ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് വേടരപ്ളാവ് 17ാം വാര്‍ഡിലെ ലക്ഷംവീട് കോളനി നിവാസികള്‍ ഇത്തവണ രണ്ടുംകല്‍പിച്ചുള്ള തീരുമാനത്തിലാണ്. കോളനിയിലെ നിരവധി പ്രശ്നങ്ങള്‍ പലപ്പോഴായി അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഫലമുണ്ടായില്ല. അതിനാല്‍, ഇത്തവണ പഞ്ചായത്ത് തെരഞ്ഞെടുപ്പുതന്നെ ബഹിഷ്കരിക്കാനാണ് തീരുമാനം. 20 കുടുംബങ്ങളിലായി 75ഓളം വോട്ടര്‍മാര്‍ ഇവിടെയുണ്ട്. പതിറ്റാണ്ടുകളായി നേരിടുന്ന പ്രയാസങ്ങള്‍ നിരവധിയാണ്.
ജനപ്രതിനിധികളും രാഷ്ട്രീയക്കാരും കാണിക്കുന്ന അലംഭാവം അവരെ ചൊടിപ്പിച്ചു. 10 ഇരട്ടവീടുകളില്‍ 20 കുടുംബങ്ങള്‍ താമസിക്കുന്നു. ഓരോമുറിയും ചെറിയ രണ്ട് അടുക്കളയുമാണുള്ളത്. ഇത് വല്ലാത്ത ജീവിതസാഹചര്യമുണ്ടാക്കുന്നു. ഓടുകള്‍ പൊട്ടി ജനാലകളും കതകുകളും നശിച്ച് ഭിത്തികള്‍ പൊട്ടിപ്പൊളിഞ്ഞ് സിമന്‍റ് തറകള്‍ ഇളകി കുണ്ടുംകുഴിയുമായി കിടക്കുന്ന ദുരവസ്ഥ. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍പോലും അവര്‍ക്ക് ബുദ്ധിമുട്ടേണ്ടിവരുന്നു. കുടിവെള്ള സംവിധാനമായ പൊതുകിണറിന്‍െറ തൊടികള്‍ ഇടിഞ്ഞുകിടക്കുകയാണ്. കോളനിയിലേക്കുള്ള വഴിവിളക്കുകള്‍ കത്തുന്നില്ല. കോളനി വഴിയുള്ള പഞ്ചായത്ത് റോഡും തകര്‍ച്ചയിലാണ്.
റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ സമരം നടത്തിയതല്ലാതെ ഫലമുണ്ടായില്ല. ഒറ്റ വീടുകളാക്കുമെന്ന പ്രഖ്യാപനം മാത്രമേ ഉണ്ടായിട്ടുള്ളൂ. പട്ടയം ലഭിച്ച ഭൂമി പേരില്‍കൂട്ടി നല്‍കാനും നടപടി ഉണ്ടായില്ല. വിവിധ പാര്‍ട്ടികളില്‍പെട്ടവര്‍, ജാതികളില്‍പെട്ടവര്‍ എല്ലാവരും ഇവിടെ താമസിക്കുന്നുണ്ട്. വോട്ട് ബഹിഷ്കരണമല്ലാതെ ഇതിന് പരിഹാരമുണ്ടാകില്ളെന്ന് അവര്‍ മനസ്സിലാക്കുന്നു. കോളനിയുടെ മുന്നില്‍ വോട്ട് ബഹിഷ്കരണ ബാനറും ഉയര്‍ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.