പി.കെ. രാഗേഷ് ഉള്‍പ്പെടെ വിമത സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി

കണ്ണൂര്‍: കോര്‍പറേഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരായി ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയുടെ ബാനറില്‍ മത്സരിക്കുന്ന വിമത സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. കണ്ണൂര്‍ കോര്‍പറേഷനിലെ 55ാം വാര്‍ഡായ പഞ്ഞിക്കയില്‍ യു.ഡി.എഫിലെ ഒൗദ്യോഗിക മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന മുന്‍ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. രാഗേഷ്, ഒന്നാം വാര്‍ഡ് പള്ളിയാംമൂലയില്‍ മത്സരിക്കുന്ന കെ.പി. അനിത, രണ്ടാം വാര്‍ഡായ കുന്നാവില്‍ മത്സരിക്കുന്ന കെ. ബാലകൃഷ്ണന്‍, നാലാം വാര്‍ഡായ പള്ളിക്കുന്നില്‍ മത്സരിക്കുന്ന ലീല, അഞ്ചാം വാര്‍ഡായ തളാപ്പില്‍ മത്സരിക്കുന്ന കെ. നൈന, 54ാം വാര്‍ഡ് ചാലാട്  മത്സരിക്കുന്ന ശോഭന എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയത്.  കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നിര്‍ദേശ പ്രകാരമാണ് ഇവരെ പുറത്താക്കിയതെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍, അച്ചടക്ക നടപടി അംഗീകരിക്കില്ളെന്ന് പി.കെ. രാഗേഷ് പറഞ്ഞു.

പള്ളിക്കുന്ന് പഞ്ചായത്തിലും പരിസരത്തും കോണ്‍ഗ്രസില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് പി.കെ. രാഗേഷ്. 15 ബൂത്തുകളില്‍ 10ഉം കെ. സുധാകര വിരുദ്ധ വിഭാഗത്തിന്‍െറ കൈയിലാണ്. കോര്‍പറേഷന്‍ യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചക്കിടെ പഞ്ഞിക്കീല്‍ വാര്‍ഡിനെച്ചൊല്ലിയുണ്ടായ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കമാണ് വിമതരുടെ രംഗപ്രവേശത്തിനും പുറത്താക്കല്‍ നടപടിയിലേക്കും നയിച്ചത്. രാഗേഷും സംഘവും ഐക്യ ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ പാനല്‍ തയാറാക്കി സൈക്കിള്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് ഡി.സി.സി പ്രസിഡന്‍റ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.