വല്ലാത്തൊരു യോഗം ഇത് വാര്‍ധക്യപുരാണം...

തൃപ്രയാര്‍: സീറ്റ് കിട്ടാന്‍ യൂത്തന്‍മാര്‍ ഷര്‍ട്ടൂരി പ്രക്ഷോഭം നടത്തുമ്പോള്‍ 80ാം വയസ്സില്‍ ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുകയാണ് വി. പ്രഭാകരന്‍. അധികാരവഴിയില്‍ എന്തിന് പ്രായം തടസ്സമാകണമെന്നാണ് ചോദ്യം. വലപ്പാട് പഞ്ചായത്ത് ഏഴാം വാര്‍ഡിലാണ് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് കൂടിയായ പ്രഭാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. സ്ഥാനാര്‍ഥിമോഹം മനസ്സില്‍ താലോലിച്ച പലരെയും വെട്ടിയാണ് പ്രഭാകരന് നറുക്ക് വീണത് എന്നത് മറ്റൊരു സത്യം.

പ്രഭാകരന്‍ ഗോദയിലിറങ്ങിയതോടെ മനസ്സില്ലാമനസോടെയാണെങ്കിലും പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് പലരും രംഗത്തുണ്ട്. പാര്‍ട്ടി നിര്‍ദേശമല്ളേ അനുസരിക്കാതിരിക്കാന്‍ പറ്റില്ലല്ളോ. പ്രചാരണത്തിന് ഇറങ്ങിയില്ളെങ്കില്‍ 80 വയസ്സായാലും തങ്ങള്‍ക്ക് സീറ്റ് കിട്ടില്ളെന്ന ആശങ്കയും ചിലര്‍ക്കുണ്ട്.  ഒരിക്കല്‍ ഭാഗ്യപരീക്ഷണം നടത്തി പരാജയപ്പെട്ടെങ്കിലും ഇക്കുറി വിജയം ഉറപ്പിച്ച് തന്നെയാണ് പ്രഭാകരന്‍െറ പുറപ്പാട്. കോണ്‍ഗ്രസിന്‍െറ ഭാരവാഹിത്വം വഹിച്ചുവരുന്നതിനിടെയാണ് ഒന്നുകൂടി മത്സരിക്കാന്‍ മനസ്സിലൊരാശ.  ഒട്ടും മടിക്കാതെ കോണ്‍ഗ്രസ് നേതൃത്വത്തോട് കാര്യം പറഞ്ഞു. യൂത്തന്‍മാര്‍ ഉള്‍പ്പെടെ കസേരക്ക് വേണ്ടി പരക്കം പായുമ്പോഴും പരിചയസമ്പന്നനും പാര്‍ട്ടിക്ക് വേണ്ടി ഇത്രയും നാള്‍ ജീവിതം നീക്കിവെക്കുകയും ചെയ്ത പ്രഭാകരനെ കൈവിടാന്‍ നേതൃത്വത്തിന് മനസ്സുവന്നില്ല. കൂടെ നില്‍ക്കുന്നവര്‍ കാലുവാരിയില്ളെങ്കില്‍ വിജയം ഉറപ്പെന്ന് പ്രഭാകരന്‍.

അതേസമയം, ഇപ്പോഴത്തെ ഭരണസമിതിയംഗവും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുമായ കെ.എസ്. സുരേന്ദ്രനെ ഇവിടെ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. വാര്‍ഡ് വികസനത്തിന് ഓടിനടന്ന സുരേന്ദ്രന് പാര്‍ട്ടി ഇങ്ങനെയൊരു പണി കൊടുക്കുമെന്ന് അദ്ദേഹവും കരുതിയില്ല. തന്നെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് കഴിമ്പ്രം ബ്ളോക് പഞ്ചായത്ത് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ സുരേന്ദ്രന്‍ പത്രിക നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ തനിക്ക് പണിയാകുമോയെന്ന ആശങ്ക പ്രഭാകരനും ഇല്ലാതില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.