒടുവില്‍ നാടുനീളെ ഒട്ടിച്ച പോസ്റ്ററില്‍ ഷട്ട്ല്‍ ചിഹ്നം ഇരുന്ന സ്ഥലത്ത് ആപ്പ്ള്‍ ചിഹ്നം പതിച്ച് പരിഹാരം കണ്ടു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ആദ്യം ഒരുറൗണ്ട് പോയ വീടുകളില്‍ വീണ്ടും പോയി പുതിയ ചിഹ്നം പരിചയപ്പെടുത്തേണ്ട അവസ്ഥയാണ്. ഇനി അതിനുള്ള ഓട്ടമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.