തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതേരീതിയിൽ മുന്നോട്ട് പോയി മൂന്നാമതും അധികാരത്തിൽ വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തോൽവിയിൽ വെള്ളാപ്പള്ളിയുടെ സംഭാവനയൊന്നും ഇല്ലെന്നും ആരുടെ പങ്കും പരിശോധിക്കുന്നതിൽ പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതു മുന്നണിയുടെ തോൽവിയെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വർഗീയതയുടെ ഭാഗമായ ഇടപെടലിന്‍റെ ഫലമായി ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും ലീഗും കോൺഗ്രസുമൊക്കെയായി ബന്ധപ്പെട്ട ചില വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. മലപ്പുറത്തടക്കം ചില ജില്ലകളിലുണ്ടായ പരാജയം സംബന്ധിച്ച് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗം ഞങ്ങൾക്കെതിരായിപ്പോയി എന്നൊന്നും പറയാൻ സാധിക്കില്ല. കാരണം, മലപ്പുറം ജില്ലയിലെ വോട്ട് പരിശോധിച്ചപ്പോൾ 10 ലക്ഷം വോട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ട്. അപ്പോൾ ഇടതുമുന്നണിക്ക് എല്ലാ സമുദായിക വിഭാഗങ്ങൾക്കിടയിലും താരതമ്യേന നല്ല വോട്ട് നേടാനായിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത് -അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നിരന്തരം നടത്തിയ വർഗീയ പ്രസ്താവന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, വെള്ളാപ്പള്ളിയുടെ കാര്യത്തിൽ നിങ്ങളെന്തിനാണ് ഇത്ര ബേജാറാകുന്നതെന്നും അത് പരിശോധിക്കുമെന്നുമായിരുന്നു മറുപടി. തോൽവിയിൽ വെള്ളാപ്പള്ളിയുടെ സംഭാവന പരിശോധിക്കുന്നതിൽ പേടിയുണ്ടോ എന്ന ചോദ്യത്തിന്, വെള്ളാപ്പള്ളിയുടെ സംഭാവനയൊന്നും ഇല്ലെന്നും ആരുടെ പങ്കും പരിശോധിക്കുന്നതിൽ ഒരു പേടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സംശയവും വേണ്ട, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇതേരീതിയിൽ മുന്നോട്ട് പോയി തെറ്റെല്ലാം തിരുത്തി ജനങ്ങളെ മുന്നോട്ട് നയിച്ച് വീണ്ടും അധികാരത്തിൽ വരുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ഇടത് ഹിന്ദുത്വ ആശയം ദോഷം ചെയ്തോ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന്, ഇടത് ഹിന്ദുത്വ ആശയം എന്ന് പറഞ്ഞാൽ എന്താണ് എന്ന തിരിച്ചുള്ള ചോദ്യമായിരുന്നു മറുപടി. ‘ഇടത് ഹിന്ദുത്വ’യെക്കുറിച്ചുള്ള ആഖ്യാനങ്ങൾക്ക് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാൻ കഴിയുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.