കരുണാകര കടാക്ഷത്തിന്‍െറ ഓര്‍മയില്‍...

പത്തുവര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2005 മേയ് ഒന്നിന് കെ. കരുണാകരന്‍ തൃശൂരില്‍ ജന്മം നല്‍കിയ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് (ഡി.ഐ.സി) യഥാര്‍ഥത്തില്‍ ഇടതുപക്ഷത്തിന്‍െറ ജന്മസാഫല്യമായിരുന്നു. നഗരസഭയായിരുന്ന കാലത്ത് തൃശൂര്‍ ഭരിക്കാന്‍ അവസരം കിട്ടാതെ പോയ ഇടതുപക്ഷത്തിന് ആ ഭാഗ്യം സമ്മാനിച്ചത് അല്‍പായുസ്സായ ഡി.ഐ.സിയാണ്. 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ കോര്‍പറേഷന്‍ ഭരണം ഇടതുപക്ഷത്തിന്‍െറ കൈയിലത്തെി, അതും മൃഗീയ ഭൂരിപക്ഷത്തോടെ. ആ നന്ദി ഇപ്പോഴും ഇടതുപക്ഷത്തിനുണ്ട്. അന്ന് ഡി.ഐ.സിയുടെ പിന്തുണ കിട്ടിയതു കൊണ്ടു മാത്രം ഭരണത്തില്‍ വന്നതാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് തുറന്ന് പറയുന്നതും സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ പറയാതെ പറയുന്നതും അതുകൊണ്ടാണ്. ഡി.ഐ.സി ശൂന്യതയില്‍ ലയിച്ച ശേഷം 2010ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സൂനാമിയില്‍ ഇടതുപക്ഷം ഒലിച്ചുപോയ കോര്‍പറേഷനാണ് തൃശൂര്‍.
ഇത്തവണ ഭരണം പിടിക്കാമെന്ന അമിത വിശ്വാസമൊന്നും ഇടതുപക്ഷത്തിനില്ല. പൊതുയോഗങ്ങളില്‍ എന്ത് പറഞ്ഞാലും തൃശൂര്‍ കോണ്‍ഗ്രസിന്‍െറ കോട്ടയാണെന്ന് ഇടത് നേതാക്കള്‍ രഹസ്യമായി സമ്മതിക്കും. ഒരു കാര്യത്തില്‍ ഇടതുപക്ഷത്തിന് ഉറപ്പുണ്ട്. കഴിഞ്ഞ തവണത്തെ തകര്‍ച്ച ആവര്‍ത്തിക്കില്ല. മറുഭാഗത്ത്  യു.ഡി.എഫിന് ഭരണം നിലനിര്‍ത്താനാവുമെന്നതില്‍ സംശയമില്ല. ആശങ്ക മുഴുവന്‍ വിമതര്‍ ചോര്‍ത്തുന്ന വോട്ടിനെക്കുറിച്ചാണ്. ചില ഡിവിഷനുകളില്‍ ഈ ആശങ്കക്ക് ന്യായവുമുണ്ട്. പാര്‍ട്ടി സ്ഥാനാര്‍ഥിയെ രണ്ടോ മൂന്നോ നാലോ സ്ഥാനത്തേക്ക് തള്ളാന്‍ കരുത്തുള്ള വിമതര്‍ മത്സരിക്കുന്ന ഡിവിഷനുമുണ്ട്. നടപടി കൊണ്ടോ ഭീഷണി കൊണ്ടോ വിരട്ടല്‍ കൊണ്ടോ ഫലമില്ളെന്ന് പാര്‍ട്ടിക്കറിയാം.
എസ്.എന്‍.ഡി.പി മധുവിധുവിന്‍െറ ലഹരിയിലാണ് ബി.ജെ.പി. കാലാവധി കഴിഞ്ഞ കോര്‍പറേഷന്‍ ഭരണസമിതിയില്‍ ബി.ജെ.പിക്ക് രണ്ട് കൗണ്‍സിലര്‍മാരുണ്ട്. ഇത് ഇത്തവണ നിലനിര്‍ത്താനാവുമെന്നല്ല പാര്‍ട്ടിവിലയിരുത്തല്‍. പകരം പുതിയ അഞ്ച് ഡിവിഷന്‍ കിട്ടുമെന്നാണ്. അതേസമയം, എസ്.എന്‍.ഡി.പി സഖ്യം നഗരത്തില്‍ കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല. അധികാരം നിലനിര്‍ത്തുമെന്ന് ആത്മവിശ്വാസമുള്ള കോണ്‍ഗ്രസില്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി പുകച്ചില്‍ ഇപ്പോഴേ പ്രകടം. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ മകള്‍ സി.ബി. ഗീതയാണ് മേയര്‍ സ്ഥാനാര്‍ഥിയെന്ന പ്രചാരണം വെറുതെയാണെന്ന് എ ഗ്രൂപ് നേതാക്കള്‍ പറയുന്നുണ്ട്. ഇടതുപക്ഷം അത്തരം പ്രഖ്യാപനത്തിനില്ളെങ്കിലും മേയറാക്കാന്‍ പറ്റിയ വനിതയെ കണ്ടുവെച്ചിട്ടുണ്ട്. ഭരണം കിട്ടാന്‍ തരിമ്പു പോലും സാധ്യതയില്ലാത്ത ബി.ജെ.പിയാണ് മേയര്‍ സ്ഥാനാര്‍ഥിയെ എടുത്തു കാട്ടുന്നത്. അത്രത്തോളമുണ്ട് ആത്മവിശ്വാസം എന്നാണ് പാര്‍ട്ടി നേതാക്കളുടെ പക്ഷം.
കോര്‍പറേഷനില്‍ 14 ഡിവിഷനിലേക്ക് ആം ആദ്മി പാര്‍ട്ടി മത്സരിക്കുമ്പോള്‍ നാലിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.