ന്യൂഡൽഹി: ഇൻഡിഗോയുടെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതിൽ ജുഡീഷ്യൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി നിരസിച്ചു. ഈ വിഷയം പരിഗണിക്കാൻ ഡൽഹി ഹൈകോടതിയെ സമീപിക്കാനും ഹരജിക്കാരനോട് ആവശ്യപ്പെട്ടു
ഡൽഹി ഹൈക്കോടതി ഈ വിഷയത്തിൽ ഒരു പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നുണ്ടെന്നും ഹരജിക്കാരനായ നരേന്ദ്ര മിശ്രക്ക് തന്റെ പരാതികളുമായി ഹൈകോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം.പാംചോളി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഹരജിക്കാരന് സ്വാതന്ത്ര്യം ഉണ്ടെന്നും ബെഞ്ച് പറഞ്ഞു.
വിമാന റദ്ദാക്കലുകളും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും പരിശോധിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് വാദം കേൾക്കലിൽ ഇൻഡിഗോക്ക് വേണ്ടി ഹാജറായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി സുപ്രീംകോടതിയെ അറിയിച്ചു. ഇവിടെ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും ഡൽഹി ഹൈകോടതിയുടെ മുമ്പാകെയാണ്. അവിടുത്തെ നടപടികളിൽ പങ്കെടുക്കാൻ ഹരജിക്കാരന് അനുവാദണ്ടെന്നും പറഞ്ഞു. തുടർന്ന്, ഹൈകോടതിയിൽ ഇടപെടാനും എല്ലാ തർക്കങ്ങളും ഉന്നയിക്കാനും അദ്ദേഹത്തെ അനുവദിക്കണമെന്ന് തങ്ങൾ ഡൽഹി ഹൈകോടതിയോട് അഭ്യർത്ഥിക്കുന്നുവെന്ന് പറഞ്ഞു.
ഡൽഹി ഹൈകോടതി ഡിസംബർ 10ന് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിശോധിക്കാൻ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിന് കേന്ദ്ര സർക്കാറിനെ ചോദ്യം ചെയ്തിരുന്നു. ലക്ഷക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുകയും മറ്റ് വിമാനക്കമ്പനികൾ ഉയർന്ന നിരക്കുകൾ ഈടാക്കുകയും ചെയ്യുന്ന സാഹചര്യം എന്തുകൊണ്ട് ഉണ്ടായെന്നും ചോദിച്ചു.സാഹചര്യം വഷളാക്കാൻ അനുവദിച്ചതിന്റെ കാരണം വിശദീകരിക്കാനും ഹൈകോടതി ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കാനും മറ്റ് വിമാനക്കമ്പനികൾ ഉയർന്ന നിരക്കുകൾ ഈടാക്കാനും വൻതോതിലുള്ള റദ്ദാക്കലുകൾ ബാധിച്ച യാത്രക്കാർക്ക് പിന്തുണയും റീഫണ്ടും നൽകാൻ സർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.