വനിതകളെ മുന്നിൽ ഇരുത്തിയുള്ള പിൻസീറ്റ് ഡ്രൈവിങ് ഇനി വേണ്ട; തദ്ദേശ സ്ഥാപനങ്ങളിലെ ‘പ്രോക്സി ഗവേണൻസിനെ’തിരെ വടിയെടുത്ത് മനുഷ്യാവകാശ കമീഷൻ

ന്യൂഡൽഹി: വനിതാ സംവരണമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ‘പ്രോക്സി ഗവേണൻസിനെ’തിരെ നടപടിയുമായി ദേശീയ മനുഷ്യാവകാശ കമീഷൻ. തെരഞ്ഞെടുക്കപ്പെട്ട വനിതാ സർപഞ്ചുമാരുടെ (പഞ്ചായത്ത് പ്രസിഡന്റുമാരുടെ) ഭർത്താക്കന്മാരും മറ്റ് പുരുഷ ബന്ധുക്കളും അധികാരം പ്രയോഗിക്കുന്ന ഭരണഘടനാ വിരുദ്ധമായ ‘പ്രോക്സി പ്രാതിനിധ്യം’ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷൻ കേന്ദ്രഭരണ പ്രദേശങ്ങൾക്കും 32 സംസ്ഥാനങ്ങൾക്കും സമൻസ് അയച്ചു.

വനിതാ പ്രതിനിധികളുടെ പുരുഷ ബന്ധുക്കളെ പ്രതിനിധികളായോ ലെയ്‌സൺ പേഴ്സൺമാരായോ നിയമിക്കുന്നത് നിരോധിക്കണമെന്ന് പഞ്ചായത്തീരാജ് മന്ത്രാലയത്തിനും വിവിധ നഗര തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പുകൾക്കും അയച്ച ഊന്നിപ്പറഞ്ഞു. നിലവിലുള്ള ‘പ്രോക്സി’ പ്രാതിനിധ്യ രീതി അത്തരം സംവരണത്തിന്റെ നിയമ നിർമാണ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്തുകയും ഭരണഘടനാപരമായ ഉത്തരവിനെ പരാജയപ്പെടുത്തുകയും ചെയ്യുന്നുവെന്നും കമീഷൻ ചൂണ്ടിക്കാട്ടി.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലും നഗര തദ്ദേശ സ്ഥാപനങ്ങളിലും സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന മണ്ഡലങ്ങളിൽ, ഭരണഘടനാപരമായ ഉത്തരവുകളുടെയും മനുഷ്യാവകാശങ്ങളുടെയും നിരന്തരമായ ലംഘനങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾ കമീഷൻ കത്തിൽ പരാമർശിച്ചു. ‘മുണ്ടോണ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ vs യൂണിയൻ ഓഫ് ഇന്ത്യ’എന്ന കേസിൽ സുപ്രീംകോടതിയുടെ നിർദേശങ്ങളെയും എടുത്തുദ്ധരിച്ചു. അതിൽ ‘സർപഞ്ച് പതി’ (ഭർതൃ ഭരണം) എന്ന നിയമവിരുദ്ധമായ ആചാരം വിലക്കുന്നു. 

പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലും, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെ പലപ്പോഴും നാമമാത്രമായോ പ്രതീകാത്മകമായോ തലവന്മാരായി ചുരുക്കുന്നുവെന്നും, യഥാർത്ഥ ഭരണപരവും തീരുമാനമെടുക്കൽ അധികാരങ്ങളും പ്രയോഗിക്കുന്നത് അവരുടെ പുരുഷ ബന്ധുക്കളാണെന്നും, അവർ ഔദ്യോഗിക അധികാരങ്ങൾ അനൗദ്യോഗികമായി പ്രയോഗിക്കുന്നുവെന്നുമുള്ള ആരോപണങ്ങൾ കമീഷൻ ചൂണ്ടിക്കാണിക്കുകയുണ്ടായി.

വനിതാ പ്രതിനിധികളുടെ ബന്ധുക്കളെ പാർലമെന്റ് അംഗങ്ങളും നിയമസഭാ അംഗങ്ങളും സ്വന്തം ‘ലെയ്‌സൺ പേഴ്സൺമാരായോ’ പ്രതിനിധികളായോ അനൗപചാരികമായി നിയമിക്കുന്നതിനെക്കുറിച്ചും കത്തിൽ ഉന്നയിച്ചു. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ അനാവശ്യമായ ഇടപെടലുകൾക്ക് കാരണമാവുന്നു.

ഈ ഭരണഘടനാ വിരുദ്ധമായ നടപടികൾ നിയന്ത്രിക്കുന്നതിന് അവശ്യ വ്യവസ്ഥകൾ ആവശ്യമാണെന്നും, അത്തരം വ്യവസ്ഥകൾ നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധകമാക്കുന്നത് വിപുലീകരിക്കണമെന്നും വനിതാ പ്രതിനിധികളുടെ പുരുഷ ബന്ധുക്കളെ ലെയ്‌സൺ പേഴ്സൺമാരായോ പ്രതിനിധികളായോ നിയമിക്കുന്നത് നിരോധിക്കണമെന്നും കത്തിൽ ഊന്നിപ്പറഞ്ഞു.

അത്തരം രീതികൾ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(3), 21 എന്നിവ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളായ സമത്വം, വിവേചനമില്ലായ്മ, അന്തസ്സിനും ജീവിക്കാനുമുള്ള അവകാശം എന്നിവയെ  ലംഘിക്കുന്നു. പഞ്ചായത്തിരാജ് സംവിധാനത്തിന്റെയും നഗര തദ്ദേശ സ്ഥാപനങ്ങളുടെയും ജനാധിപത്യപരമായ ഉത്തരവിലും ഭരണഘടനാപരമായ സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യുന്നുവെന്നും കത്തിൽ പറഞ്ഞു.

2025 സെപ്റ്റംബർ 9ന് പ്രിയങ്ക് കനൂങ്കോ അധ്യക്ഷനായ ദേശീയ മനുഷ്യാവകാശ കമീഷന്റെ ബെഞ്ച്, ജനങ്ങളുടെ മനുഷ്യാവകാശ സംരക്ഷണത്തിനും സ്ത്രീകളുടെ അന്തസ്സിനും അവരുടെ അവകാശത്തിനുമുള്ള വിഷയത്തിൽ 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 12 പ്രകാരം കേസ് എടുത്തിരുന്നു. തുടർന്ന് ഇത്തരം ‘പ്രോക്സി’ പ്രാതിനിധ്യ രീതിയെക്കുറിച്ച് പ്രതികരണം സമർപ്പിക്കാൻ നഗര-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും പഞ്ചായത്തീരാജ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നോട്ടീസ് അയക്കാൻ കമീഷൻ രജിസ്ട്രിയോട് നിർദേശിച്ചു. ആന്ധ്രാപ്രദേശ്, ബിഹാർ, ഒഡിഷ, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി തദ്ദേശ സ്ഥാപനങ്ങൾ അവരുടെ പ്രതികരണങ്ങൾ സമർച്ചു. ശേഷിക്കുന്ന 32 സംസ്ഥാനങ്ങളിൽനിന്നും/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ഒരു പ്രതികരണവും കമീഷന് ലഭിച്ചിരുന്നില്ല.

Tags:    
News Summary - National Human Rights Commission against 'proxy governance' in local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.