ഞെട്ടാന്‍ ഒരുങ്ങിക്കോളൂ; ഇത്തവണ മോദിയും രാഹുലും കാരാട്ടും വീട്ടിലെത്തും

കൊല്ലം: മോദിയും രാഹുല്‍ ഗാന്ധിയും കാരാട്ടും നേരിട്ട് വീടുകളില്‍ വോട്ടഭ്യര്‍ഥിക്കണോ. ദാ ഇവിടെ അവര്‍ തയാറാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യണമെന്നുമാത്രം. മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും കാരാട്ടിന്‍െറയും ഒക്കെ വിവിധ രൂപത്തിലുള്ള മുഖംമൂടികള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍റാണ്. അടവുനയങ്ങള്‍ പയറ്റി എങ്ങനെ വോട്ട് നേടണമെന്ന് വിപണി തീരുമാനിക്കും. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ്, ബി.ജെ.പി, ജനതാദള്‍ എന്നുവേണ്ട  ഏത് പാര്‍ട്ടിയുടെയും കൊടികള്‍ അടക്കമുള്ള മുഴുവന്‍ പ്രചാരണവസ്തുക്കളും തയാറായിക്കഴിഞ്ഞു.

ഗുരുദേവന്‍െറ ചിത്രമുള്ള കൊടികള്‍ക്കും വന്‍  ഡിമാന്‍റാണത്രെ. മുഖംമൂടിയും കൊടിയും മാത്രമല്ല, ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത കുടകളും  വിവിധ തരത്തിലുള്ള തോരണങ്ങളും ബലൂണ്‍, റിബണ്‍, ടീ ഷര്‍ട്ട്, ചിഹ്നങ്ങള്‍, കൊടിക്കൂറ, തൊപ്പി, പോക്കറ്റ് ബാഡ്ജ്, മാല, സ്വീകരണമാല, ഷാള്‍ തുടങ്ങി  മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണത്തിന് ആവശ്യമായ മുഴുവന്‍ സാധനങ്ങളും തെരഞ്ഞെടുപ്പ് സ്പെഷലായി ഇറങ്ങിയിട്ടുണ്ട്. സ്വതന്ത്രരെയും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെയും ഒഴിവാക്കിയിട്ടില്ല.

അവര്‍ക്ക് പ്രചാരണത്തിന് വേണ്ടതും വിപണിയിലുണ്ട്. കസേര, ജീപ്പ്, ബള്‍ബ്, കണ്ണട, ഗ്യാസ്കുറ്റി, റാന്തല്‍, വാച്ച്, ടോര്‍ച്ച്, മണി, ടി.വി അടക്കം 25ലധികം സ്വതന്ത്രചിഹ്നങ്ങള്‍ പ്രിന്‍റ് ചെയ്ത തോരണങ്ങളും കൊടികളും ലഭ്യമാണെങ്കിലും മുന്‍കൂട്ടി ബുക് ചെയ്താലേ ലഭിക്കുകയുള്ളൂ. നേതാക്കളുടെ വലിയ ഫോട്ടോകള്‍ മുതല്‍ ചെറിയ ഫോട്ടോകള്‍ വരെയും വില്‍പനക്കാനുണ്ട്. 25 രൂപ മുതല്‍ 350 രൂപ വരെയുള്ള കൊടികള്‍ ലഭ്യമാണ്.

കുടകള്‍ക്ക് 240 രൂപയാണ് വില. വിവിധ തൊപ്പികള്‍ക്ക് 30 രൂപ മുതല്‍ വിലയുണ്ട്. വിവിധ സംഘടനകളുടെ കൊടികള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനും വ്യാപാരികള്‍ രംഗത്തുണ്ട്. ഹൈദരാബാദ്, ഡല്‍ഹി, സൂററ്റ് എന്നിവിടങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തുന്നതെന്ന് കൊല്ലത്തെ മൊത്തവ്യാപാരിയായ സുല്‍ഫിക്കര്‍ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.