‘രാജാവ്’ ബൂത്തിലത്തെും; ജനാധിപത്യം സംരക്ഷിക്കാന്‍

കല്‍പറ്റ: പുല്‍പള്ളി പാക്കം തിരുമുഖം കോളനിക്കു താഴെ റോഡരികില്‍ പ്രചാരണം കൊഴുക്കുകയാണ്. കോളനിയിലെ വലിയപുര എന്നു പേരിട്ടുവിളിക്കുന്ന കൊച്ചുഹാളിന്‍െറ ഉമ്മറപ്പടിയില്‍ ഇതിലേക്കൊന്നും ശ്രദ്ധ കൊടുക്കാതെ ‘പാക്കം രാജാവ്’ പിട്ടന്‍ മൂപ്പന്‍ ഉച്ചമയക്കത്തിലാണ്. ജനാധിപത്യത്തിന്‍െറ പുതുകാലത്ത് അധികാരങ്ങളും അവകാശഭൂമിയുമൊക്കെ അന്യംനിന്നുപോയെങ്കിലും പുല്‍പള്ളിക്കടുത്ത് കാടിനോടു തൊട്ടുകിടക്കുന്ന ‘പാക്കം ദേശത്ത്’ ഇപ്പോഴും തീരുമാനങ്ങളും തീര്‍പ്പുകളുമെല്ലാം മൂപ്പന്‍േറതുതന്നെയാണ്. പട്ടാഭിഷേകവും രാജകിരീടവുമില്ളെങ്കിലും 80കാരനായ വലിയ മൂപ്പന്‍െറ വാക്കിന് തിരുമുഖം കോളനിയില്‍ ഇന്നും എതിരഭിപ്രായമുയരില്ല. പ്രായാധിക്യം കാഴ്ചയെയും കേള്‍വിയെയും ബാധിച്ചെങ്കിലും പതിവു തെറ്റാതെ ഈ തെരഞ്ഞെടുപ്പിലും പുല്‍പള്ളി ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡിലെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ ‘രാജാവും’ ഭാര്യ ചോപ്പമൂപ്പത്തിയും അതിരാവിലെ ബൂത്തിലത്തെി വോട്ടുചെയ്യും. എന്നാല്‍, 58 കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലെ വോട്ടുകളൊക്കെ ആര്‍ക്ക് ചെയ്യണമെന്ന കാര്യത്തില്‍ ഒരു തെരഞ്ഞെടുപ്പിലും മൂപ്പന്മാര്‍ അഭിപ്രായം പറയാറില്ല.
ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ കോളനിയില്‍നിന്നുള്ളവരാണ്. ജനറല്‍ വനിതാ വാര്‍ഡായ 19ല്‍ കോളനിയിലെ കുറുമ സമുദായക്കാരെയാണ് മുന്നണികള്‍ കളത്തിലിറക്കിയത്. യു.ഡി.എഫിനു വേണ്ടി ശ്യാമള രവിയും എല്‍.ഡി.എഫിനുവേണ്ടി സരോജിനി ശേഖരനുമാണ് അങ്കത്തട്ടില്‍. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമാണ് കോളനിയില്‍ ഏറെയും. ബന്ധുത്വം വോട്ടിനെ സ്വാധീനിക്കുമെന്നതിനാല്‍ പാര്‍ട്ടിമാറിയും ഇവിടെ വോട്ടുചെയ്യും. പ്രചാരണത്തിലും കോളനിക്കാര്‍ സജീവമായുണ്ട്. പരമ്പരാഗതമായി മതേതര കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന കുറുമ സമുദായത്തില്‍ ബി.ജെ.പിക്ക് വേരോട്ടം കുറവാണ്. അതുകൊണ്ടുതന്നെ കോളനിയിലും വാര്‍ഡിലുമൊക്കെ ബി.ജെ.പി സാന്നിധ്യം ശുഷ്കം.
റോഡിനപ്പുറത്തെ 20ാം വാര്‍ഡിലും ഗോത്രവര്‍ഗ വോട്ടുകളാണ് കൂടുതലും. കുറുമ സമുദായം പരമ്പരാഗതമായി കാര്‍ഷികവൃത്തിയിലും നായാട്ടിലുമൊക്കെ കേമന്മാരാണ്. മൂപ്പന്‍െറ (രാജാവിന്‍െറ) പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിന് കര്‍ശനമായ സമുദായ ചിട്ടകളുണ്ടിവിടെ. പിട്ടനുമുമ്പ് ജ്യേഷ്ഠന്‍ കാപ്പിമൂപ്പനായിരുന്നു തറവാടിന്‍െറ നേതൃസ്ഥാനത്ത്. അതിനുമുമ്പ് കരുണന്‍ മൂപ്പന്‍. പുതിയ രാജാവിനെ വാഴിക്കുന്ന പട്ടാഭിഷേക ചടങ്ങിനോടനുബന്ധിച്ചുള്ള നിര്‍ബന്ധ ആചാരമായിരുന്നു അമ്പും വില്ലും ഉപയോഗിച്ച് സംഘം ചേര്‍ന്നുള്ള വേട്ടയാടല്‍. നായാട്ട് നിരോധിച്ചതിനെ തുടര്‍ന്ന് പട്ടാഭിഷേകം നടക്കാത്തതിനാല്‍ കരുണന്‍ മുതലുള്ളവര്‍ ഒൗദ്യോഗികമായി രാജപദവിയിലേറാതെ പോയി. വലിയപുരക്ക് തൊട്ടുള്ള ക്ഷേത്രമുറ്റം വെട്ടിവൃത്തിയാക്കുന്ന തിരക്കിലാണ് മൂപ്പന്‍െറ മകന്‍ ടി.പി. മുകുന്ദന്‍. തെരഞ്ഞെടുപ്പ് ചൂടിനൊപ്പമാണ് ചൊവ്വാഴ്ച വയനാട്ടിലെ കുറുമ സമുദായത്തിന്‍െറ പ്രധാന ആചാരങ്ങളിലൊന്നായ തുലാപ്പത്തുമത്തെുന്നത്. പുഴക്കപ്പുറത്തെ ചെറിയ മല കോളനിയില്‍നിന്ന് കാട്ടിനുള്ളിലൂടെ രണ്ടു കിലോമീറ്റര്‍ നടന്ന് സമുദായ വെളിച്ചപ്പാട് വെളുത്തയത്തെിയതോടെ മൂപ്പന് സന്തോഷമായി. കുറുമ ഭാഷയില്‍ തെരഞ്ഞെടുപ്പ് വിശേഷങ്ങളടക്കമുള്ള സജീവ ചര്‍ച്ചയായി പിന്നെ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.