പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പത്തനംതിട്ട സി.പി.എമ്മിൽ പൊട്ടിത്തെറി. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ കാലുവാരിയെന്ന് മെഴുവേലി പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുൻ എം.എൽ.എ കെ.സി. രാജഗോപാൽ ആരോപിച്ചു. ചില കോൺഗ്രസുകാർ സഹായിച്ചത് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള സ്റ്റാലിൻമാർ സി.പി.എമ്മിൽ ഉണ്ടാകാൻ പാടില്ല. സ്റ്റാലിൻ പിടിപ്പുകെട്ടവനാണെന്നും തന്‍റെ ഷർട്ടിൽ പിടിച്ച് വി.എസ് ഗ്രൂപ്പിലൂടെയാണ് കയറി വന്നതെന്നും കെ.സി. രാജഗോപാൽ പൊട്ടിത്തെറിച്ചു. അധികാരത്തിൽ ഇരുന്നപ്പോൾ പത്രവും മാസികയും വായിക്കില്ല. അധികാരത്തിലിരുന്ന മല്ലപ്പള്ളി പഞ്ചായത്തിൽ ഒറ്റ സീറ്റ് പോലും സി.പി.എമ്മിന് കിട്ടിയില്ലെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി.
കെ.സി. രാജഗോപാലിന്‍റെ ആരോപണത്തിനുള്ള മറുപടി പാർട്ടിക്കുള്ളിൽ നൽകുമെന്ന് ഏരിയ സെക്രട്ടറി സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ഘടകത്തിൽ പറഞ്ഞ ശേഷമെ പുറത്തു പറയാൻ സാധിക്കൂവെന്നും സ്റ്റാലിൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ സി.പി.എമ്മിന്‍റെ പ്രധാന മുഖമായി എടുത്തുകാണിച്ച കെ.സി. രാജഗോപാൽ മെഴുവേലി പഞ്ചായത്ത് എട്ടാം വാർഡിൽ 28 വോട്ടിനാണ് ജയിച്ചു കയറിയത്. എന്നാൽ, പഞ്ചായത്ത് ഭരണം കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് പിടിച്ചതോടെ പ്രസിഡന്‍റാകേണ്ട രാജഗോപാൽ പ്രതിപക്ഷ അംഗം മാത്രമായി.
വാശിയേറിയ തെരഞ്ഞെടുപ്പിൽ കെ.സി. രാജഗോപാലിന് 324 വോട്ടും കോൺഗ്രസ് സ്ഥാനാർഥി രാധാചന്ദ്രൻ 296 വോട്ടും ബി.ജെ.പിയുടെ അനൂപ് (ശിവാനി) 37 വോട്ടും നേടി. 14 വാർഡുള്ള മെഴുവേലി പഞ്ചായത്തിൽ യു.ഡി.എഫ് 9 സീറ്റിൽ വിജയിച്ചു. എൽ.ഡി.എഫ് 5 സീറ്റിൽ ഒതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.